എ ടി എം തട്ടിപ്പ് കേസ് എന്‍ ഐ എ അന്വേഷിക്കും

Posted on: February 22, 2017 12:29 am | Last updated: February 22, 2017 at 12:29 am

ചെര്‍പ്പുളശ്ശേരി: നൂററി മുപ്പതിലധികം എ ടി എം കാര്‍ഡുകളും ബേങ്ക് അക്കൗണ്ടുകളുമായി ചെര്‍പ്പുളശ്ശേരി സ്വദേശി സുലൈമാന്‍ പിടിയിലായ സംഭവം കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ ഐക്ക് കൈമാറിയേക്കും. സംഭവത്തില്‍ തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കേസ് എന്‍ ഐ എ ഏറ്റെടുക്കുന്നത്.

ഓണ്‍ലൈന്‍ ലോട്ടറി സംബന്ധിച്ച വിവരങ്ങളടങ്ങിയ മൊബൈല്‍ സന്ദേശം വന്നതിന്റെ പ്രഭവകേന്ദ്രം പാക്കിസ്ഥാനാണെന്ന സുചനയെ തുടര്‍ന്നാണ് എന്‍ ഐ എ കേസ് ഏറ്റെടുക്കുന്നത്. മറ്റു പലരുടെയും പേര് സംഘടിപ്പിച്ച് ബേങ്ക് അക്കൗണ്ടിലേക്ക് ഏതെല്ലാം രാജ്യങ്ങളില്‍ നിന്ന് പണമെത്തിയെന്ന കാര്യവും അന്വേഷിച്ചേക്കും. ഇത്തരത്തില്‍ സംഘടിപ്പിച്ച അക്കൗണ്ടുകളില്‍ പണമെത്തണമെങ്കില്‍ ഈ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ പണം അയക്കുന്നയാള്‍ക്ക് കൈമാറേണ്ടതുണ്ട്. ആയതിനാല്‍ അക്കൗണ്ടുകളെടുത്ത പാലക്കാട് മലപ്പുറം, ജില്ലകളിലെ ബേങ്കുകളില്‍ അന്വേഷണം നടത്തേണ്ടതുമുണ്ട്. ബേങ്ക് അക്കൗണ്ട് ഉടമകളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനവും മുന്‍കാല പ്രവര്‍ത്തനവും പോലീസ് വിശദമായി അന്വേഷിക്കും.

ഇതിന്റെ ഭാഗമായി അക്കൗണ്ട് ഉടമകളായ മുഴുവന്‍ പേരെയും അടുത്ത ദിവസം തന്നെ പോലീസ് അന്വേഷണത്തിനായി വിളിപ്പിക്കുമെന്നറിയുന്നു.
ഹൈദരബാദ് പോലീസ് മാത്രമാണ് സുലൈമാനെതിരെ ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് എടുത്ത ബേങ്ക് അക്കൗണ്ടുകള്‍ കേരളത്തിലാണ്. അതിനാല്‍ കേരളപോലീസും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. ഏതെല്ലാം ബേങ്കുകളില്‍ നിന്നാണ്, ആരുടേയെല്ലാം പേരിലാണ് അക്കൗണ്ടുകള്‍ എന്ന കാര്യവും അന്വേഷണവിധേയമാകും.
ഒരു ദിവസം ആറ് ലക്ഷത്തോളം രൂപ പിന്‍വലിച്ച് പ്രത്യേക കേന്ദ്രങ്ങളില്‍ എത്തിക്കണമെങ്കില്‍ കൃത്യമായി അക്കൗണ്ടുകളില്‍ പണം വന്നിരിക്കണം. അക്കൗണ്ടുകള്‍ കൊടുത്ത മൊബൈല്‍ നമ്പറുകള്‍ സുലൈമാന്റേതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ക്ക് എത്ര മൊബൈല്‍ നമ്പറുകളുണ്ടെന്ന കാര്യവും അന്വേഷിക്കേണ്ടതുണ്ട്. വിവിധ എ ടി എം കാര്‍ഡുകള്‍ മുഖേന ശേഖരിക്കുന്ന പണം പെരിന്തല്‍മണ്ണ കേന്ദ്രമായണ് ഹവാലാ രീതിയില്‍ സ്വരൂപിക്കുന്നതെന്ന കാര്യവും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.