മോളിവുഡിലെ അധോലോക വാഴ്ചകള്‍

സിനിമാബന്ധങ്ങള്‍ ഉപയോഗിച്ച് പ്രമുഖ മോഡല്‍ നടത്തിയ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെയും ഈ റാക്കറ്റില്‍ കുടുങ്ങിയ പെണ്‍കുട്ടികളുടെയും വിവരങ്ങള്‍ പുറത്തുവന്നിട്ടും ഇവിടെ വല്ലതും സംഭവിച്ചോ? സൂപ്പര്‍ മെഗാതാരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകളില്‍ വരെ ക്വട്ടേഷന്‍സംഘങ്ങള്‍ കയറിപ്പറ്റുകയും കാര്യക്കാരായി മാറുകയും ചെയ്യുന്നു. എതിര്‍ക്കുന്നവരെ ഒതുക്കാനും തങ്ങളെക്കാള്‍ വളരുന്നുവെന്ന് തോന്നുന്ന താരങ്ങളെ കൂവിതോല്‍പ്പിക്കാനും സൂപ്പര്‍ താരങ്ങള്‍ ഫാന്‍സ് വേഷമിട്ട ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിക്കുന്നുണ്ടെന്നത് രഹസ്യമല്ല. സിനിമാരംഗത്തെ സ്വാധീനമുപയോഗിച്ച് ചില പ്രമുഖ നടന്‍മാര്‍ നടത്തുന്ന വ്യവസായ സംരംഭകരുടെ സംരക്ഷണത്തിനായി ഗുണ്ടാസംഘങ്ങളെ പണം നല്‍കി തീറ്റിപ്പോറ്റുന്നുമുണ്ട്. നടന്‍മാരുടെയും നടിമാരുടെയും വിശ്വസ്തരായ കാര്യസ്ഥന്‍മാരുടെയോ ഡ്രൈവര്‍മാരുടെയോ ബിസിനസ് നോക്കി നടത്തിപ്പുകാരുടെയോ റോളുകളിലായിരിക്കും പ്രത്യക്ഷത്തില്‍ ഇവരെല്ലാം അവതരിപ്പിക്കപ്പെടുക.
Posted on: February 22, 2017 6:16 am | Last updated: February 22, 2017 at 12:23 am

സിനിമാ താരവും എം എല്‍ എയുമായ കെ ബി ഗണേഷ്‌കുമാര്‍ മലയാള സിനിമയെ സംബന്ധിച്ച് ഇപ്പോള്‍ പ്രസക്തമായ ഒരു സത്യം തുറന്നുപറഞ്ഞിരിക്കുകയാണ്. മലയാള സിനിമയെ നിയന്ത്രിക്കുന്നത് അധോലോകമാണെന്നാണ് പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തെ മുന്‍നിര്‍ത്തി അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്. ഗണേഷ്‌കുമാര്‍ പറയാതെ തന്നെ യാഥാര്‍ഥ്യം പൊതുസമൂഹത്തിന് ബോധ്യപ്പെടുന്ന സംഭവവികാസങ്ങള്‍ അരങ്ങേറാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. മലയാളത്തില്‍ മാത്രമല്ല, ഉത്തരേന്ത്യന്‍ ഭാഷാചിത്രങ്ങളിലൂടെയും അറിയപ്പെടുന്ന നടിയെ കൊച്ചിയില്‍ ഷൂട്ടിംഗ് കഴിഞ്ഞുള്ള മടക്കയാത്രക്കിടെ ക്വട്ടേഷന്‍സംഘങ്ങള്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാന്‍ ധൈര്യപ്പെടുന്ന വിധത്തില്‍ മലയാള സിനിമയെ അധോലോകം വിഴുങ്ങിക്കഴിഞ്ഞുവെന്ന യാഥാര്‍ഥ്യത്തിനുമുന്നില്‍ പകച്ചുനില്‍ക്കാന്‍ മാത്രമേ മലയാളികള്‍ക്കാകുന്നുള്ളൂ.
ഒരു നടിയെ ഈ രീതിയില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവം കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഗുണ്ടാസംഘങ്ങളാകട്ടെ മലയാളത്തിലെ ചില പ്രമുഖ നടന്‍മാര്‍ക്കും നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കുമൊക്കെ വേണ്ടപ്പെട്ടവരാണെന്ന യാഥാര്‍ഥ്യം കൂടി കൂട്ടിവായിക്കുമ്പോള്‍ സിനിമാ മേഖലയില്‍ അധോലാകം ആഴ്ത്തിയിരിക്കുന്ന വേരുകള്‍ എത്ര ആഴത്തിലാണുളളതെന്ന് ബോധ്യപ്പെടുന്നുണ്ട്. കേരളത്തിലെ പ്രധാന അധോലോക കേന്ദ്രങ്ങളായി അറിയപ്പെടുന്നത് കാസര്‍കോടും കൊച്ചിയുമാണ്. സിനിമാ രംഗത്ത് ഇവിടങ്ങളിലെ അധോലോക ക്വട്ടേഷന്‍സംഘങ്ങള്‍ക്കുള്ള സ്ഥാനം നമ്മുടെയെല്ലാം ഊഹങ്ങള്‍ക്കും അപ്പുറത്താണ്.

വര്‍ഷങ്ങള്‍ക്കു മുമ്പ് ശബരിമല തന്ത്രിയെ കൊച്ചിയിലെ ഫല്‍റ്റിലേക്ക് കൊണ്ടുപോയി സ്ത്രീക്കൊപ്പം നഗ്‌നനാക്കി നിര്‍ത്തുകയും ഫോട്ടോയെടുത്ത് ബല്‍ക്ക് മെയിലിലൂടെ പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പിടിയിലായവരില്‍ ചില സിനിമാ പ്രവര്‍ത്തകരുമുണ്ടായിരുന്നു. കേരളത്തില്‍ പെണ്‍വാണിഭം, കള്ളനോട്ട് കടത്ത്, മണല്‍ക്കടത്ത്, ക്വട്ടേഷന്‍ ആക്രമണങ്ങള്‍ തുടങ്ങിയ അധോലോക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എത്രയോ സിനിമക്കാരുടെ പേരുകളാണ് ഉയര്‍ന്നുകേട്ടിട്ടുള്ളത്. പെണ്‍വാണിഭക്കേസുകളില്‍ പ്രതിയായ നടന്‍മാര്‍ പോലും മലയാള സിനിമയില്‍ നിന്നുണ്ടായിട്ടുണ്ട്. സിനിമയിലും രാഷ്ട്രീയത്തിലുമൊക്കെയുള്ള സ്വാധീനങ്ങള്‍ ഉപയോഗിച്ചും പണം വാരിയെറിഞ്ഞും ഈ നടന്‍മാര്‍ കേസില്‍ നിന്നും പിന്നീട് തലയൂരുന്ന കാഴ്ചക്കാണ് നമ്മള്‍ സാക്ഷ്യം വഹിച്ചത്.

നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്തിയ ‘അമ്മ’യില്‍ അംഗങ്ങളായ താരങ്ങള്‍ പീഡനക്കേസുകളില്‍ ആരോപണവിധേയരായ നടന്‍മാരെ ആദരിക്കുന്നതില്‍ മല്‍സരിച്ചിരുന്നുവെന്ന വിരോധാഭാസത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ല. അഞ്ചു വര്‍ഷം മുമ്പ് കേരളത്തില്‍ വെച്ചുതന്നെ മറ്റൊരു നടിയെയും ഇപ്പോഴത്തെ കേസിലെ പ്രതിയുടെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായുള്ള സത്യവും പുറത്തുവന്നിരിക്കുന്നു. ആ സംഭവത്തില്‍ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണമോ നടപടിയോ ഉണ്ടായില്ല. ഒരുവര്‍ഷം മുമ്പാണ് മയക്കുമരുന്നുമായി ഒരു ന്യൂജെനറേഷന്‍ നടനെ പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ മയക്കുമരുന്ന് റാക്കറ്റിലെ പ്രധാനകണ്ണിയാണ് ഈ നടനെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. എന്നാല്‍ ഈ നടനെ രക്ഷപ്പെടുത്താന്‍ രംഗത്തുവന്നത് സിനിമാ രംഗത്തെ പ്രമുഖരാണ്. സിനിമാബന്ധങ്ങള്‍ ഉപയോഗിച്ച് ഒരു പ്രമുഖ മോഡലായ യുവതി നടത്തിയ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെയും ഈ റാക്കറ്റില്‍ കുടുങ്ങിയ പെണ്‍കുട്ടികളെക്കുറിച്ചുമുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടും ഇവിടെ വല്ലതും സംഭവിച്ചോ? ഈ കേസില്‍ ജയിലിലായിരുന്ന യുവതിയും ഭര്‍ത്താവും ജാമ്യത്തിലിറങ്ങിയ ശേഷം സോഷ്യല്‍ മീഡിയകളില്‍ സജീവമാകുകയും നഷ്ടമായ ബന്ധങ്ങളൊക്കെയും വിളക്കിചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. തട്ടിപ്പുകളുടെയും ചതികളുടെയും വഞ്ചനകളുടെയും ചീഞ്ഞുനാറുന്ന മാലിന്യ കേന്ദ്രമായി മലയാള സിനിമ മാറിയിരിക്കുകയാണ്. സിനിമാരംഗത്ത് തങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനു വേണ്ടി പല പ്രമുഖ താരങ്ങളും ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്തുന്നുണ്ട്. സൂപ്പര്‍ മെഗാതാരങ്ങളുടെയൊക്കെ ഫാന്‍സ് അസോസിയേഷനുകളില്‍ വരെ ക്വട്ടേഷന്‍സംഘങ്ങള്‍ കയറിപ്പറ്റുകയും കാര്യക്കാരായി മാറുകയും ചെയ്യുന്നു. എതിര്‍ക്കുന്നവരെ ഒതുക്കാനും തങ്ങളെക്കാള്‍ വളരുന്നുവെന്ന് തോന്നുന്ന താരങ്ങളെ കൂവിതോല്‍പ്പിക്കാനും സൂപ്പര്‍ താരങ്ങള്‍ ഫാന്‍സ് വേഷമിട്ട ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിക്കുന്നുണ്ടെന്നത് രഹസ്യമായ കാര്യങ്ങളല്ല. സിനിമാരംഗത്തെ സ്വാധീനമുപയോഗിച്ച് ചില പ്രമുഖ നടന്‍മാര്‍ നടത്തുന്ന വ്യവസായ സംരംഭകരുടെ സംരക്ഷണത്തിനായി ഗുണ്ടാസംഘങ്ങളെ പണം നല്‍കി തീറ്റിപ്പോറ്റുന്നുണ്ട്. നടന്‍മാരുടെയും നടിമാരുടെയും വിശ്വസ്തരായ കാര്യസ്ഥന്‍മാരുടെയോ ഡ്രൈവര്‍മാരുടെയോ ബിസിനസ് നോക്കി നടത്തിപ്പുകാരുടെയോ റോളുകളിലായിരിക്കും പ്രത്യക്ഷത്തില്‍ ഇവരെല്ലാം അവതരിപ്പിക്കപ്പെടുക. സമീപകാലത്തായി പുറത്തിറങ്ങിയ പല ന്യൂെജനറേഷന്‍ സിനിമകളും പരിശോധിച്ചാല്‍ ബോധ്യപ്പെടുന്ന ഒരു കാര്യമുണ്ട്. സ്ത്രീ നഗ്നതയുടെയും അശ്ലീലപ്രയോഗങ്ങളുടെയും ഉപയോഗം ഇത്തരം സിനിമകളില്‍ സ്ഥാനത്തും അസ്ഥാനത്തും ഉളളതായി കാണാം.
ക്വട്ടേഷന്‍ ഇടപാടുകളെയും കഞ്ചാവ് മയക്കുമരുന്ന് വിപണനത്തെയും മഹത്വവല്‍കരിക്കുന്നതും ഇത്തരം തിന്‍മകളുടെ പ്രതീകങ്ങളെ വീരപുരുഷന്‍മാരായി വാഴിക്കുകയും ചെയ്യുന്ന നിരവധി സിനിമകളാണ് മലയാളത്തില്‍ ഇറങ്ങിയത്. സ്ത്രീ വെറും ഉപഭോഗവസ്തു മാത്രമാണെന്നും അവള്‍ ബഹുമാനിക്കപ്പെടേണ്ടവളല്ലെന്നുമുള്ള സന്ദേശം നല്‍കുന്ന ധാരാളം സിനിമകള്‍. സ്ത്രീ കഥാപാത്രങ്ങളെക്കൊണ്ടു പോലും അസഭ്യം പറയിക്കുന്ന അശ്ലീല തിരക്കഥകളുടെ ബലത്തിലാണ് ഇങ്ങനെയുള്ള സിനിമകളൊക്കെയും വിജയിച്ചത്. നടിമാരെ മാന്യമല്ലാത്ത വേഷം ധരിപ്പിച്ച് സിനിമകളില്‍ അഭിനയിപ്പിക്കുക വഴി കോടികള്‍ കൊയ്യുന്ന സിനിമാ വ്യവസായം അറിഞ്ഞോ അറിയാതെയോ സ്ത്രീകള്‍ ലൈംഗിക പീഡനത്തിനിരകളാക്കപ്പെടുന്നതിനുള്ള അനുകൂല പരിസരം ഒരുക്കിക്കൊടുക്കുന്നുണ്ട്. പല നടന്‍മാരുടെയും നടിമാരുടെയും കുത്തഴിഞ്ഞ ജീവിതരീതികളെക്കുറിച്ച് അന്വേഷിച്ചാല്‍ എത്തിപ്പെടുക അധോലോക പിമ്പുകളിലേക്ക് തന്നെയായിരിക്കും.

പെണ്ണും മദ്യവും മയക്കുമരുന്നും വിറ്റഴിച്ച് മലയാള സിനിമയില്‍ സമാന്തരമായ ലോകം കെട്ടിപ്പടുത്ത മാഫിയകളുടെ ഊണും ഉറക്കവുമെല്ലാം മാന്യത നടിക്കുന്ന നടന്റെയും നടിയുടെയും അടുക്കളപ്പുറത്തായിരിക്കും.
മലയാള സിനിമയില്‍ മാത്രമല്ല, സീരിയല്‍ രംഗത്തും മാഫിയകള്‍ പിടിമുറുക്കിയിരിക്കുകയാണ്. പെണ്‍വാണിഭ കേസുകളില്‍ സീരിയല്‍ നടിമാര്‍ അകപ്പെടുന്ന വാര്‍ത്തകള്‍ക്ക് പുതുമ നഷ്ടമായിരിക്കുന്നു. പെണ്‍വാണിഭ കേന്ദ്രങ്ങളിലേക്ക് പെണ്‍കുട്ടികളെ എത്തിക്കുന്ന ഇടനിലക്കാരില്‍ വലിയൊരു ശതമാനവും സീരിയല്‍ നടിമാരാണ്. കൊച്ചിയിലെ അധോലോക സംഘങ്ങള്‍ നിയന്ത്രിക്കുന്നിടത്തേക്ക് മലയാള സിനിമ തരംതാഴുമ്പോള്‍ ഈ മേഖല വലിയ സാമൂഹിക വിപത്തായി മാറുകയാണ്. ബോളിവുഡ് സിനിമയും മുംബൈ അധോലോകവും തമ്മിലുള്ള അവിശുദ്ധ ബന്ധം ഇന്നും മറയില്ലാതെ തുടരുന്നുണ്ട്. മുംബൈ അധോലോക രാജാക്കന്‍മാരായ ദാവൂദ് ഇബ്‌റാഹീമുമായും ഛോട്ടാ രാജനുമായും ഛോട്ടാഷക്കീലുമായും ബന്ധമുള്ളവരാണ് ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ പലരും. അധോലോക ബന്ധമാണ് ബോളിവുഡിലെ പ്രശസ്ത നടന്‍ സജ്ഞയ് ദത്ത് മുംബൈ സ്‌ഫോടനക്കേസില്‍ പോലും പ്രതിയാകാനുള്ള സാഹചര്യമുണ്ടാക്കിയത്.

നടിമാരെ ഉപയോഗിച്ചുള്ള നിയമപരമായ പെണ്‍വാണിഭ കേന്ദ്രമായി ബോളിവുഡ് മാറിക്കഴിഞ്ഞു. ഭരണാധികാരികളെയും പോലീസ് ഉദ്യോഗസ്ഥരെയും ഉള്ളംകൈയിലിട്ട് അമ്മാനമാടാന്‍ കെല്‍പ്പുള്ളവരാണ് മുംബൈ അധോലോകം. അതിന് സമാനമായ സാഹചര്യമാണ് കൊച്ചി അധോലോകത്തിന്റെ ഇടപെടലിലൂടെ മലയാളസിനിമയിലും ഉണ്ടാകാന്‍ പോകുന്നത്. യുവനടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയായ പള്‍സ് സുനിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് ഒരുപോലീസ് ഓഫീസറാണെന്നറിയുമ്പോള്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പിറകില്‍ സിനിമാ രംഗത്തെ വന്‍ തോക്കുകളുണ്ടെന്ന് വ്യക്തമാണ്. ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ നടപടിയെടുത്തതു കൊണ്ട് മാത്രം കേരളത്തിന്റെ ക്രമസമാധാനം സംരക്ഷിക്കാനാകില്ല. ഗുണ്ടകളെ തീറ്റിപ്പോറ്റുന്ന സിനിമാ രംഗത്തെയും രാഷ്ട്രീയ രംഗത്തെയും മറ്റു മേഖലകളിലെയും വമ്പന്‍മാരെ പിടികൂടാനും കര്‍ശന നടപടി സ്വീകരിക്കാനും ഇവിടുത്തെ നിയമ സംവിധാനങ്ങള്‍ക്ക് സാധിക്കണം.