Connect with us

Gulf

നിസ്‌കാരപ്പുണ്യത്തിലേക്ക് മുസ്വല്ല വിരിച്ച് റാഫ്‌

Published

|

Last Updated

ദോഹ: നിസ്‌കാരത്തിന് പ്രത്യേകം സൗകര്യമില്ലാത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്വല്ല വിരിച്ച് ശൈഖ് താനി ബിന്‍ അബ്ദുല്ല ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമനിറ്റേറിയന്‍ സര്‍വീസസ് (റാഫ്). കുടുംബത്തോടും കുട്ടികളോടൊമൊപ്പം സമയം ചെലവഴിക്കുന്നതിനിടെ നിസ്‌കാരവും ജമാഅത്തും നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് റാഫിന്റെ സംരംഭം. വിവിധ ഭാഗങ്ങളിലായി 25 മുതല്‍ 30 വരെ പേര്‍ക്ക് ഒരുമിച്ച് നിസ്‌കാരം നിര്‍വഹിക്കാന്‍ സാധിക്കുന്ന തരത്തില്‍ പത്ത് സ്ഥലത്താണ് റാഫ് കാര്‍പറ്റ് വിരിച്ചത്.

പ്രത്യേക ഇരുമ്പു പെട്ടിയിലുള്ള കാര്‍പറ്റ് ആവശ്യമുള്ളപ്പോള്‍ സുഗമമായി വലിച്ചെടുക്കുകയും ഉപയോഗം കഴിഞ്ഞാല്‍ തിരിച്ചുവെക്കുകയും ചെയ്യാം. കാര്‍പറ്റില്‍ ഇമാമിന് പ്രത്യേകം സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്. ഖിബ്‌ലയുടെ ദിശയിലാണ് ഇമാമിന്റെ സ്ഥാനമുള്ളത്. ദോഹ കോര്‍ണിഷ്, മറ്റ് ചില പൊതു പാര്‍ക്കുകള്‍ തുടങ്ങിയയിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ കാര്‍പറ്റ് വിരിച്ചത്. സൗകര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനും കാര്‍പറ്റുകള്‍ സമയബന്ധിതമായി മാറ്റാനും റാഫില ന്യൂ ലൈഫ് സെന്റര്‍ സൂപ്പര്‍വൈസര്‍മാരുണ്ട്. പാര്‍ക്കുകള്‍, പിക്‌നിക് കേന്ദ്രങ്ങള്‍, ക്യാംപുകള്‍ തുടങ്ങിയയിടങ്ങളിലാണ് കാര്‍പറ്റുകള്‍ വിരിച്ച്. സമയത്ത് കൂട്ടമായി നിസ്‌കാരം നിര്‍വഹിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതും താത്പര്യമുണ്ടാകുന്നതുമാണ് പദ്ധതി.

സോഷ്യല്‍ മീഡിയയിലടക്കം ജനങ്ങള്‍ ഈ സേവനത്തെ വിലമതിക്കുന്നതായാണ് കാണുന്നത്. കോര്‍ണിഷിന് സമീപം മസ്ജിദില്‍ പോകുന്നത് ശ്രമകരമാണെന്നും പുതിയ പദ്ധതി ഏറെ പ്രസക്തവും ഉപകാരപ്രദവുമാണെന്നും ഉപയോക്താക്കള്‍ പറയുന്നു. ശുചിത്വം പോലുള്ള വിഷയങ്ങളെ ഭയക്കാതെ നിസ്‌കാരത്തില്‍ ആര്‍ക്കും പങ്കുകൊള്ളാം.
നിസ്‌കാരത്തിന് കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തി നേരത്തെയും റാഫിന്റെ ന്യൂ ലൈഫ് സെന്റര്‍ രംഗത്ത് വന്നിരുന്നു. നിസ്‌കാര സമയം അറിയിക്കാന്‍ മൈക്രോഫോണും നൂറ് പേര്‍ക്ക് നിസ്‌കാരം നിര്‍വഹിക്കാന്‍ കാര്‍പറ്റുമായുള്ള മൊബൈല്‍ സൗകര്യമാണ് അന്ന് ഒരുക്കിയിരുന്നത്. ദോഹയിലുടനീളവും സീലൈന്‍ ബീച്ചുകള്‍, പിക്‌നിക് കേന്ദ്രങ്ങള്‍, കോര്‍ണിഷ്, അസ്പയര്‍ പാര്‍ക്ക് തുടങ്ങിയയിടങ്ങളിലും മൊബൈല്‍ സേവനം ലഭ്യമാണ്.

 

Latest