ആവശ്യക്കാര്‍ കുറഞ്ഞു; ദോഹയില്‍ താമസ കെട്ടിട വിപണിയില്‍ താരങ്ങള്‍ ഉപഭോക്താക്കള്‍

Posted on: February 21, 2017 9:55 pm | Last updated: February 21, 2017 at 10:09 pm

ദോഹ: രാജ്യത്ത് പാര്‍പ്പിട കെട്ടിടങ്ങളുടെ വാടക കുറഞ്ഞത് താമസക്കാര്‍ക്ക് വലിയ ആശ്വാസമാകുന്നു. രാജ്യത്തെ പല പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനികളും വാടകയില്‍ 15 മുതല്‍ 20 ശതമാനത്തിന്റെ വരെ കുറവു വരുത്തിയിട്ടുണ്ട്. ആവശ്യകത കുറയുകയും ലഭ്യത വര്‍ധിക്കുകയും ചെയ്തതോടെ തങ്ങളുടെ ബജറ്റിന് അനുസൃതമായ ഗാര്‍ഹിക കെട്ടിടങ്ങള്‍ തിരഞ്ഞെടുക്കാന്‍ താമസക്കാര്‍ക്ക് കഴിയുന്നുണ്ട്. നേരത്തെ ഉടമകള്‍ ആവശ്യപ്പെടുന്ന തുക വാടക നല്‍കേണ്ട സാഹചര്യമായിരുന്നെങ്കില്‍ ഇപ്പോഴത് മാറിയിട്ടുണ്ട്. കുറഞ്ഞ ഇടത്തരം വരുമാനക്കാര്‍ക്കുള്‍പ്പടെ ഗാര്‍ഹിക കെട്ടിടങ്ങളുടെ വാടക കുറഞ്ഞത് പ്രയോജനകരമാകുന്നുണ്ടെന്ന് ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്യുന്നു.

വിപണിയില്‍ ആവശ്യകതയുണ്ടെങ്കിലും പ്രവാസികള്‍ താരതമ്യേന താങ്ങാവുന്ന നിരക്കിലുള്ള യൂനിറ്റുകളാണ് തേടുന്നത്. രാജ്യത്തെ താമസക്കാര്‍ക്ക് തങ്ങളുടെ സാമ്പത്തിക ശേഷിക്കനുസരിച്ച് ഇപ്പോള്‍ അനുയോജ്യമായ താമസകേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. സമീപഭാവിയില്‍തന്നെ വാടകയില്‍ 30 ശതമാനത്തിന്റെ വരെ കുറവുണ്ടായേക്കാം. വാടകയിലെ ഈ കുറവ് തങ്ങളുടെ ബജറ്റിനനുസൃതമായൊരു താമസകേന്ദ്രം തിരഞ്ഞെടുക്കാന്‍ ഇടത്തരക്കാരെ ഉള്‍പ്പടെ പ്രാപ്തരാക്കുന്നു. സ്ഥലത്തിന്റെയും കെട്ടിടത്തിന്റെ സാഹചര്യങ്ങളും അനുസരിച്ച് വാടകയില്‍ വ്യത്യാസങ്ങളുണ്ടാകാം.
ഈ വര്‍ഷം ആദ്യം മുതല്‍ വാടകയില്‍ കുറവു വരുത്തിയതായി പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഗള്‍ഫ് കൊമേഴ്‌സ്യല്‍ ഇന്റഗ്രേഷന്‍ മാനേജര്‍ മുഹമ്മദ് സോഫിയാന്‍ ചൂണ്ടിക്കാട്ടി. ഒരു യൂനിറ്റിന്റെ വാടകയില്‍ പ്രതിമാസം 500 മുതല്‍ 1000 റിയാലിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പോര്‍ട്ടോ അറേബ്യയില്‍ ഒരു ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന് 12,000 റിയാലായിരുന്നെങ്കില്‍ ഇപ്പോഴത് 9,000 റിയാലായി കുറഞ്ഞിട്ടുണ്ട്.

വാടക കുറച്ചതിനു പുറമെ മറ്റു ഓഫറുകളും വാടകക്കാര്‍ക്ക് നല്‍കുന്നുണ്ട്. ഒരു മാസത്തെ സൗജന്യതാമസം, ജിം, സ്വിമ്മിംഗ് പൂള്‍ സൗകര്യം എന്നിവ ലഭ്യമാക്കുന്നുണ്ടെന്ന് റിയല്‍ എസ്റ്റേറ്റ് കമ്പനി പ്രതിനിധി ചൂണ്ടിക്കാട്ടി. ചില പാര്‍പ്പിട യൂനിറ്റുകളുടെ വാടകയില്‍ 4000 റിയാലിന്റെ വരെ കുറവുണ്ടായിട്ടുണ്ടെന്ന് മജസ്റ്റിക് റിയല്‍ എസ്റ്റേറ്റ് സെയ്ല്‍സ് മാനേജര്‍ മുഹമ്മദ് പറഞ്ഞു. ഇസ്ദാന്‍ ഗ്രൂപ്പും താമസക്കാര്‍ക്ക് പ്രത്യേക ഓഫറുകള്‍ നല്‍കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വമ്പന്‍ വിവിധോദ്ദേശ്യ റിയല്‍ എസ്‌റ്റേറ്റ് പദ്ധതികള്‍ നടപ്പാക്കുന്ന കമ്പനിയാണ് ഇസ്ദാന്‍ ഹോള്‍ഡിംഗ് ഗ്രൂപ്പിന്റെ കീഴിലുള്ള ഇസ്ദാന്‍ റിയല്‍ എസ്റ്റേറ്റ്. ദോഹയിലെ പ്രധാന കേന്ദ്രങ്ങളിലും ദോഹക്ക് പുറത്ത് വക്‌റ, വുഖൈര്‍ എന്നിവിടങ്ങളിലുമായി 20,000 പാര്‍പ്പിട യൂനിറ്റുകള്‍ ഇസ്ദാന്റെ കീഴിലുണ്ട്.

ഇസ്ദാന്‍ വില്ലേജില്‍ വാടകക്കുറവ് നല്‍കുന്നുണ്ടെന്ന് വുഖൈര്‍ ഇസ്ദാന്‍ വില്ലേജിലെ താമസക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഒരു ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന് 4650 റിയാലായിരുന്നത് ഇപ്പോള്‍ 3848 റിയാലിന് നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു ബെഡ്‌റൂമുകളുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ വാടക 5030 റിയാലില്‍നിന്നും 4782 റിയാലായി കുറഞ്ഞിട്ടുണ്ട്. അല്‍ ഇമാദി റിയല്‍എസ്റ്റേറ്റ് കമ്പനിയും വാടകയില്‍ കുറവ് വരുത്തിയിട്ടുണ്ട്.
ഈ വര്‍ഷം ആദ്യംമുതല്‍ വാടകയില്‍ കുറവ് വരുത്തിയിട്ടുണ്ട്. ദോഹ, മുന്‍തസ, നജ്മ എന്നിവിടങ്ങളിലെ ഒന്ന്, രണ്ട് ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് യഥാക്രമം 5000, 7000 റിയാലാണ് വാടക. ഓള്‍ഡ് എയര്‍പോര്‍ട്ട് ഏരിയയില്‍ നാല് ബെഡ്‌റൂം വില്ലക്ക് നേരത്തെ 16000 റിയാലായിരുന്നത് 13000 റിയാലായും മുന്‍തസയില്‍ മൂന്ന് ബെഡ്‌റൂം വില്ലക്ക് നേരത്തെ 15000 റിയാലായിരുന്നത് 13,000 റിയാലായും കുറഞ്ഞു. ഈ വില്ലകളും അപ്പാര്‍ട്ട്‌മെന്റുകളും പൂര്‍ണമായും ഫര്‍ണിഷ് ചെയ്തവയാണ്
അല്‍ സഖര്‍ റിയല്‍ എസ്റ്റേറ്റ് കമ്പനി ഉള്‍പ്പടെ പ്രമുഖ സ്ഥാപനങ്ങളും ഗാര്‍ഹിക കെട്ടിടങ്ങളുടെ വാടകയില്‍ കുറവു വരുത്തിയിട്ടുണ്ടെന്നും ദി പെനിന്‍സുല റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. അല്‍ വുഖൈറില്‍ രണ്ട് ബഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന് 5030 റിയാലും ഒരു ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന് 4000 റിയാലും സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റിന് 2100 റിയാലുമാണ് വാടക.സ്വിമ്മിംഗ് പൂള്‍, ജിം ഉള്‍പ്പടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വൈദ്യുതിക്കും വെള്ളത്തിനും അധിക തുക ഈടാക്കുന്നില്ലെന്നും സഖര്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയിലെ പ്രതിനിധി വിശദീകരിച്ചു.