യുഎഇയിലെ കാലാവസ്ഥാ മാറ്റം; രോഗങ്ങള്‍ പിടിമുറുക്കുന്നു

Posted on: February 21, 2017 8:59 pm | Last updated: February 21, 2017 at 8:45 pm

ഷാര്‍ജ: കാലാവസ്ഥാ മാറ്റം രോഗങ്ങള്‍ക്കിടയാക്കുന്നു. പനി, ചുമ, തുമ്മല്‍, ചൊറിച്ചില്‍, വയറിളക്കം തുടങ്ങിയവയാണ് പ്രധാന രോഗങ്ങള്‍. കുരുന്നുകളെയാണ് രോഗം എളുപ്പം പിടികൂടുന്നത്. രോഗം പിടിപെട്ട് ചികിത്സാ കേന്ദ്രങ്ങളിലെത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. വിട്ടുമാറാത്ത പനി രോഗികളെ ഏറെ വിഷമിപ്പിക്കുന്നു. ചികിത്സയെ തുടര്‍ന്ന് ഭേദമായാല്‍ വീണ്ടും ബാധിക്കുന്നു എന്നതിനാല്‍ നിരന്തര ചികിത്സ തേടേണ്ടിവരുന്നു. കുട്ടികള്‍ക്കാണ് ഈ അവസ്ഥ അധികവും. രോഗം കുട്ടികളുടെ പഠനത്തേയും ബാധിക്കുന്നുണ്ട്. അടുത്തിടെയായി വിദ്യാലയങ്ങളില്‍ കുട്ടികളുടെ ഹാജര്‍നില കുറഞ്ഞിട്ടുണ്ട്. നഴ്‌സറി തൊട്ട് കെ ജി വരെയുള്ള ക്ലാസുകളില്‍ കുഞ്ഞുങ്ങളുടെ രോഗം ജോലിക്കാരായ രക്ഷിതാക്കളെയും ഏറെ വിഷമിപ്പിക്കുന്നു. കൃത്യമായി ജോലിക്കു പോകാന്‍ സാധിക്കാത്തതാണ് പ്രയാസപ്പെടുത്തുന്നത്. അതേസമയം ചകിത്സാ കേന്ദ്രങ്ങളില്‍ ഇത് കൊയ്ത്തുകാലമാണ്. ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടിയതാണ് കാരണം.
കഴിഞ്ഞ ഒരു മാസത്തിനിടെയാണ് കാലാവസ്ഥയില്‍ മാറ്റമുണ്ടായത്. കാറ്റും മഴയും ചൂടും തണുപ്പും ഒന്നിച്ചാണനുഭവപ്പെടുന്നത്. ചില ദിവസങ്ങളില്‍ മഞ്ഞും അനുഭവപ്പെടുന്നു. എല്ലാറ്റിനേയും പ്രതിരോധിക്കാനുള്ള ശാരീരിക ശേഷി കുറയുമ്പോഴാണ് രോഗത്തിന് കീഴ്‌പെടുന്നത്. എന്നാല്‍ യഥാവിധി ചികിത്സ തേടാത്തത് രോഗം മൂര്‍ച്ഛിക്കാനിടയാക്കുന്നു.

രോഗത്തെ നിസാരമായി കാണുന്നതും പണം ചെലവാക്കാനുള്ള വൈമുഖ്യവും പ്രശ്‌നങ്ങള്‍ക്കിടയാക്കുകയാണ്. ജോലിത്തിരക്ക് കാരണം ചികിത്സ തേടാന്‍ തയ്യാറാകാത്തവരുമുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ക്ക് രോഗം മൂര്‍ച്ഛിക്കുമ്പോള്‍ ദിവസങ്ങളോളം അവധിയെടുക്കേണ്ട സാഹചര്യമുണ്ടാകുന്നു. അതിനാല്‍ രോഗലക്ഷണം പ്രകടമാകുമ്പോള്‍ തന്നെ ചികിത്സ തേടേണ്ടത് അത്യന്താപേക്ഷിതമാണ്. ഫാര്‍മസികളില്‍നിന്ന് പനിക്കും മറ്റുമുള്ള ഗുളികകള്‍ വാങ്ങിക്കഴിച്ച് ശമനം തേടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കും. കഴിഞ്ഞ ഏതാനും ദിവസമായി മഴയും പൊടിക്കാറ്റും ചൂടും തണുപ്പും ഒന്നിച്ചനുഭവപ്പെടുന്ന പ്രത്യേക കാലാവസ്ഥയാണ് മിക്കയിടങ്ങളിലും. മഴ ശമിച്ചപ്പോള്‍ ശൈത്യം കനത്തു. ഒപ്പം ചൂടുമുണ്ട്.