വിജയ് മല്യയെ ഇന്ത്യക്ക് വിട്ട് കിട്ടുന്നതിന് നിയമപരമായ സഹായം നല്‍കുമെന്ന് ബ്രിട്ടന്‍

Posted on: February 21, 2017 8:14 pm | Last updated: February 22, 2017 at 10:42 am

ന്യൂഡല്‍ഹി: വിജയ് മല്യയെ ഇന്ത്യക്ക് വിട്ട് കിട്ടുന്നതിന് നിയമപരമായ സഹായം നല്‍കുമെന്ന് ബ്രിട്ടന്‍ ഉറപ്പ് നല്‍കി. ഇന്ത്യയുടേയും ബ്രിട്ടന്റേയും നയതന്ത്ര ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ നടത്തിയ യോഗത്തിലാണ് മല്യയെ വിട്ടുകിട്ടാനുള്ള നിയമപരമായ സഹായം ബ്രിട്ടന്‍ ഉറപ്പ് നല്‍കിയത്.
വിദേശകാര്യ ജോയ്ന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘത്തില്‍ വിദേശകാര്യ, ആഭ്യന്തര, നിയമ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറുന്നത് ചര്‍ച്ച ചെയ്യാന്‍ ഉദ്യോഗസ്ഥ തല യോഗം ചേരുമെന്ന് തീരുമാനിച്ചിരുന്നു.

വിജയ് മല്യയെ കൈമാറുന്നതിന് ഇരു രാജ്യങ്ങള്‍ക്കും ആവശ്യമായ നിയമസഹായങ്ങളെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച നടന്നു. ഇരു രാജ്യങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥര്‍ ആറുമാസം കൂടുമ്പോള്‍ സ്ഥിതി വിലയിരുത്താനും തീരുമാനമായി.