Connect with us

Gulf

സഊദി വാണിജ്യബാങ്കിന് ആദ്യമായി വനിതാ സി.ഇ.ഒ

Published

|

Last Updated

ദമ്മാം: സഊദി വാണിജ്യബാങ്കായ സാമ്പ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ ആദ്യ വനിതാ സി.ഇ.ഒ ആയി റാനിയ അല്‍ നഷാറിനെ നിയമിച്ചു. സഊദിയില്‍ ഒരു ബാങ്കിന്റെ ഉന്നത പദവിയില്‍ വനിതയെ നിയമിക്കുന്നത് ഇതാദ്യമായാണ്. സര്‍ക്കാരിന്റെ സാമൂഹ്യ സാമ്പത്തിക പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി ഉന്നത പദവികളില്‍ സ്വദേശിയെ നിയമിക്കുന്നതിന്റെ ഭാഗമാണിതെന്ന് സാമ്പാ ഗ്രൂപ്പ് പ്രതാവനയില്‍ പറഞ്ഞു.

സാമ്പയുടെ ആഗോള കമ്പോള ഉപവിഭാഗത്തിന്റെ ബോര്‍ഡ് അംഗമായിരുന്നു റാനിയ നഷാര്‍. ധനകാര്യസ്ഥാപന രംഗത്ത് ഇരുപതു വര്‍ഷത്തെ മുന്‍പരിചയമുണ്ട്. സാംബ ഗ്രൂപ്പില്‍ സൗദിവല്‍ക്കരണം 94.2 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. കിംഗ് സൗദ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി ബാച്ചിലര്‍ ബിരുദം നേടിയ റാനിയ അല്‍നഷാര്‍ ബിസിനസ് മാനേജ്‌മെന്റില്‍ അമേരിക്കയിലെ വിര്‍ജീനിയ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഗവേണന്‍സ്, റിസ്‌ക് മാനേജ്‌മെന്റില്‍ ജോര്‍ജ് വാഷിംഗ്ടണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുണ്ട്.

പാക്കിസ്ഥാനിലെ സാംബ ലിമിറ്റഡ് ബാങ്ക്, സാംബ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ് കമ്പനി ഡയറക്ടര്‍ ബോര്‍ഡുകളില്‍ അംഗമാണ്. ഒരാഴ്ചക്കിടെ സൗദിയില്‍ ധനകാര്യ മേഖലയില്‍ ഉന്നത പദവിയില്‍ നിയമിക്കപ്പെടുന്ന രണ്ടാമത്തെ വനിതയാണ് റാനിയ അല്‍നഷാര്‍. കഴിഞ്ഞ ആഴ്ചയില്‍ സഊദി സ്‌റ്റോക് എക്‌ചേഞ്ച് ആദ്യ വനിതാ ചെയര്‍ ആയി സാറാ അല്‍സുഹൈമി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.