പത്ത് കോടി രൂപ പിഴയൊടുക്കിയില്ലെങ്കില്‍ ശശികലയ്ക്ക് 13 മാസം അധികതടവ്

Posted on: February 21, 2017 7:25 pm | Last updated: February 22, 2017 at 10:31 am

ബംഗളുരു: പത്ത് കോടി രൂപ പിഴയൊടുക്കിയില്ലെങ്കില്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികല 13 മാസത്തെ അധികശിക്ഷകൂടി അനുഭവിക്കേണ്ടിവരും. അനധികൃത സ്വത്തുസമ്പാദന കേസില്‍ ജയിലിലായ ശശികലയെ ഇതുസംബന്ധിച്ച് അറിയിച്ചിട്ടുണ്ട്. അനധികൃത സ്വത്തു സന്പാദന കേസില്‍ വിചാരണ കോടതി വിധി സുപ്രീം കോടതി ശരിവച്ചതോടെ പരപ്പന അഗ്രഹാര ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ് നിലവില്‍ ശശികല. നാലുവര്‍ഷം തടവും 10 കോടി രൂപ പിഴയുമാണ് ശശികലയ്ക്ക് കോടതി ശിക്ഷയായി വിധിച്ചത്.

ഇതില്‍ മൂന്ന് വര്‍ഷവും 11 മാസവുമാണ് അവര്‍ക്ക് അവശേഷിക്കുന്നത്. നേരത്തെ വിചാരണ കോടതി വിധിയെത്തുടര്‍ന്ന് 21 ദിവസം അവര്‍ ജയില്‍വാസം അനുഭവിച്ചിരുന്നു.

തടവുശിക്ഷ അനുഭവിക്കുന്ന ശശികലയെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍നിന്ന് ചെന്നൈ പുഴല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ജയില്‍ മാറ്റത്തിന് ശശികല ഉടന്‍ അപേക്ഷ നല്‍കും. ജയിലിലെ സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ശശികലയുടെ നീക്കം.

ജയില്‍ മാറ്റത്തിന് ശശികലയുടെ അഭിഭാഷകന്‍ പരപ്പന അഗ്രഹാര ജയില്‍ സൂപ്രണ്ടിനും ഇതുവഴി നിയമമന്ത്രിക്കും അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. ഇരു ജയില്‍ സൂപ്രണ്ടുമാരും അംഗീകരിച്ചാല്‍ ജയില്‍ മാറ്റത്തിന് തടസമുണ്ടാകില്ല.