Connect with us

Gulf

സഊദിയില്‍ ദാഇശ് ബന്ധമുള്ള 360,000 സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

Published

|

Last Updated

ദമ്മാം: ഭീകര സംഘടനയായ ദാഇശ്, ഐ എസ് ബന്ധമുള്ള 360,000 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സഊദിയില്‍ മരവിപ്പിച്ചതായി ട്വീറ്റ്‌സോ ടീം സ്ഥാപകന്‍ അബ്ദുല്‍ റഹ്മാന്‍ സഈദ് അല്‍ ഷഹ്‌രി പറഞ്ഞു. പ്രശ്‌നങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും വഴിവെക്കുന്ന 130,000 സന്ദേശങ്ങള്‍ ഒരു ദിവസം ഇത്തരം അക്കൗണ്ടുകള്‍വഴി പ്രചരിക്കുന്നുണ്ട്. ഇത്തരം സാമൂഹ്യമീഡിയ പ്രചാരണങ്ങള്‍ക്ക് ഇതിനകം തടയിടാനായിട്ടുണ്ട്. ഇത് വര്‍ഷത്തില്‍ 75% ത്തിലധികം അവരുടെ പ്രചാരണത്തിന് അടിയാടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചില ഏജന്‍സികള്‍ സഊദികള്‍ കൂടുതലായി ഉപയോഗിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടുകളാണ് ചൂഷണത്തിന് ഉപയോഗിക്കുന്നത്. സ്വദേശികളുടെ തന്നെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി പ്രകോപനപരമായ ഇടപെടലുകളും ഏറ്റുമുട്ടലുകളും സൃഷ്ടിക്കാന്‍ മനപ്പൂര്‍വ്വം നടക്കുന്ന ശ്രമങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇത് സഊദികള്‍ക്ക് അറിയാത്തത് കൊണ്ടല്ല, മറിച്ച് മതപരമായി യാഥാസ്ഥിതികത്വം പുലര്‍ത്തുന്നവരായതിനാല്‍ അതില്‍ വീഴുന്നുവെന്നതാണ് വാസ്തവം. സഹതാപവും പിന്തുണയും ലഭിക്കുന്നതിന് ഖുര്‍ആന്‍ ആയത്തുകളും പ്രവാചക വചനങ്ങളും വ്യാപകമായി ഉപയോഗിക്കുന്നു. ഹാഷ് ടാഗ് സംവിധാനത്തിലൂടെ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ ഓട്ടോമാറ്റിക് ആയി പ്രചരിക്കുന്ന അക്കൗണ്ടുകളും ഉണ്ട് എന്നദ്ദേഹം വിശദീകരിച്ചു. കൂടുതല്‍ കമന്റുകളും പിന്തുടര്‍ച്ചക്കാരെയും ലഭിക്കുന്നതിനായി പ്രത്യേക പരിപാടികളും കുറിപ്പുകളും വരുന്ന അക്കൗണ്ടുകള്‍ പട്ടികപ്പെടുത്താനും ഭീകര സംഘങ്ങള്‍ ശ്രമിക്കുന്നു. സൈബര്‍ നിയമങ്ങള്‍ ലംഘിച്ച് ഇത്തരം അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നവര്‍ക്ക് ശിക്ഷയായി പത്ത് വര്‍ഷത്തെ ജയില്‍വാസവും അഞ്ച് മില്യന്‍ പിഴയും നല്‍കുമെന്ന് അല്‍ശഹ്‌രി മുന്നറിയിപ്പ് നല്‍കി. ഇത്തരം ഗ്രൂപ്പുകളിലേക്ക് സന്ദേശങ്ങള്‍ അയക്കുന്നവരെയും ചോദ്യം ചെയ്യും. ഹാക്കര്‍മാര്‍ സര്‍ക്കാര്‍ സൈറ്റുകളാണ് കൂടുതലായും തകരാറിലാക്കുന്നത്. എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയ സുരക്ഷയെക്കുറിച്ച് ബോധവല്‍കരിക്കുന്നതിനും ഹാക്കര്‍മാരില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് സംരക്ഷണം നല്‍കുന്നതിനും അവരെ ഇരകളാക്കി ബ്ലാക് മെയില്‍ ചെയ്യുന്നത് തടയുന്നതിനും വേണ്ടി അല്‍ ശഹ്‌രിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച ടീംആണ് ട്വീറ്റ് സോ.

Latest