സഊദിയില്‍ ഏകീകൃത നികുതി നടപ്പാക്കുന്നതിന് മന്ത്രി സഭ അംഗീകാരം

Posted on: February 21, 2017 6:15 pm | Last updated: February 21, 2017 at 6:04 pm

ദമ്മാം: ഗള്‍ഫ് രാജ്യങ്ങളില്‍ ഏകീകൃത സെലക്ടീവ് നികുതി നടപ്പാക്കുന്നതിന് ഡിസംബറില്‍ ബഹ്‌റൈനില്‍ ചേര്‍ന്ന ഗള്‍ഫ് ഉച്ചകോടി തീരുമാനത്തിന് സഊദി മന്ത്രി സഭ അംഗീകാരം നല്‍കി. റിയാദിലെ യമാമ പാലസില്‍ ഇരുഗേഹങ്ങളുടെ സംരക്ഷകന്‍ സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇത് അംഗീകരിച്ചത്. ഇതനുസരിച്ച് നികുതി നടപ്പാക്കുന്ന തിയ്യതിയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിന് ധനമന്ത്രിയെ യോഗം ചുമതലപ്പെടുത്തി. ഏകീകൃത കരാര്‍ പ്രകാരം കഴിഞ്ഞ ജൂണ്‍ മുതല്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ചില ഉല്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം നികുതി ഏര്‍പ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. എക്‌സൈസ് നികുതിയും വാറ്റും ഏര്‍പ്പെടുത്തുന്നതിലൂടെ വരുമാനം ഉയര്‍ത്തി അന്താരാഷ്ട്ര നാണയ നിധിക്കൊപ്പം നില്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. സിഗരറ്റിനും എനര്‍ജി ഡ്രിങ്കുകള്‍ക്കും നൂറു ശതമാനവും ശീതള പാനീയങ്ങള്‍ക്ക് 50 ശതമാനവും സെലക്ടീവ് ടാക്‌സ് നടപ്പാക്കാനാണ് തീരുമാനം. ഈ വര്‍ഷം അവസാനം ഇത് നടപ്പാക്കിത്തുടങ്ങുമെന്ന് നേരത്തെ ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. എണ്ണയിതര സ്രോതസ്സുകളില്‍ നിന്ന് വരുമാനം കണ്ടെത്താനുള്ള സൗദി ദേശീയ പരിവര്‍ത്തന പദ്ധതിതിയുടെ ഭാഗമായി വിവിധ സേവനങ്ങള്‍ക്കും ഉല്‍പന്നങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തി വരുമാനം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം മുതല്‍ മൂല്യവര്‍ധിത നികുതിയും നടപ്പാക്കും. ഗള്‍ഫിലെത്തുന്ന വിദേശ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഇലിങ്ക് സംവിധാനം വഴി ബന്ധിപ്പിക്കുക. സൗദി എംബസികളും കോണ്‍സുലേറ്റുകളും ബന്ധപ്പെട്ട വകുപ്പുകളും ഇത് ഉറപ്പു വരുത്തണമെന്ന ആവശ്യവും മന്ത്രി സഭ അംഗീകരിച്ചു. ഗള്‍ഫ് ഹെല്‍ത്ത് മിനിസ്‌റ്റേഴ്‌സ് കൗണ്‍സില്‍ അംഗീകാരമില്ലതെ പ്രവര്‍ത്തിക്കുന്ന നടത്തുന്ന ഇടപാടുകള്‍ വിലക്കിക്കൊണ്ടുള്ള ഉച്ച കോടി തീരുമാനത്തേയും മന്ത്രി സഭ അംഗീകരിച്ചു. എണ്ണവിലത്തകര്‍ച്ചയാണ് നികുതി ഏര്‍പ്പെടുത്തി മറ്റു വരുമാനമാര്‍ഗങ്ങളിലേക്ക് കടക്കാന്‍ ജിസിസി രാഷ്ടങ്ങളെ പ്രേപിപ്പിച്ചത്. ഇത് മലയാളികളകടക്കം വന്‍കിട ചെറുകിട കച്ചവടക്കാരെ ബിസിനസ് രംഗത്തേക്ക് ആകര്‍ഷിക്കുന്നത് വിലയിരുത്തപ്പെടുന്നു.