പ്രവാസി പെന്‍ഷന്‍ പദ്ധതി നിര്‍ത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിയ്ക്കുക: നവയുഗം

Posted on: February 21, 2017 6:25 pm | Last updated: February 21, 2017 at 6:03 pm
SHARE

അല്‍ കോബാര്‍: താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്ക് വേണ്ടിയുള്ള പെന്‍ഷന്‍ പദ്ധതിയായ ‘മഹാത്മാഗാന്ധി പ്രവാസി സുരക്ഷാ യോജന’ നിര്‍ത്തലാക്കാനുള്ള നരേന്ദ്രമോഡി സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിയ്ക്കണമെന്ന് നവയുഗം സാംസ്‌കാരികവേദി റാക്ക ഈസ്റ്റ് യൂണിറ്റ് കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പെന്‍ഷന്‍ പദ്ധതിക്ക് വേണ്ടത്ര അപേക്ഷകരില്ലെന്ന ന്യായം പറഞ്ഞാണ് മുന്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടു വന്ന ഈ പദ്ധതി അവസാനിപ്പിയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിയ്ക്കുന്നത്. എന്നാല്‍ വേണ്ടത്ര പ്രചാരണമോ, ബോധവല്‍ക്കരണമോ കേന്ദ്രസര്‍ക്കാര്‍ നടത്താത്തതിനാലാണ്, പദ്ധതിയില്‍ അംഗമായി ചേര്‍ന്നവര്‍ കുറവായത്. പദ്ധതിയില്‍ കുടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന് ആവശ്യമാറ്റങ്ങള്‍ വരുത്തുന്നതിനു പകരം, പദ്ധതി തന്നെ ഇല്ലായ്മ ചെയ്യുന്നത് സാധാരണ പ്രവാസികളോട് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്ന കടുത്ത വഞ്ചനയാണ്. പ്രവാസികാര്യ വകുപ്പ് ഇല്ലായ്മ ചെയ്തത് പോലെ, പ്രവാസികളുടെ ഓരോ അവകാശങ്ങളും എടുത്തു കളയാനാണ് സര്‍ക്കാറിന്റെ ഉദ്ദേശമെന്ന് സംശയിക്കേണ്ടിയിരിയ്ക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം പ്രവാസികളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും നവയുഗം റാക്ക ഈസ്റ്റ് യൂണിറ്റ് കണ്‍വെന്‍ഷന്‍ പ്രമേയം ആഹ്വാനം ചെയ്തു.

റെജി സാമുവലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യൂണിറ്റ് കണ്‍വെന്‍ഷന്‍ നവയുഗം കേന്ദ്രകമ്മിറ്റി മീഡിയ കണ്‍വീനര്‍ ബെന്‍സി മോഹന്‍.ജി ഉത്ഘാടനം ചെയ്തു. നവയുഗം കോബാര്‍ മേഖല പ്രസിഡന്റ് അരുണ്‍ ചാത്തന്നൂര്‍ ആശംസാപ്രസംഗം നടത്തി. ബിജു വര്‍ക്കി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിറ്റ് രക്ഷാധികാരിയായി തോമസ് സക്കറിയയെയും, പ്രസിഡന്റായി കുഞ്ഞുമോന്‍ കുഞ്ഞച്ചനെയും, വൈസ് പ്രസിഡന്റുമാരായി ബിനു കുഞ്ചു, ശ്രീനാഥ് വി.എസ് എന്നിവരെയും, യൂണിറ്റ് സെക്രട്ടറിയായി രഞ്ജി കെ.രാജുവിനെയും, ജോയിന്റ് സെക്രട്ടറിമാരായി നിജാസ് അലി, അമല്‍ സേവിയര്‍ എന്നിവരെയും, ട്രെഷററായി ടോണി കൊളരിക്കലിനെയും കണ്‍വെന്‍ഷന്‍ തെരെഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here