മലയാള സിനിമയില്‍ ശക്തമായ ഗുണ്ടാസാന്നിധ്യമെന്ന് ഗണേഷ്‌കുമാര്‍

Posted on: February 21, 2017 12:40 pm | Last updated: February 21, 2017 at 9:18 pm

തിരുവനന്തപുരം: സിനിമയില്‍ ശക്തരാകാന്‍ പലരും ഗുണ്ടകളെ ഉപയോഗിക്കുന്നുണ്ടെന്ന് സിനിമാ താരം കൂടിയായ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ. സിനിമാ മേഖലയില്‍ ശക്തമായ ഗുണ്ടാസാന്നിധ്യമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇവര്‍ക്ക് വസ്തു ഇടപാടുകാരുമായും ബന്ധമുണ്ട്. മുമ്പും സ്ത്രീകള്‍ക്ക് ഇത്തരം മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ബോംബെയില്‍ സിനിമാ, റിയല്‍ എസ്‌റ്റേറ്റ്, അധോലോക മാഫിയ വാഴുന്ന കാലമുണ്ടായിരുന്നു. ഇപ്പോള്‍ കൊച്ചിയിലും അതുപോലെയാണ്. കൊച്ചിയില്‍ നടക്കുന്ന സിനിമകള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും. കൊച്ചിയില്‍ മാന്യന്‍മാരായ ആളുകളുണ്ട്. എന്നാല്‍ അവരെക്കുറിച്ചല്ല സിനിമ. മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിക്കുന്ന വലിയ സിനിമകളെല്ലാം ഇത്തരം സാമൂഹിക വിരുദ്ധരുടെ സിനിമകളാണ്. അത് നമുക്ക് കാണുമ്പോള്‍ തന്നെ അറിയാമല്ലോയെന്നും അദ്ദേഹം പറഞ്ഞു.

പുറത്തുപറയാനാകാത്ത പല കാര്യങ്ങളും സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. ഇതെല്ലാം മുഖ്യമന്ത്രിയെ നേരിട്ട് ധരിപ്പിക്കും. താന്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് സിനിമാക്കാര്‍ക്ക് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ നേരിട്ട് വിളിച്ചാല്‍ മതിയെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.