ലിബിയന്‍ പ്രധാനമന്ത്രിക്ക് നേരെ വെടിവെപ്പ്‌

Posted on: February 21, 2017 7:45 am | Last updated: February 21, 2017 at 8:32 am

ട്രിപ്പോളി: യു എന്‍ പിന്തുണയുള്ള ലബിയന്‍ സര്‍ക്കാറിനെ നയിക്കുന്ന ഫയാസ് അല്‍ സര്‍റാജിന് നേരെ വെടിവെപ്പ്. പ്രധാനമന്ത്രി സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ അജ്ഞാതരായ തോക്കു ധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അദ്ദേഹം പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലെ അബൂസലിം ജില്ലയിലൂടെ കടന്ന് പോകവേയാണ് വാഹനവ്യൂഹം ആക്രമിക്കപ്പെട്ടതെന്ന് ഔദ്യോഗിക വക്താവ് അശ്‌റഫ് അല്‍ തുല്‍ത്തി പറഞ്ഞു.

എല്ലാ വാഹനങ്ങളും കവചിതമായതിനാല്‍ വന്‍ ദുരന്തം ഒഴിവായെന്നും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വക്താവ് അറിയിച്ചു. പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടാണോ ആക്രമണം നടന്നതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവിശ്യാ കൗണ്‍സില്‍ മേധാവി അബ്ദുര്‍റഹ്മാന്‍ സ്വലേഹിയും പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡ് കമാന്‍ഡര്‍ നജ്മി നാകുവായും പ്രധാനമന്ത്രി ഫയാസിനൊപ്പമുണ്ടായിരുന്നു.
വിമത സായുധ ഗ്രൂപ്പുകളുമായി 2015ല്‍ യു എന്നിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് ഫയാസിന്റെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് ഓഫ് ജനറല്‍ അക്കോര്‍ഡ് ചുമതലയേറ്റത്. കിഴക്കന്‍ ലിബിയയില്‍ മറ്റൊരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയും രാജ്യത്തിന്റെ യഥാര്‍ഥ ഭരണാധികാരികള്‍ തങ്ങളാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. മുഅമ്മര്‍ ഗദ്ദാഫിയെ വധിച്ച ശേഷം ലിബിയ തീര്‍ത്തും ശിഥിലമാണ്. സായുധ സംഘങ്ങള്‍ എണ്ണപ്പാടങ്ങള്‍ അടക്കമുള്ളവയുടെ നിയന്ത്രണം കൈക്കലാക്കിയിരിക്കുകയാണ്.