നാമിന്റെ വധം നയതന്ത്ര പോരിലേക്ക്

Posted on: February 21, 2017 7:50 am | Last updated: February 21, 2017 at 12:51 am
SHARE
കിം ജോംഗ് നാമിന്റെ വധവുമായി ബന്ധപ്പെട്ട് വിവാദ പരാമാര്‍ശത്തെ കുറിച്ച് വിശദീകരണം നല്‍കാന്‍ മലേഷ്യയിലെ ഉത്തര കൊറിയന്‍ അംബാസഡര്‍ കാംഗ് കോല്‍
വിദേശകാര്യ മന്ത്രാലയത്തിലെത്തിയപ്പോള്‍

ക്വലാലംപൂര്‍: ഉത്തര കൊറിയന്‍ ഭരണാധികാരിയുടെ അര്‍ധ സഹോദരന്‍ മലേഷ്യയില്‍ കൊല്ലപ്പെട്ട സംഭവം നയതന്ത്ര പോരിലേക്ക്. കൊലക്ക് പിന്നില്‍ ഉത്തര കൊറിയയുടെ കരങ്ങളുണ്ടെന്ന സംശയം ശക്തമായിക്കൊണ്ടിരിക്കെയാണ് മലേഷ്യയും ഉത്തര കൊറിയയും തമ്മില്‍ കൊമ്പുകോര്‍ക്കുന്നത്. മൃതദേഹം തിരിച്ചുകിട്ടണമെന്ന ആവശ്യം മലേഷ്യന്‍ സര്‍ക്കാര്‍ തിരസ്‌കരിച്ചതോടെയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ അസ്വാരസ്യം പുറത്തായത്. മലേഷ്യന്‍ സര്‍ക്കാറിനെ എതിര്‍ത്ത് ഉത്തര കൊറിയന്‍ സ്ഥാനപതി കാംഗ് കോല്‍ രംഗത്തെത്തിയിരുന്നു. ശത്രുക്കളുമായി ചേര്‍ന്ന് മലേഷ്യന്‍ സര്‍ക്കാര്‍ കേസ് അട്ടിമറിക്കുന്നുണ്ടെന്ന അംബാസഡറുടെ ആരോപണം മലേഷ്യയെ പ്രകോപിച്ചു. ഇതേകുറിച്ച് വിശദീകരിക്കാന്‍ അംബസാഡറെ മലേഷ്യ വിളിച്ചുവരുത്തി. മലേഷ്യന്‍ പോലീസിന്റെ അന്വേഷണത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്നും സ്ഥാനപതി വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് ഉത്തര കൊറിയന്‍ പൗരനടക്കം നാല് പേരെ മലേഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നിഷ്പക്ഷമായ അന്വേഷണമാണ് നടത്തുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് ഉത്തര കൊറിയയെ ലക്ഷ്യംവെച്ച് മാത്രം ഒരു അന്വേഷണം നടത്താന്‍ കഴിയില്ലെന്നും മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് പറഞ്ഞു. സത്യം പുറത്തുവരുന്നത് വരെ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും ഉത്തര കൊറിയയെ കരിവാരിത്തേച്ചത് കൊണ്ട് തങ്ങള്‍ക്കൊന്നും കിട്ടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലേഷ്യന്‍ മണ്ണില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ഒരാളുടെ മൃതദേഹം വിട്ടുകൊടുക്കാന്‍ സാധിക്കില്ലെന്നും അന്വേഷണത്തിന് മൃതദേഹം തങ്ങള്‍ കൈവശം വെക്കുമെന്നും മലേഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നുമായി വിയോജിപ്പുള്ള അര്‍ധ സഹോദരന്‍ കിം ജോംഗ് നാമാണ് കഴിഞ്ഞ തിങ്കളാഴ്ച ക്വലാലംപൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൊല്ലപ്പെട്ടത്. ഉത്തര കൊറിയന്‍ ചാരന്മാരാണ് കൊലക്ക് പിന്നിലെന്ന് ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു. ഈ ആരോപണം യാഥാര്‍ഥ്യമാണെന്ന രീതിയിലുള്ള തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. ഉത്തര കൊറിയക്കാരിയെന്ന് സംശയിക്കുന്ന യുവതി മാരക വിഷം കുത്തിവെച്ച് നാമിനെ കൊന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഉത്തര കൊറിയയില്‍ നിന്ന് നാടുവിട്ട നാം വര്‍ഷങ്ങളായി ചൈനയില്‍ അഭയം തേടിയിരിക്കുകയായിരുന്നു.

എന്നാല്‍, മരണ കാരണം ഇതുവരെ വ്യക്തമാകാതിരുന്നിട്ടുപോലും തന്റെ രാജ്യത്തെ പ്രതിയാക്കാനാണ് മലേഷ്യ ശ്രമിക്കുന്നതെന്ന് ഉത്തര കൊറിയന്‍ സ്ഥാനപതി ആരോപിക്കുന്നു.