‘ഞാനും ഇന്ന് മുസ്‌ലിമാണ്’;സര്‍ഗാത്മക പ്രക്ഷോഭവുമായി അമേരിക്കന്‍ ജനത

Posted on: February 21, 2017 6:48 am | Last updated: February 21, 2017 at 8:29 am
SHARE
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുസ്‌ലിംവിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് ന്യൂയോര്‍ക്കില്‍ ഒത്തുകൂടിയ ജനങ്ങള്‍08

ന്യൂയോര്‍ക്ക്: ‘ഞാനും മുസ്‌ലിം’ എന്ന മുദ്രാവാക്യം മുഴക്കി വിവിധ മതവിശ്വാസം പുലര്‍ത്തുന്ന ആയിരക്കണക്കിനാളുകള്‍ ടൈംസ് സ്‌ക്വയറില്‍ ഒത്തു ചേര്‍ന്നു. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുസ്‌ലിം വിരുദ്ധ എക്‌സിക്യൂട്ടീവ് ഉത്തരവിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഐതിഹാസിക ഒത്തു ചേരല്‍ നടന്നത്.

ഫൗണ്ടേഷന്‍ ഫോര്‍ എത്തിനിക് അണ്ടര്‍സ്റ്റാന്‍ഡിംഗിന്റെ നേതൃത്വത്തിലായിരുന്നു കൂറ്റന്‍ റാലി. ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെയും അഭയാര്‍ഥികളടക്കമുള്ളവരെയും അമേരിക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന ഉത്തരവ് മുസ്‌ലിംകളിലും അമേരിക്കന്‍ ജനങ്ങളിലാകെയും ഉണ്ടാക്കിയ ഉത്കണ്ഠയും അമര്‍ഷവും വിളിച്ചോതുന്നതായിരുന്നു പ്രതിഷേധ സംഗമത്തിലെ മുദ്രാവാക്യങ്ങള്‍. ‘ഞാനും മുസ്‌ലിം’ എന്ന മുദ്രാവാക്യത്തോടൊപ്പം മുസ്‌ലിം നിരോധനം അനുവദിക്കില്ല, ട്രംപിനെ ഞങ്ങള്‍ വെറുക്കുന്നു തുടങ്ങിയ വാചകങ്ങളുമായി നിരവധി ബാനറുകളും പ്ലക്കാര്‍ഡുകളും ഏന്തിയാണ് പ്രക്ഷോഭകര്‍ റാലിയില്‍ അണിനിരന്നത്.

അമേരിക്കന്‍ സംരംഭകനും എഴുത്തുകാരനുമായ റസ്സല്‍ സിമന്‍സ്, നടി സൂസന്‍ സറാന്‍ഡോണ്‍ തുടങ്ങിയവരുടെ സാന്നിധ്യം റാലിക്ക് ആവേശം പകര്‍ന്നു. വിവിധ മത നേതാക്കള്‍ ഒരുമിച്ച് റാലിയില്‍ അണിനിരന്നു. അവരുടെ പ്രസംഗങ്ങളിലെല്ലാം ട്രംപിന്റെ വര്‍ഗീയ വിഭജന നയത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. മുസ്‌ലിംകള്‍ അനുഭവിക്കുന്ന ഭീഷണിക്കും അന്യതക്കുമെതിരെ മുഴുവന്‍ അമേരിക്കക്കാരും ഉണര്‍ന്നെണീക്കണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.
എല്ലാ മതസ്ഥരെയും ബഹുമാനിക്കുന്ന പാരമ്പര്യമാണ് അമേരിക്കക്കുള്ളതെന്നും മുസ്‌ലിംകള്‍ക്കെതിരെ വളര്‍ന്നു വരുന്ന ഭീഷണികളെ രാജ്യമൊന്നാകെ നേരിടേണ്ടതാണെന്നും ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയോ പറഞ്ഞു. ഈ നഗരത്തിന്റെ മേയര്‍ എന്ന നിലയില്‍ എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ്. ഇവിടെയുള്ള മുഴുവന്‍ പേരും, അവര്‍ ഏത് വിശ്വാസത്തില്‍ പെട്ടവരായാലും, അവരുടേത് കൂടിയാകും ഈ നഗരവും ഈ രാജ്യവും. ഞാന്‍ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു, ഞാനും മുസ്‌ലിമാണ്- റാലിയെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു.
സഹിഷ്ണുതയില്ലാത്ത ലോകം കഠിനമാണെന്ന തിരിച്ചറിവാണ്

തന്നെ ‘ഞാനും മുസ്‌ലിം’ എന്ന റാലിയില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പ്രമുഖ സിഖ് നേതാവും ആക്ടിവിസ്റ്റുമായ സിംറാന്‍ ജീത് സിംഗ് പറഞ്ഞു. നിഷ്പക്ഷമായിരിക്കുകയെന്നത് സാധ്യമല്ലാത്ത സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് നടി സൂസന്‍ പറഞ്ഞു. ഇപ്പോള്‍ നിശ്ശബ്ദമായിരുന്നാല്‍ പിന്നെ ശബ്ദിക്കാന്‍ സാധിച്ചെന്ന് വരില്ല. രാജ്യത്തിന്റെ ഭരണഘടന ചതച്ചരക്കുന്ന യന്ത്രത്തിന്റെ പല്‍ചക്രമാകാന്‍ നാം നിന്ന് കൊടുക്കരുത്. ഇത് നമ്മുടെ അവകാശങ്ങള്‍ മുഴുവന്‍ കവര്‍ന്നെടുക്കാനുള്ള നീക്കമാണ്- സൂസന്‍ തുറന്നടിച്ചു.
റാലി വലിയ ആത്മവിശ്വാസം തരുന്നുവെന്ന് അമേരിക്കന്‍ മുസ്‌ലിം സംഘടനാ പ്രവര്‍ത്തകയായ ലാതിഷാ ജെയിംസ് പറഞ്ഞു. ഒരു സമുദായത്തിനെതിരെയുമുള്ള വിവേചനം അനുവദിക്കാനാകില്ലെന്ന് പ്രഖ്യപിക്കുന്നതാണ് റാലിയെന്ന് അവര്‍ വ്യക്തമാക്കി.