പ്രധാനമന്ത്രി സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്നു: കോണ്‍ഗ്രസ്

Posted on: February 21, 2017 6:44 am | Last updated: February 21, 2017 at 12:45 am

ന്യൂഡല്‍ഹി: സമുദായിക ധ്രുവീകരണമുണ്ടാക്കി ഉത്തര്‍ പ്രദേശിലെ അന്തരീക്ഷം കലുഷിതമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ്. ഇതിനെതിരെ ഉചിതമായ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കി. ‘ഖബര്‍സ്ഥാന്‍ ഉണ്ടെങ്കില്‍ ശ്മശാനവും വേണ’മെന്ന് കഴിഞ്ഞ ദിവസം മോദി നടത്തിയ പരാമര്‍ശം സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടുള്ളത് തന്നെയാണെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു.

ജാതിയുടേയോ മതത്തിന്റെയോ പേരില്‍ ജനങ്ങളെ വിഭജിക്കാന്‍ ഭരണഘടന അനുവദിക്കുന്നില്ല. പ്രധാനമന്ത്രി ഭരണഘടനക്ക് അതീതനല്ല. പ്രസംഗത്തിലൂടെ ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തി എന്നു മാത്രമല്ല, സത്യപ്രതിജ്ഞാ ലംഘനമാണ് മോദി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നതായും ആനന്ദ് ശര്‍മ പറഞ്ഞു.