Connect with us

Kerala

വനിതാ ഹെല്‍പ് ലൈന്‍ മാര്‍ച്ച് അവസാനവാരം മുതല്‍ കേരളത്തിലും

Published

|

Last Updated

തിരുവനന്തപുരം: രാജ്യമെമ്പാടും ഒരേ നമ്പറില്‍ സ്ത്രീസുരക്ഷാ സഹായങ്ങള്‍ ഏകീകരിക്കുന്ന പദ്ധതിയിലേക്ക് കേരളവും. കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന 181 വനിതാ ഹെല്‍പ്‌ലൈന്‍ മാര്‍ച്ച് അവസാനവാരം കേരളത്തിലും നടപ്പാകും. ദേശീയതലത്തില്‍ സ്ത്രീസഹായ കേന്ദ്രങ്ങളെ ഏക ടോള്‍ ഫ്രീ നമ്പറില്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ 181 വനിതാ ഹെല്‍പ്‌ലൈന്‍ നിലവില്‍ ന്യൂഡല്‍ഹി, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന സജ്ജമാണ്. മുഴുവന്‍ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലും നടപ്പാക്കുന്നത്. സംസ്ഥാന വനിതാ വികസന കോര്‍പറേഷനാണ് കേരളത്തില്‍ ഹെല്‍പ്‌ലൈനിന്റെ മേല്‍നോട്ട ചുമതല. സംസ്ഥാന, ജില്ലാതലങ്ങളിലും നഗരങ്ങളിലുമുള്ള എല്ലാ ഹെല്‍പ്പ് ലൈനുകളും ഇതിലേക്ക് സംയോജിപ്പിക്കും. മാര്‍ച്ച് അവസാന വാരം മുഖ്യമന്ത്രി പിണറായി വിജയന്‍ 181 ഹെല്‍പ്‌ലൈന്‍ ഉദ്ഘാടനം ചെയ്യും. ഹെല്‍പ്പ് ലൈനിന്റെ ലോഗോയും അതിനു മുമ്പ് പ്രകാശനം ചെയ്യും. ലോഗോ പ്രകാശനത്തിന്റെയും ഹെല്‍പ്‌ലൈന്‍ ഉദ്ഘാടനത്തിന്റെയും തീയതികള്‍ ഉടന്‍തന്നെ പ്രഖ്യാപിക്കുമെന്ന് വനിതാ വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി സി ബിന്ദു അറിയിച്ചു.

181 എന്ന ഏക ടോള്‍ ഫ്രീ നമ്പറിലൂടെ അടിയന്തര ഘട്ടങ്ങളിലും അല്ലാത്തപ്പോഴും സ്ത്രീകള്‍ക്ക് വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് വനിതാ ഹെല്‍പ്പ് ലൈന്‍. 181 എന്ന നമ്പറിലേക്ക് വിളിക്കുന്നവര്‍ക്ക് അടുത്തുള്ള പോലീസ് സ്റ്റേഷന്‍, പ്രധാന ആശുപത്രി, ആംബുലന്‍സ് സര്‍വീസുകള്‍ എന്നിവയുടെ സേവനങ്ങള്‍ ഉറപ്പായും ലഭിക്കുന്ന വിധത്തിലാണ് ഇതിന്റെ സജ്ജീകരണം. ഇവക്ക് പുറമേ സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാരേതര ക്ഷേമ പദ്ധതികള്‍, വിവിധ സ്ത്രീപക്ഷ സേവനങ്ങള്‍ എന്നിവയുടെ വിവരങ്ങളും 181 ഹെല്‍പ്‌ലൈനിലൂടെ ലഭിക്കും. ലാന്റ് ഫോണില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നും 181ലേക്ക് വിളിച്ചാല്‍ കിട്ടും. ഹെല്‍പ് ലൈനിന്റെ വിജയത്തിന് സുശക്തവും വിപുലവുമായ വിവര ശേഖരണം പൂര്‍ത്തിയായി വരുന്നു. സര്‍ക്കാര്‍, സര്‍ക്കാരേതര, സ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെയും സഹകരണത്തോടെയാണ് ഇത് സാധ്യമാക്കിയത്. ഹെല്‍പ്‌ലൈനില്‍ പ്രവര്‍ത്തിക്കുന്നവരുടെ പരിശീലനം വൈകാതെ പൂര്‍ത്തിയാകും. വിദഗ്ധരുടെ പങ്കാളിത്തത്തോടെ കൈപ്പുസ്തകം തയ്യാറാക്കിയാണ് പരിശീലനം നടത്തിയത്. ഒരിക്കല്‍ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നീട് പരാതികള്‍ക്ക് ഇട നല്‍കാത്ത വിധം സുസസജ്ജമായിരിക്കണം 181 ഹെല്‍പ് ലൈന്‍ എന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് മുന്നൊരുക്കങ്ങള്‍.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ സജ്ജീകരിച്ചിരിക്കുന്ന വനിതാ ഹെല്‍പ്‌ലൈന്‍ കണ്‍ട്രോള്‍ റൂമിന്റെ സുഗമമായ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ഒരു വനിതാ മാനേജര്‍ ഉണ്ടായിരിക്കും. സഹായമോ വിവരമോ ആവശ്യപ്പെട്ട് ലഭിക്കുന്ന ഓരോ ഫോണ്‍ വിളിക്കും ഇടപെടലിനും നിരീക്ഷണത്തിനും മറ്റുമായി ഹെല്‍പ്‌ലൈന്‍ മുഖേന പുറത്തേക്കു പോകുന്ന ഓരോ ഫോണ്‍ വിളികളുടെയും ഉത്തരവാദിത്തവും ഹെല്‍പ്പ് ലൈന്‍ മാനേജര്‍ക്ക് ഉണ്ടായിരിക്കും. ഓരോ കേസും അവര്‍ വിലയിരുത്തുകയും കാര്യക്ഷമമായ പര്യവസാനത്തിലെത്തിക്കുകയും പരാതിക്കാരിക്ക് വേണ്ടി ആവശ്യമായ തുടര്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്യും. അവര്‍ക്ക് കീഴില്‍ സൂപ്രവൈസര്‍, സീനിയര്‍ കോള്‍ റെസ്‌പോണ്ടര്‍, കോള്‍ റെസ്‌പോണ്ടര്‍, ഐ ടി ഉദ്യോഗസ്ഥ, ബഹുതല സഹായി, സുരക്ഷാ ഉദ്യോഗസ്ഥ തുടങ്ങിയവരുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മികവുറ്റ ശൃംഖല ഉണ്ടായിരിക്കും.

ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കെതിരേ ഉള്‍പ്പെടെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് സമൂഹത്തില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ സുസജ്ജമായ വനിതാ ഹെല്‍പ്‌ലൈനിന്റെ പ്രസക്തി ഏറെയാണ്. സ്ത്രീ ശാക്തീകരണം പ്രഖ്യാപിത ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ഏക പൊതുമേഖലാ സ്ഥാപനമായ വനിതാ വികസന കോര്‍പറേഷന്‍ 181 വനിതാ ഹെല്‍പ്‌ലൈനിന്റെ മേല്‍നോട്ട ചുമതലയിലേക്ക് കൂടി കടക്കുന്നതോടെ സ്ത്രീസുരക്ഷ സംബന്ധിച്ച ഉത്തരവാദിത്തങ്ങളിലും സജീവമാകുകയാണെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.

Latest