130 എ ടി എം കാര്‍ഡുകളുമായി മലയാളി യുവാവ് ഹൈദരാബാദില്‍ പിടിയില്‍

Posted on: February 21, 2017 7:33 am | Last updated: February 21, 2017 at 12:34 am

ചെര്‍പ്പുളശ്ശേരി: പലരുടെയും പേരുകളിലെടുത്ത നൂറ്റിമുപ്പത് എ ടി എം കാര്‍ഡുകളുമായി ചെര്‍പ്പുളശ്ശേരി കുരുമാനാംകുര്‍ശ്ശി സ്വദേശിയെ ഹൈദരാബാദ് പോലീസ് പിടികൂടി. ചെര്‍പ്പുളശ്ശേരി മഞ്ഞളാംങ്ങാടന്‍ സുലൈമാനെയാ(46)ണ് ചെര്‍പ്പുളശ്ശേരി സിഐയുടെ സഹായത്തോടെ എലിയപ്പറ്റയിലെ വാടകവീട്ടില്‍നിന്ന് ഇന്നലെ രാവിലെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.

പാക്കിസ്ഥാന്‍ ലോട്ടറി അടിച്ചെന്ന് മൊബൈലില്‍ സന്ദേശം നല്‍കി ഹൈദരാബാദില്‍ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് സുലൈമാന്‍. തുടര്‍ന്ന് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ ഈ മെസേജുകള്‍ എത്തിയത് പാകിസ്ഥാനില്‍ നിന്നാണെന്ന് മനസ്സിലായതിനെ തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സമാനമായ തട്ടിപ്പു കേസില്‍ നേരത്തെ ഇയാളെ ചെര്‍പ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പലര്‍ക്കും അയ്യായിരം രൂപ വീതം നല്‍കിയാണ് ഇയാള്‍ ബേങ്ക്അക്കൗണ്ടുണ്ടാക്കി പാസ് ബുക്കും എ ടി എം കാര്‍ഡും സ്വന്തമാക്കിയത്. വിദ്യാര്‍ഥികളുടെ പേരിലടക്കം അക്കൗണ്ടുകള്‍ സംഘടിപ്പിച്ചു. ഈ അക്കൗണ്ടുകളിലേക്ക് പാക്കിസ്ഥാന്‍, യമന്‍ എന്നിവിടങ്ങളില്‍ നിന്ന് പണമെത്തിയിരുന്നുവെന്ന് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് കേരളാ പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. പ്രതിദിനം ആറു ലക്ഷം രൂപ വരെ ഇയാള്‍ വിവിധ അക്കൗണ്ടുകളിലൂടെ പിന്‍വലിച്ചിട്ടുണ്ടെന്നും കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ചയും ആറ് ലക്ഷം രൂപ പിന്‍വലിച്ചിട്ടുണ്ട്. പിന്‍വലിച്ച പണം തീവ്രവാദ ബന്ധമുള്ള വ്യക്തികള്‍ക്കാണോ കൈമാറിയതെന്ന് പോലീസ് അന്വേഷിക്കുന്നു. ഇങ്ങനെ കൈമാറുന്ന ഒരു ലക്ഷം രൂപക്ക് രണ്ടായിരം രൂപ കമ്മീഷനായി ലഭിക്കുന്നുണ്ടെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ആദ്യം ഇത് ഹവാലാ ഇടപാടാണെന്ന് കരുതിയെങ്കിലും പിന്നീടാണ് തീവ്രവാദ ബന്ധം സംശയിച്ചത്. ഈ വഴിക്കുള്ള അന്വേഷണം നടക്കുകയാണ്. എ ടി എം കാര്‍ഡ് ഉടമകളെക്കുറിച്ചും അന്വേഷണം തുടങ്ങി. മാന്യമായി വസ്ത്രം ധരിച്ച് സ്ഥിരമായി വാഹനങ്ങളില്‍ സഞ്ചരിച്ചിരുന്ന ഇയാള്‍, തെരുവു കച്ചവടക്കാര്‍ക്ക് സാധനങ്ങള്‍ ഇറക്കിക്കൊടുക്കുന്ന ജോലിയും നടത്തുന്നുണ്ട്. ഇത് ഒരു മറയായി ഉപയോഗിക്കുകയായിരുന്നുവെന്ന് പോലീസ് കരുതുന്നു.