ടെന്നീസ് ക്രിക്കറ്റിലൂടെ ഐ പി എല്ലില്‍ !

Posted on: February 21, 2017 6:28 am | Last updated: February 21, 2017 at 8:28 am

പത്ത് ലക്ഷം ബേസ് പ്രൈസുള്ള ഒരു തമിഴ്‌നാട് താരത്തിന് ഐ പി എല്‍ ലേലത്തില്‍ മുപ്പത് മടങ്ങ് ഡിമാന്‍ഡ് – അതായത് മൂന്ന് കോടി രൂപ മൂല്യം !
ശരിക്കും ക്രിക്കറ്റ് ലോകം ഞെട്ടി. ആരാണീ താരം എന്നായി. വലിയ ചരിത്രമോ റെക്കോര്‍ഡോ ഒന്നും അവകാശപ്പെടാനില്ലാത്ത താരത്തിന്റെ പേര് തങ്കരശ് നടരാജന്‍. ഇരുപത്തഞ്ച് വയസാണ് പ്രായം. ഇടങ്കൈയ്യന്‍ പേസര്‍.

തെരുവില്‍ കട നടത്തുന്ന മാതാവും പോര്‍ട്ടറായ പിതാവും നടരാജനെ പ്രൊഫഷണല്‍ ക്രിക്കറ്ററാക്കുവാന്‍ പ്രയത്‌നിച്ചിട്ടില്ല. മകന്‍ തെരുവില്‍ ക്രിക്കറ്റ് കളിക്കാന്‍ പോയപ്പോള്‍ തടഞ്ഞില്ല, അത്ര മാത്രം. ടെന്നീസ് ബോള്‍ ക്രിക്കറ്റിലാണ് നടരാജന്‍ സ്‌പെഷ്യലൈസ് ചെയ്തത്. സേലത്ത് നിരവധി ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ നടരാജന്‍ ഹീറോയായി. ചെന്നൈയിലെത്തി ജോളി റോവേഴ്‌സ് ക്ലബ്ബില്‍ ചേര്‍ന്നതോടെയാണ് തലവര മാറിയത്. ആര്‍ അശ്വിനും മുരളി വിജയും കളിച്ച ക്ലബ്ബ്.

കഴിഞ്ഞ വര്‍ഷം പ്രഥമ തമിഴ്‌നാട് പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഡിണ്ടിഗുല്‍ ഡ്രാഗണ്‍സിനായി നടരാജന്‍ തകര്‍ത്താടി. ഐ പി എല്‍ ഫ്രാഞ്ചൈസികളുടെ ഏജന്റുമാര്‍ പലരും തമിഴ്‌നാട്ടിലെത്തിയിരുന്നു പുതിയ പ്രതിഭകളെ തേടി. അങ്ങനെ നടരാജന്‍ അവരുടെ കണ്ണിലുടക്കി.
ഇതൊരു സ്വപ്‌നം പോലെ തോന്നുന്നു. ഒരിക്കലും പ്രതീക്ഷിച്ചതല്ല തമിഴ്‌നാട് പ്രീമിയര്‍ ലീഗ് കളിക്കുക എന്നത്. ഇപ്പോഴിതാ ഐ പി എല്ലില്‍ നിന്ന് അവസരം വന്നിരിക്കുന്നു- നടരാജന്‍ അതിശയത്തോടെ പറയുന്നു.

ക്ലബ്ബ് പ്രകടനത്തിന്റെ ബലത്തില്‍ 2015-16 രഞ്ജി സീസണിലും നടരാജന്‍ കളിച്ചു. വ്യത്യസ്തമായ പന്തെറിയുവാന്‍ കഴിയുന്നതും വേഗതയിലുള്ള വ്യതിയാനവും കൃത്യമായി യോര്‍ക്കറുകളുകള്‍ എറിയാനുള്ള മിടുക്കും ശ്രദ്ധേയം. ഇതുകൊണ്ടെല്ലാം തമിഴ്‌നാടിന്റെ മുസ്താഫിസുര്‍ റഹ്മാന്‍ എന്നാണ് നടരാജന് വിശേഷണം.
ആസ്‌ത്രേലിയന്‍ പേസര്‍ മിച്ചല്‍ജോണ്‍സനാണ് റോള്‍ മോഡല്‍. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഡ്രസിംഗ് റൂമില്‍ ജോണ്‍സനുണ്ടാകില്ലെന്നത് ചെറിയ നിരാശ സമ്മാനിക്കുന്നു. ജോണ്‍സനെ ഇത്തവണ മുംബൈ ഇന്ത്യന്‍സാണ് സ്വന്തമാക്കിയത്.