Connect with us

National

തമിഴ്‌നാട്ടില്‍ അഞ്ഞൂറ് മദ്യശാലകള്‍ പൂട്ടി പളനിസ്വാമിയുടെ ആദ്യ ഉത്തരവ്‌

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ മദ്യനിരോധനത്തിന്റെ ഭാഗമായി അഞ്ഞൂറ് മദ്യവില്‍പ്പനശാലകള്‍ പൂട്ടും. മദ്യശാലകള്‍ പൂട്ടുന്നത് ഉള്‍പ്പെടെ അഞ്ച് ജനപ്രിയ പദ്ധതികളിലാണ് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം എടപ്പാടി പളനിസ്വാമി ഒപ്പുവെച്ചത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എ ഐ എ ഡി എം കെ പുറത്തിറക്കിയ പ്രകടനപത്രികയുടെ ഭാഗമാണ് സമ്പൂര്‍ണ മദ്യനിരോധനം. ജയലളിത രണ്ടാം തവണ അധികാരമേറ്റപ്പോള്‍ ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി അഞ്ഞൂറ് മദ്യവില്‍പ്പനശാലകള്‍ അടച്ചുപൂട്ടുന്ന ഉത്തരവിലാണ് ആദ്യ ഒപ്പ് വെച്ചിരുന്നത്.
സ്ത്രീ സൗഹൃദ പദ്ധതികള്‍ക്കാണ് പളനിസ്വാമി സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത്. ഗര്‍ഭിണികള്‍ക്കുള്ള ധനസഹായം പന്ത്രണ്ടായിരത്തില്‍ നിന്ന് പതിനെട്ടായിരമായി ഉയര്‍ത്തുന്നതാണ് ഇതിലൊന്ന്. ജോലിയുള്ള സ്ത്രീകള്‍ക്ക് ഇരുചക്ര വാഹനം വാങ്ങുന്നതിനായി ഇരുപതിനായിരം രൂപയോ അല്ലെങ്കില്‍ അമ്പത് ശതമാനമോ സബ്‌സിഡി നല്‍കുന്ന ഉത്തരവിലും മുഖ്യമന്ത്രി ഒപ്പുവെച്ചു.

തൊഴില്‍രഹിത വേതനം ഇരട്ടിയാക്കും. പത്താം ക്ലാസ് പാസ്സായ തൊഴില്‍രഹിതര്‍ക്ക് ലഭിക്കുന്ന ധനസഹായം 150ല്‍ നിന്ന് മുന്നൂറായും പ്ലസ് ടു പാസ്സായവരുടേത് ഇരുനൂറില്‍ നിന്ന് നാനൂറായും വര്‍ധിപ്പിച്ചു. അയ്യായിരം മത്സ്യത്തൊഴിലാളികള്‍ക്ക് വീട് വെക്കുന്നതിന് 85 കോടി അനുവദിക്കാനും തീരുമാനമായി.
മുന്‍ മുഖ്യമന്ത്രി ജയലളിതക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നത്.

Latest