സിമന്റ് വില നിയന്ത്രിക്കണം

Posted on: February 21, 2017 6:12 am | Last updated: February 21, 2017 at 12:13 am

സിമന്റ്, കമ്പി തുടങ്ങിയവയുടെ വിലക്കയറ്റം മൂലം കെട്ടിട നിര്‍മാണ മേഖലയിലുണ്ടായ സ്തംഭനാവസ്ഥ ഒഴിവാക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് സംസ്ഥാന സര്‍ക്കാറിനോടാവശ്യപ്പെട്ടിരിക്കുകയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സംസ്ഥാനത്ത് മൊത്തം വിതരണം ചെയ്യുന്ന സിമന്റിന്റെ നിശ്ചിത ശതമാനം നിയന്ത്രിത വിലക്ക് നല്‍കാന്‍ വന്‍കിട കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെടുക, ഇങ്ങനെ ലഭ്യമാകുന്ന സിമന്റ് പണി പൂര്‍ത്തിയാകാതെ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട ഇന്ദിരാ ആവാസ് യോജന, ഇ എം എസ് ഭവനപദ്ധതി പ്രകാരം നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് നല്‍കുക, അംഗീകൃത പ്ലാനുള്ള ബി പി എല്ലുകാര്‍ക്കും താണ വരുമാനക്കാര്‍ക്കും സൗജന്യവിലക്ക് സിമന്റും കമ്പിയും കെട്ടിട നിര്‍മാണ സാധനങ്ങളും നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളും മുന്നോട്ടു വെച്ചിട്ടുണ്ട് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍.
രാജ്യത്ത് സിമന്റിന് ഏറ്റവും വിലക്കൂടുതലുള്ള സംസ്ഥാനമാണ് കേരളം. പ്രമുഖ കമ്പനികളുടെ 50 കിലോ തൂക്കമുള്ള ഒരു ചാക്ക് സിമന്റിന് നാനൂറ് രൂപയോ അതിന് മീതെയോ ആണ് കേരളത്തിലെ വില. അതിന്റെ നിര്‍മാണച്ചെലവ് 100-150 രൂപ മാത്രമാണെന്നാണ് കണക്ക്. ഗതാഗതച്ചെലവ്, നികുതി തുടങ്ങിയവ ഉള്‍െപ്പടെ കേരളത്തില്‍ എത്തുമ്പോഴേക്ക് പരമാവധി 250-ഓളം രൂപയേ വില വരൂ. ഒരു മാസം ആറു ലക്ഷം ടണ്‍ സിമന്റ് സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്നുണ്ട്. ആകെ സിമന്റ് ഉപഭോഗത്തിന്റെ 10 ശതമാനവും കേരളത്തിലാണ്. കൂടുതല്‍ സിമന്റ് വാങ്ങുന്ന ഫഌറ്റുകാര്‍ക്കും വന്‍കരാറുകാര്‍ക്കും കമ്പനികള്‍ വിലയില്‍ ഇളവുകള്‍ അനുവദിക്കുന്നുണ്ട്. പാവപ്പെട്ടവരും സാധാരണക്കാരുമാണ് സിമന്റ് ഉത്പാദകരുടെ കൊള്ളവിലക്ക് ഇരകളാകുന്നത്. ഈ ചൂഷണത്തില്‍ നിന്ന് സാധാരണക്കാരെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അമ്മ സിമന്റ് പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇതനുസരിച്ചു ആയിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കുന്നവര്‍ക്ക് 350 ഉം 2000 ചതുരശ്രയടി വീട് നിര്‍മാണത്തിന് 700 ഉം ചാക്ക് സിമന്റ് ചാക്കിന് 190 രൂപ വിലയില്‍ ലഭ്യമാകുന്നു. വീടിന്റെ അറ്റകുറ്റ പണികള്‍ക്ക് നൂറ് ചാക്ക് വരെയും അനുവദിക്കുന്നുണ്ട്. കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും സര്‍ക്കാറുകള്‍ മിതവിലക്ക് സിമന്റ് ലഭ്യമാക്കിവരുന്നു.
സമാനമായ പദ്ധതികള്‍ കേരളത്തിലും നടപ്പാക്കണമെന്ന് വ്യാപകമായ ആവശ്യമുയര്‍ന്നിരുന്നെങ്കിലും സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി പരിഗണിച്ചിട്ടില്ല. സംസ്ഥാനത്ത് പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ സിമന്റ്‌സിന്റെ സമ്മര്‍ദം മൂലമാണ് ഇക്കാര്യത്തില്‍ വിമുഖത കാണിക്കുന്നതെന്ന് ആരോപണമുണ്ട്.

സ്വകാര്യ കമ്പനികളുമായി സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ട് സിമന്റ് വില കുറച്ചാല്‍ മലബാര്‍ സിമന്റ്‌സിന്റെ വരുമാനത്തെ അത് ബാധിക്കുമെന്നതാണ് അവരുടെ എതിര്‍പ്പിന് കാരണം. അയല്‍ സംസ്ഥാനങ്ങളിലെ സിമന്റ് കമ്പനികളുടെ ചൂഷണത്തില്‍ നിന്ന് കേരളീയരെ രക്ഷിക്കാനാണ് മലബാര്‍ സിമന്റ്‌സ് ആരംഭിച്ചത്. എന്നാല്‍ നാമമാത്രമായ വിലക്കുറവേ അവര്‍ അനുവദിക്കുന്നുള്ളൂ. അവരുടെ ഉത്പാദനം വിപണിയില്‍ ആവശ്യമുള്ളതിന്റെ പത്ത് ശതമാനം മാത്രവുമാണ്.
വ്യക്തമായ ഒരു മാനദണ്ഡമില്ല സിമന്റ് വില വര്‍ധനക്ക്. വില നിര്‍ണയം സിമന്റ് കമ്പനികളുടെ കുത്തകയാണ്. കമ്പനികളുടെ കൂട്ടായ്മ മാസാമാസം യോഗം ചേര്‍ന്ന് സംഘടിതമായും ഏകപക്ഷീയമായും വില തീരുമാനിക്കുകയാണ്. അസംസ്‌കൃത വസ്തുക്കളുടെ വിലക്കൂടുതല്‍, നിര്‍മാണ ചെലവിലെ വര്‍ധന തുടങ്ങിയ ന്യായമായ കാരണങ്ങളൊന്നുമില്ലാതെ വിപണിയിലെ ഡിമാന്റിന് അനുസരിച്ച് വില വര്‍ധിപ്പിക്കുന്ന രീതിയാണ് അവരുടേത്. ഈ അന്യായമായ നടപടിക്കെതിരെ കെട്ടിട നിര്‍മാതാക്കള്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം തിരഞ്ഞെടുപ്പ്, പാര്‍ട്ടി ഫണ്ടുകളിലേക്ക് സിമന്റ് കമ്പനികളില്‍ നിന്ന് വന്‍ സംഭാവന കൈപ്പറ്റുന്നതിനാല്‍ ഈ അനീതിക്കെതിരെ അവര്‍ കണ്ണടക്കുകയുമാണ്.

സിമന്റ് വില വര്‍ധന കെട്ടിട നിര്‍മാതാക്കളെ മാത്രമല്ല, ചെറുകിട, ഇടത്തരം നിര്‍മാണ കമ്പനികളെയും തൊഴിലാളികളെയും സാരമായി ബാധിക്കുന്നുണ്ട്. തൊഴിലവസരങ്ങള്‍ ഗണ്യമായി കുറഞ്ഞത് കാരണം പതിനായിരക്കണക്കിന് അന്യ സംസ്ഥാന തൊഴിലാളികളാണ് അടുത്തിടെ കേരളം വിട്ടത്. നിര്‍മാണ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഒട്ടേറെ നാട്ടുകാരും തൊഴില്‍ രഹിതരായിട്ടുണ്ട്. ഇത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനക്കും ക്ഷീണമാണ്. മനുഷ്യാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയത് പോലെ നിര്‍മാണ മേഖലയിലെ സര്‍ക്കാറിന്റെ മാനുഷികമായ ഇടപെടല്‍ അനിവാര്യമാണ്. മറ്റു സംസ്ഥാനങ്ങള്‍ അനുവര്‍ത്തിക്കുന്നത് പോലെ നിശ്ചിത ശതമാനം സിമന്റ് മിതമായ വിലക്ക് വിതരണം ചെയ്യാന്‍ കമ്പനികളില്‍ സമ്മര്‍ദം ചെലുത്തിയോ മറ്റു മാര്‍ഗേണയോ സാധാരണക്കാരന് കുറഞ്ഞ വിലയില്‍ അത് ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളേണ്ടതുണ്ട്. മലബാര്‍ സിമന്റ്‌സില്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും കമ്പനിക്ക് പുതുതയി യൂനിറ്റുകള്‍ ആരംഭിക്കുകയും ചെയ്യുന്ന കാര്യവും പരിഗണിക്കാവുന്നതാണ്.