ചൈനയെ തകര്‍ക്കാന്‍ ഒറ്റക്കുട്ടികള്‍

ചില നടത്തങ്ങള്‍ അങ്ങനെയാണ്. തിരിച്ചു നടത്തം എളുപ്പമാകില്ല. ജനന നിയന്ത്രണമെന്ന പ്രയോഗം തന്നെ കള്ളത്തരമാണ്. ജനനനിഷേധമാണ് നടക്കുന്നത്. കൊന്നു കളഞ്ഞ കുഞ്ഞുങ്ങളുടെ നിലവിളികള്‍ ചൈനയെ ചൂഴ്ന്ന് നില്‍ക്കുന്നു. വന്‍ ശക്തിയാകാന്‍ വെമ്പുന്ന കമ്യൂണിസ്റ്റ് രാജ്യത്തിന്റെ എല്ലാ അഹംഭാവങ്ങളെയും തകര്‍ത്തെറിയാന്‍ പര്യാപ്തമാണ് ഈ നിലവിളികള്‍. ഒറ്റപ്പെട്ടു പോയ യുവാക്കളും ബന്ധുബലമില്ലാത്ത കൗമാരക്കാരും ഉര്‍വരത നഷ്ടപ്പെട്ട സ്ത്രീകളും ആര്‍ക്കും വേണ്ടാത്ത വൃദ്ധന്‍മാരുമാണ് കുടുംബാസൂത്രണത്തിന്റെ ദുരന്ത ഫലം. പാശ്ചാത്യ ഗൂഢാലോചനക്ക് വഴങ്ങി, കോടികളുടെ ഫണ്ട് പറ്റി കുടുംബാസൂത്രണം ഇന്നും അജന്‍ഡയായി നിലനിര്‍ത്തുന്ന ഇന്ത്യക്ക് ചൈനയുടെ അനുഭവത്തില്‍ നിന്ന് പഠിക്കാനുണ്ട്.
Posted on: February 20, 2017 11:24 pm | Last updated: February 21, 2017 at 12:04 am

ഡൊണാള്‍ഡ് ട്രംപിനെപ്പോലെ അപകടകാരിയായ ഒരാള്‍ അമേരിക്ക ഭരിക്കുകയും അദ്ദേഹം റഷ്യന്‍ ഭരണകൂടവുമായി ചരിത്രത്തില്‍ ഒരിക്കലും ഇല്ലാത്ത വിധം ബാന്ധവം പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍ ശാക്തിക സന്തുലനത്തിന്റെ എല്ലാ സാധ്യതകളും അസ്തമിക്കുകയാണ് ചെയ്യുന്നത്. ഈ ഘട്ടത്തില്‍ വീറ്റോ അധികാരമുള്ളതും അമേരിക്കയെ വെല്ലുവിളിക്കാവുന്ന സാമ്പത്തിക ശക്തിയായി വളര്‍ന്ന് വരികയും ചെയ്യുന്ന ചൈനയില്‍ ലോകം പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. അക്രമാസക്ത വിദേശ നയത്തെ പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന തള്ളിപ്പറയുന്നില്ല. ആയുധ കിടമത്സരത്തില്‍ നിന്ന് അത് വിട്ടു നില്‍ക്കുന്നുമില്ല. മനുഷ്യാവകാശങ്ങള്‍ക്ക് ഈ ഒറ്റക്കക്ഷി രാഷ്ട്രം വിലകല്‍പ്പിന്നുവെന്ന് പറയാനുമാകില്ല. എന്നിട്ടും സാമ്രാജ്യത്വവിരുദ്ധരെല്ലാം ചൈനയെ ഉറ്റു നോക്കുന്നുവെങ്കില്‍ അതിനര്‍ഥം ശീതസമരം ആഗോള രാഷ്ട്രീയ ക്രമത്തില്‍ അനിവാര്യമായിരുന്നുവെന്ന് മാത്രമാണ്.

സാമ്പത്തിക, വ്യാപാര, സൈനിക രംഗങ്ങളില്‍ ചൈന നടത്തുന്ന കുതിപ്പും കറന്‍സി യുദ്ധത്തില്‍ ഡോളറിനെ വെല്ലുവിളിക്കുന്നതും അമേരിക്കയെ വലിയ തോതില്‍ അലോസരപ്പെടുത്തുന്നുണ്ട്. അത്‌കൊണ്ടാണ് ബീജിംഗുമായി വെടിനിര്‍ത്തലിന് ട്രംപ് തയ്യാറാകുന്നത്. അമേരിക്ക ഫസ്റ്റ് എന്ന ട്രംപിന്റെ മനുഷ്യത്വവിരുദ്ധ പദ്ധതിയെ അതേ നാണയത്തില്‍ വെല്ലുവിളിച്ചത് ചൈനീസ് ഭരണത്തലവന്‍ സി ജിന്‍ പിംഗാണ്. അതിനോടുള്ള ട്രംപിന്റെ പ്രതികരണം സൗഹൃദത്തിനുള്ള ആഹ്വാനമായിരുന്നുവെന്നതാണ് കൗതുകകരം. ആദ്യം അദ്ദേഹം ജിന്‍പിംഗിന് കത്തെഴുതി. അത് പോരാഞ്ഞ് ഫോണില്‍ വിളിച്ചു. ഇനി നേരില്‍ കാണാനിരിക്കുകയാണ്.
പക്ഷേ എത്രകാലം ചൈനക്ക് ഈ കുതിപ്പ് നിലനിര്‍ത്താനാകും? ഉത്പാദക രാജ്യമെന്ന അഹങ്കാരത്തില്‍ നിന്ന് ചൈന കൂപ്പുകുത്തുമോ? അവിടുത്തെ ജനങ്ങള്‍ ഭ്രാന്തമായ സ്വാതന്ത്ര്യത്തിലേക്ക് പാഞ്ഞടുക്കുമോ? ഈ ചോദ്യങ്ങള്‍ക്ക് അത്ര ശുഭകരമല്ലാത്ത ഉത്തരമാണ് ആഗോള വിദഗ്ധരെല്ലാം നല്‍കുന്നത്. അവയെല്ലാം പാശ്ചാത്യ പ്രൊപ്പഗാന്റയായി തള്ളിക്കളയാനാകില്ല. 2009ല്‍ ചൈനീസ് സര്‍ക്കാര്‍ നേരിട്ട് ഒരു സര്‍വേ നടത്തി. ദേശീയ വികാരം തട്ടിയുണര്‍ത്താന്‍ വേണ്ടിയായിരുന്നു സര്‍വേ. അതിലെ പ്രധാന ചോദ്യമിതായിരുന്നു: എന്താണ് ചൈനയുടെ വിജയരഹസ്യം? മഹാഭൂരിപക്ഷം പേരും ഉത്തരമെഴുതി: ജനങ്ങള്‍. ഇക്കഴിഞ്ഞ ആഴ്ച മറ്റൊരു സര്‍വേ ഫലം പുറത്ത് വന്നു. ചൈനീസ് അക്കാഡമി ഓഫ് സോഷ്യല്‍ സയന്‍സസും നാന്‍കായി സര്‍വകലാശാലയും ഔദ്യോഗികമായ പിന്തുണയോടെ നടത്തിയ സര്‍വേയുടെ ഫലം വ്യക്തമാക്കുന്നത് ചൈന ഒരു ഡീമോഗ്രാഫിക് ക്രൈസിസിലേക്ക്- ജനസംഖ്യാപരമായ പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്നതാണ്. ലോകത്തെ ഏറ്റവും ജനനിബിഡമായ രാജ്യമെന്ന നിലയില്‍ ചൈനയെ നയിച്ചിരുന്ന ശക്തി അതിവേഗം ചോര്‍ന്ന് പോകുകയാണ്.
കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കാനുള്ള സ്ത്രീകളുടെ കഴിവിനെ സൂചിപ്പിക്കുന്ന ശാസ്ത്രീയ സൂചകമാണ് ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് (ടി എഫ് ആര്‍). കടുത്ത ജനനനിയന്ത്രണത്തിലേക്ക് ചൈനീസ് അധികാരികള്‍ മസില്‍ പെരുപ്പിച്ചിറങ്ങിയ 1970കളില്‍ അവിടുത്തെ ടി എഫ് ആര്‍ 5.9 ശതമാനമായിരുന്നു. ഇന്നത് 1.2 ശതമാനമാണ്. വരും വര്‍ഷങ്ങളില്‍ അത് പിന്നെയും താഴ്ന്ന് ഒന്നിലും താഴെപ്പോകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ജനന നിഷേധ ഉപാധികളുടെ അശാസ്ത്രീയവും അമിതവുമായ ഉപയോഗം ചൈനീസ് സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയെ വലിയ തോതില്‍ ബാധിച്ചിരിക്കുന്നുവെന്ന് പഠനങ്ങള്‍ കാണിക്കുന്നു. വിഷാദ രോഗവും ഒറ്റപ്പെടലും അവരുടെ സ്ത്രീത്വത്തെ നശിപ്പിച്ചിരിക്കുന്നു. ഈ സ്ഥിതി വിശേഷം കൂടുതല്‍ ഗുരുതരമാകുന്നത് സ്ത്രീ- പുരുഷ അനുപാതത്തിലെ അട്ടിമറി കൂടി കണക്കിലെടുക്കുമ്പോഴാണ്.

2020 ഓടെ ചൈനയില്‍ വിവാഹം കഴിക്കാനാകാത്ത ഒന്നര കോടി പുരുഷന്‍മാര്‍ ഉണ്ടാകുമെന്നാണ് ദേശീയ ആരോഗ്യ, കുടുംബാസൂത്രണ കമ്മീഷന്‍ പുറത്ത് വിട്ട കണക്ക്. 2050 ആകുമ്പോഴേക്കും ഇത് മൂന്ന് കോടിയാകും. ആണ്‍- പെണ്‍ അനുപാതം ഇപ്പോള്‍ 100 പെണ്‍കുട്ടികള്‍ക്ക് 121 ആണ്‍ കുട്ടികള്‍ എന്നതാണ്. ഒറ്റക്കുട്ടി നയം പോലുള്ള കടുത്ത ജനന നിയന്ത്രണ നടപടികളുടെ ആത്യന്തിക ഫലമാണിത്. ഒന്നേ പാടുള്ളൂ, എങ്കിലത് ആണ്‍ കുഞ്ഞാകട്ടേ എന്ന് ദമ്പതികള്‍ തീരുമാനിക്കുന്നു. ആധുനിക ലിംഗനിര്‍ണയ സംവിധാനങ്ങള്‍ വന്നതോടെ എല്ലാ നിയമങ്ങളെയും മറികടന്ന് പെണ്‍ ഭ്രൂണ ഹത്യകള്‍ നടക്കുന്നു. ഉള്ള യുവതികളാകട്ടേ വിവാഹം കഴിക്കാന്‍ വിമുഖരാണ്. 2010ലെ സെന്‍സസ് പ്രകാരം ഇത്തരക്കാര്‍ 2.47 ശതമാനം വരും. വിദ്യാസമ്പന്നരും നല്ല സാമ്പത്തിക ശേഷിയുള്ളതുമായ യുവാക്കള്‍ക്ക് മാത്രമേ ഇണയെ കിട്ടൂ. അല്ലാത്തവര്‍ റഷ്യ, മംഗോളിയ, ഉത്തര കൊറിയ, ബര്‍മ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് സ്ത്രീകളെ കടത്തിക്കൊണ്ടു വരണം. ഇത്തരം മാഫിയകള്‍ ചൈനയില്‍ സജീവമാണ്. ജോലിക്കെന്നോ വിദ്യാഭ്യാസത്തിനെന്നോ പറഞ്ഞ് കൊണ്ടുവരുന്ന സ്ത്രീകളെ അക്ഷരാര്‍ഥത്തില്‍ വില്‍ക്കുകയാണ് ചെയ്യുന്നത്.
മാവോ സേതൂങിന് ജനശക്തിയെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. എന്നാല്‍ ജനസംഖ്യ നിയന്ത്രിക്കേണ്ടതാണെന്ന തോന്നല്‍ അദ്ദേഹത്തിനുമുണ്ടായി. വാന്‍, ക്‌സി, ഷാവോ എന്നതായിരുന്നു അന്നത്തെ നയം. വിവാഹം വൈകിപ്പിക്കുക, ജനനം വൈകിപ്പിക്കുക, ജനനം കുറക്കുക എന്നര്‍ഥം. ഇത് പൗരന്‍മാര്‍ സ്വമേധയാ സ്വീകരിക്കണമെന്നതായിരുന്നു വ്യവസ്ഥ. ഡെംഗ് സിയോപിംഗ് ചൈനീസ് സര്‍ക്കാറിനെ ഉപദേശിക്കാന്‍ തുടങ്ങുകയും ടെക്‌നോക്രാറ്റുകള്‍ നയം തീരുമാനിക്കാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് മനുഷ്യചരിത്രത്തിലെ ഏറ്റവും ക്രൂരമായ ജനന നിഷേധത്തിലേക്ക് ചൈന കൂപ്പുകുത്തിയത്. 1979ല്‍ ഒറ്റക്കുട്ടി നയം പ്രഖ്യാപിച്ചു. 1950കളില്‍ തന്നെ ഏകസന്താന നയം കര്‍ശനമായി നടപ്പാക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ അത് വേണ്ടെന്നു വെച്ചു. രണ്ട് അല്ലെങ്കില്‍ മൂന്ന് കുട്ടികളേ പാടുള്ളൂ എന്ന കര്‍ശന നിര്‍ദേശം ഇക്കാലത്ത് നടപ്പാക്കാന്‍ തുടങ്ങി. 1979 മുതല്‍ ഒറ്റക്കുട്ടി നയം ശക്തമായി നടപ്പാക്കിയെങ്കിലും ഭരിക്കുന്നവര്‍ക്ക് തന്നെ അതില്‍ ആത്മവിശ്വാസമുണ്ടായിരുന്നില്ല. പലപ്പോഴും നയത്തില്‍ ഇളവ് വരുത്താനുള്ള ശ്രമങ്ങള്‍ നടന്നു. 1984ല്‍ ഗ്രാമ പ്രദേശങ്ങളില്‍ രണ്ട് കുട്ടികളാകാമെന്ന ഇളവ് അനുവദിച്ചത് ഇതിന്റെ ഭാഗമായിരുന്നു.

പക്ഷേ 2001 ആയപ്പോഴേക്കും പിന്നെയും നയം മുറുക്കി. ഒറ്റക്കുട്ടി നയം നടപ്പാക്കി തുടങ്ങുമ്പോള്‍ ജനസംഖ്യ നൂറ് കോടിയായിരുന്നു. അന്ന് കണക്കാക്കിയത് 2000ത്തില്‍ 120 കോടിയില്‍ എത്തുമെന്നായിരുന്നു. എന്നാല്‍ എത്തിയത് 140 കോടിയിലാണ്. ഈ കണക്ക് ചൂണ്ടിക്കാട്ടി ജനന നിഷേധ തീവ്രവാദികള്‍ രംഗത്ത് വന്നതോടെയാണ് രണ്ടായിരത്തില്‍ നിയന്ത്രണ നടപടികള്‍ വീണ്ടും ശക്തിയാര്‍ജിച്ചത്. 2006ല്‍ ചില പ്രവിശ്യകളില്‍ ഇളവ് അനുവദിക്കാമെന്നായി. 2013ല്‍ പിന്നെയും അയഞ്ഞു. രക്ഷിതാക്കള്‍ അവരുടെ അച്ഛനമ്മമാരുടെ ഒറ്റക്കുട്ടികളാണെങ്കില്‍ അവര്‍ക്ക് ഇരു കുഞ്ഞുങ്ങളാകാമെന്നതായിരുന്നു ആ അയവ്.
ഒറ്റക്കുട്ടി നയം 40 കോടി ജനനങ്ങള്‍ തടഞ്ഞുവെന്നാണ് കണക്ക്. നയമനുസരിക്കുന്നവര്‍ക്ക് ഒറ്റക്കുട്ടി സര്‍ട്ടിഫിക്കറ്റ് നല്‍കും. അവര്‍ക്ക് പിന്നെ ആനുകൂല്യങ്ങളുടെ പെരുമഴയാണ്. ജോലിക്കയറ്റം, ശമ്പള വര്‍ധന. കണ്‍സ്യൂമര്‍ കാര്‍ഡുകള്‍. പ്രത്യേക പരിരക്ഷകള്‍. കുഞ്ഞുങ്ങള്‍ വേണ്ടെന്നു വെക്കുന്നതിനുള്ള പാരിതോഷികങ്ങള്‍. നയം തെറ്റിക്കുന്നവരെ വേട്ടയാടും. അവനെ കുറ്റവാളിയായി മുദ്ര കുത്തും. ശമ്പളം കട്ട് ചെയ്യും. ജോലിയില്‍ നിന്ന് പിരിച്ചു വിടും. ഇത്തരക്കാര്‍ക്കുള്ള സബ്‌സിഡികള്‍ മുഴുവന്‍ എടുത്തു കളഞ്ഞു. സംരംഭങ്ങള്‍ക്കുള്ള സര്‍ക്കാര്‍ പിന്തുണ നിര്‍ത്തി. കനത്ത പിഴ ഈടാക്കി. രണ്ടാമത്തെയോ മൂന്നാമത്തെയോ കുഞ്ഞിന് സര്‍ക്കാറിന്റെ ഒരു പരിഗണനയും ലഭിക്കില്ല. അബദ്ധജന്‍മം. പലരും ഇത്തരം കുട്ടികളെ ഒളിപ്പിച്ചാണ് വളര്‍ത്താറുള്ളത്.
2000ത്തിന് ശേഷം ഒറ്റക്കുട്ടി നയത്തില്‍ വരുത്തിയ ഇളവുകള്‍ സ്ത്രീ- പുരുഷ അനുപാതത്തില്‍ വലിയ ഗുണഫലങ്ങള്‍ ഉണ്ടാക്കിയില്ല. ഒന്നാം കുട്ടി ആണായാലും പെണ്ണായാലും പ്രശ്‌നമില്ലെന്ന നിലപാടിലെത്താന്‍ ഈ ഇളവുകള്‍ കാരണമായി. എന്നാല്‍ രണ്ടാമത്തെ കുട്ടി ആണാണെന്ന് ഉറപ്പ് വരുത്താന്‍ തുടങ്ങി. ഒറ്റക്കുട്ടി നയം വാശിപിടിച്ച് നടപ്പാക്കാനായി സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ അബോര്‍ഷന്‍ കേന്ദ്രങ്ങളെ തന്നെ ജനം സമീപിച്ചു. അബോര്‍ഷന്‍ എന്താവശ്യത്തിനെന്ന് വ്യവച്ഛേദിച്ച് കണ്ടുപിടിക്കാന്‍ സാധിക്കാത്ത സ്ഥിതി വന്നു. അള്‍ട്രാ സൗണ്ട് സ്‌കാനിംഗിലൂടെ ലിംഗ നിര്‍ണയം നടത്തും. പെണ്ണാണെങ്കില്‍ കൊന്നു കളയും. രണ്ടായിരത്തില്‍ ആദ്യ കുട്ടി ആണായത് 51.5 ശതമാനമായിരുന്നു. രണ്ടാം കുട്ടി ആണായത് 62 ശതമാനവും. മൂന്നാം കുട്ടിയാണെങ്കില്‍ ഇത് 70 ശതമാനമാണ്. വിദ്യാസമ്പന്നരും നഗരവാസികളുമാണ് ഈ പെണ്‍ഹത്യകളില്‍ മുമ്പില്‍ നില്‍ക്കുന്നത്.

വലേറി ഹഡ്‌സനും ആന്‍ഡ്രിയാ ഡെന്‍ ബോയറും ചേര്‍ന്നെഴുതിയ പുസ്തകത്തിന്റെ പേര് ഇങ്ങനെയാണ്: ബെയര്‍ ബ്രാഞ്ചസ്: ദി സെക്യൂരിറ്റി ഇംപ്ലിക്കേഷന്‍ ഓഫ് ഏഷ്യാസ് സര്‍പ്ലസ് മെയില്‍ പോപ്പുലേഷന്‍ . ശൂന്യ ചില്ലകള്‍ എന്നുവെച്ചാല്‍ വിവാഹിതനാകാന്‍ സാധിക്കാത്ത പുരുഷന്‍ എന്ന് തന്നെയാണ് നേരര്‍ഥം. ഇത്തരക്കാരുടെ സാന്നിധ്യം എന്ത് പ്രത്യാഘാതമാണ് സമൂഹത്തിലും രാഷ്ട്രീയത്തിലും ഉണ്ടാക്കുകയെന്നാണ് പുസ്തകം വിശകലനം ചെയ്യുന്നത്. ചൈനയെ പോലുള്ള രാജ്യങ്ങള്‍ ജനാധിപത്യപരമായ ഭരണക്രമത്തിലേക്ക് ഉണരാത്തതിന്റെ കാരണമായി പോലും ‘ശൂന്യചില്ല’കളെ വിലയിരുത്തുന്നു. അതൃപ്തരും അപകടകരമാം വിധം സ്വതന്ത്രരുമായ ഈ യുവതലമുറ ഏത് നിമിഷവും കലാപകാരികളാകുമെന്ന് ഭരണകൂടം ഭയക്കുന്നുവെന്നും അതിനാല്‍ കൂടുതല്‍ മേധാവിത്വപരമായ ഭരണസംവിധാനം നിലനിര്‍ത്താന്‍ അവര്‍ ശ്രദ്ധിക്കുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരക്കാര്‍ കൂടുതലുളള രാജ്യങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സ്വാഭാവികമായും വര്‍ധിക്കും. ലൈംഗിക സാഹസികതകള്‍ എയിഡ്‌സ് പോലുള്ള രോഗങ്ങളുടെ വ്യാപനത്തിന് വഴി വെക്കും. കുടുംബങ്ങള്‍ അന്യം നില്‍ക്കുന്നതിന്റെ മാനസിക, സാംസ്‌കാരിക ആഘാതങ്ങള്‍ വേറെയും. അപൂര്‍വ നൈപുണ്യങ്ങള്‍ പലതും ജനിതകമായി കൈമാറ്റം ചെയ്യപ്പെടാതെ പോകുന്നുവെന്നതാണ് ഏറ്റവും വലിയ പ്രശ്‌നം.
തൊഴില്‍ ശേഷിയില്‍ വന്ന ഭീകരമായ ഇടിവാണ് ഒറ്റക്കുട്ടി നയത്തിന്റെ മറ്റൊരു പ്രധാന പ്രത്യാഘാതം. 2014ല്‍ മാത്രം പതിനഞ്ചിനും അന്‍പത്തിയൊമ്പതിനും ഇടയിലുള്ള, തൊഴില്‍ ശേഷിയുള്ളവരുടെ എണ്ണത്തില്‍ 3.71 മില്യനാണ് കുറവ് വന്നത്. 1979ന് ശേഷം ആകെ തൊഴില്‍ ശേഷി നഷ്ടം 67 മില്യണാണ്. ചൈന വയസ്സന്‍മാരുടെ നാടായി മാറുകയാണ്. യു എന്‍ കണക്ക് പ്രകാരം 2050 ഓടെ ചൈനയില്‍ അറുപത് കഴിഞ്ഞവരുടെ എണ്ണം 440 മില്യനാകും. മീഡിയന്‍ വയസ്സ് ഇന്ത്യയില്‍ 37 ആണെങ്കില്‍ ചൈനയില്‍ 46 ആണ്. ഇന്ത്യയില്‍ 65 വയസ്സിന് മുകളിലുള്ളവരുടെ ശതമാനം 12.7 ശതമാനമാണെങ്കില്‍ ചൈനയില്‍ 23.9 ശതമാനമാണ്. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്താണ് ചൈന നയം മാറ്റത്തിന് തയ്യാറാകുന്നത്. 2015ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഒറ്റക്കുട്ടി നയം പാടേ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ ചൈനീസ് പാര്‍ലിമെന്റ് അതിന് അംഗീകാരം നല്‍കുകയും ചെയ്തു. എന്നിട്ടും സ്ഥിതിഗതികളില്‍ വലിയ മാറ്റം സാധ്യമായിട്ടില്ലെന്നാണ് കുടുംബാസൂത്രണ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. പ്രജനന ശേഷിയിലെ കുറവ് തന്നെയാണ് പ്രശ്‌നം.

ചില നടത്തങ്ങള്‍ അങ്ങനെയാണ്. തിരിച്ചു നടത്തം എളുപ്പമാകില്ല. ജനന നിയന്ത്രണമെന്ന പ്രയോഗം തന്നെ കള്ളത്തരമാണ്. ജനനനിഷേധമാണ് നടക്കുന്നത്. കൊന്നു കളഞ്ഞ കുഞ്ഞുങ്ങളുടെ നിലവിളികള്‍ ചൈനയെ ചൂഴ്ന്ന് നില്‍ക്കുന്നു. വന്‍ ശക്തിയാകാന്‍ വെമ്പുന്ന കമ്യൂണിസ്റ്റ് രാജ്യത്തിന്റെ എല്ലാ അഹംഭാവങ്ങളെയും തകര്‍ത്തെറിയാന്‍ പര്യാപ്തമാണ് ഈ നിലവിളികള്‍. ഒറ്റപ്പെട്ടു പോയ യുവാക്കളും ബന്ധുബലമില്ലാത്ത കൗമാരക്കാരും ഉര്‍വരത നഷ്ടപ്പെട്ട സ്ത്രീകളും ആര്‍ക്കും വേണ്ടാത്ത വൃദ്ധന്‍മാരുമാണ് കുടുംബാസൂത്രണത്തിന്റെ ദുരന്ത ഫലം. പാശ്ചാത്യ ഗൂഢാലോചനക്ക് വഴങ്ങി, കോടികളുടെ ഫണ്ട് പറ്റി കുടുംബാസൂത്രണം ഇന്നും അജന്‍ഡയായി നിലനിര്‍ത്തുന്ന ഇന്ത്യക്ക് ചൈനയുടെ അനുഭവത്തില്‍ നിന്ന് പഠിക്കാനുണ്ട്.