ഖത്വറില്‍ ഇന്ത്യന്‍ സ്‌കൂളുകളുടെത് മികച്ച പ്രകടനം

Posted on: February 20, 2017 10:38 pm | Last updated: February 20, 2017 at 10:21 pm

ദോഹ: വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച 2015- 16 അധ്യയന വര്‍ഷത്തെ സ്‌കൂളുകളുടെ പ്രകടന പട്ടികയില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ നേടിയത് മികച്ച സ്‌കോര്‍. പ്രമുഖ ഇന്ത്യന്‍ സ്‌കൂളുകളായ ബിര്‍ള പബ്ലിക് സ്‌കൂള്‍, എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍, ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍, ഭവന്‍സ് പബ്ലിക് സ്‌കൂള്‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ തുടങ്ങിയവ മികച്ച സ്‌കോറാണ് നേടിയത്. മസ്ജിദ്, ലൈബ്രറി, ലാബുകള്‍, ഓഡിറ്റോറിയം, ആര്‍ട്‌സ് റൂം, ഗതാഗത സൗകര്യം, കാന്റീന്‍, പേഴ്‌സനല്‍/ സോഷ്യല്‍ കൗണ്‍സിലിംഗ്, മെഡിക്കല്‍ ഹെല്‍ത്ത്, പ്രത്യേക സാമ്പത്തിക സഹായം തുടങ്ങിയ മേഖലകളിലും അന്താരാഷ്ട്ര, സര്‍ക്കാര്‍, മറ്റ് സ്വകാര്യ സ്‌കൂളുകള്‍ എന്നിവക്കിടയില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ മികച്ച നിലവാരമാണ് പുലര്‍ത്തുന്നത്.
മിസൈമിറിലെ ബിര്‍ള പബ്ലിക് സ്‌കൂളിനെ സംബന്ധിച്ച് രക്ഷിതാക്കളുടെ തൃപ്തി 91 ശതമാനമാണ്. രാജ്യത്ത് മറ്റ് സ്വകാര്യ, സര്‍ക്കാര്‍ സ്‌കൂളുകളുടെത് ബിര്‍ളയുമായി തുലനപ്പെടുത്തുമ്പോള്‍ 84 ശതമാനമാണ്. വിദ്യാര്‍ഥികളുടെ തൃപ്തി 86 ശതമാനമാണ്. മറ്റ് സ്‌കൂളുകളേക്കാള്‍ പന്ത്രണ്ട് ശതമാനം കൂടുതലുണ്ട്. രക്ഷിതാക്കളുടെ അതൃപ്തി ഒന്നും വിദ്യാര്‍ഥികളുടെത് നാലും ശതമാനമാണ്.

അതേസമയം സ്‌കൂളിന്റെ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളുടെ തൃപ്തി 64 ശതമാനമാണ്. മറ്റ് സ്‌കൂളുകളുടെത് 66 ശതമാനമാണ്. ആവശ്യമുള്ള കുട്ടികള്‍ക്ക് അധിക വിദ്യാഭ്യാസ സഹായം ചെയ്യുന്നത് സംബന്ധിച്ച അഭിപ്രായം 71 ശതമാനമാണ്. മറ്റ് സ്‌കൂളുകളുടെത് 69 ശതമാനവും.

എം ഇ എസ് ഇന്ത്യന്‍ സ്‌കൂളുകളെ സംബന്ധിച്ച രക്ഷിതാക്കളുടെ തൃപ്തി 91 ശതമാനമാണ്. മറ്റ് സ്‌കൂളുകളുടെത് 84 ശതമാനവും. വിദ്യാര്‍ഥികളുടെ അഭിപ്രായത്തില്‍ സ്‌കൂളിന്റെ പ്രകടനം 84 ശതമാനമാണ്. മറ്റ് സ്‌കൂളുകളുടെത് 74 ശതമാനമാണ്. രക്ഷിതാക്കളുടെ അതൃപ്തി ഒരു ശതമാനും വിദ്യാര്‍ഥികളുടെത് അഞ്ച് ശതമാനവുമാണ്. സ്‌കൂളിന്റെ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ 83 ശതമാനം രക്ഷിതാക്കളും തൃപ്തരാണ്. മറ്റ് സ്‌കൂളുകളുടെത് 66 ശതമാനമാണ്. ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസ സഹായം നല്‍കുന്നതായി 70 ശതമാനം രക്ഷിതാക്കളും അഭിപ്രായപ്പെടുന്നു. മിസൈമിറിലെ ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിന്റെ പ്രകടനം സംബന്ധിച്ച രക്ഷിതാക്കളുടെ മാര്‍ക്ക് 79 ശതമാനമാണ്. മറ്റ് സ്‌കൂളുകളുടെത് 84 ശതമാനമാണ്. വിദ്യാര്‍ഥികളുടെത് 68 ശതമാനമാണ്. രക്ഷിതാക്കളുടെ അതൃപ്തി നാലും വിദ്യാര്‍ഥികളുടെത് പതിനൊന്നും ശതമാനമാണ്. പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ 65 ശതമാനം രക്ഷിതാക്കള്‍ തൃപ്തി രേഖപ്പെടുത്തി. ആവശ്യമുള്ളവര്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസ സഹായം നല്‍കുന്നുവെന്ന് 49 ശതമാനം പേര്‍ മാത്രമാണ് അഭിപ്രായപ്പെടുന്നത്.

ഓള്‍ഡ് എയര്‍പോര്‍ട്ടിലെ ഭവന്‍സ് പബ്ലിക് സ്‌കൂളിനെ സംബന്ധിച്ച് രക്ഷിതാക്കളുടെ മാര്‍ക്ക് 85 ശതമാനമാണ്. വിദ്യാര്‍ഥികളുടെത് 86 ശതമാനവും. രക്ഷിതാക്കളുടെ അതൃപ്തി മൂന്നും വിദ്യാര്‍ഥികളുടെത് നാലും ശതമാനമാണ്. പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളുടെ തൃപ്തി 66 ശതമാനമാണ്. ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസ സഹായം നല്‍കുന്നുവെന്ന് 64 ശതമാനം പേര്‍ സാക്ഷ്യപ്പെടുത്തുന്നു. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിനെ സംബന്ധിച്ച് രക്ഷിതാക്കളുടെ സംതൃപ്തി 92 ശതമാനമാണ്. വിദ്യാര്‍ഥികളുടെത് 86ഉം. രക്ഷിതാക്കള്‍ക്ക് തീരെ അതൃപ്തിയില്ല. നാല് ശതമാനം വിദ്യാര്‍ഥികള്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളുടെ മാര്‍ക്ക് 80 ശതമാനമാണ്. ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസ സഹായം നല്‍കുന്നുണ്ടെന്ന് 67 ശതമാനം രക്ഷിതാക്കള്‍ കരുതുന്നു.