Connect with us

Gulf

ഖത്വറില്‍ ചെക്കുകള്‍ മടങ്ങുന്ന കേസുകള്‍ വര്‍ധിക്കുന്നു

Published

|

Last Updated

ദോഹ: രാജ്യത്ത് ചെക്കുകള്‍ മടങ്ങുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിക്കുന്നു. ഒരു വര്‍ഷം ചെക്കുമായി ബന്ധപ്പെട്ട 20,000 കേസുകളാണ് ഖത്വര്‍ കോടതികളിലെത്തുന്നതെന്ന് അഭിഭാഷകനും അല്‍ ശമ്മാരി ആന്‍ഡ് അല്‍ഹജരി നിയമ സ്ഥാപന സ്ഥാപകാംഗവുമായ ഹവാസ് മുനവ്വര്‍ അല്‍ ശമ്മാരി ദി പെനിന്‍സുലയോട് പറഞ്ഞു.

അക്കൗണ്ടില്‍ മതിയായ പണമില്ലാതെ ചെക്കുകള്‍ മടങ്ങുന്ന കേസുകളാണ് ഏറ്റവും കൂടുതലായി ഇപ്പോള്‍ കോടതികളില്‍ എത്തുന്നതെന്ന് സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ അടുത്തിടെ പുറത്തുവിട്ട രേഖകളില്‍ നിന്ന് വ്യക്തമാണ്. കഴിഞ്ഞ ഞായറാഴ്ച മാത്രം മിസ്ഡിമീനര്‍ കോടതി 86 ചെക്ക് മടങ്ങിയ കേസുകളാണ് പരിഗണനക്കെടുത്തതെന്ന് കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നു.
ചെക്ക് മടങ്ങിയ കേസുകളില്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും അവരുടെ സാമ്പത്തിക ബാധ്യത നിയമാനുസൃതം തീര്‍പ്പാക്കുന്നിതിന് അവസരം നല്‍കണമെന്നും പെട്ടെന്നുളള നടപടികള്‍ കൈക്കൊള്ളണമെന്നും രാജ്യത്തെ ബേങ്കുകള്‍ക്ക് ഖത്വര്‍ സെന്‍ട്രല്‍ ബേങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ശമ്മാരി പറഞ്ഞു. ചെക്കുകള്‍ ദുരുപയോഗം ചെയ്തതായാണ് ഇത്തരം കേസുകളില്‍ കൂടുതലായൂം കാണാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. പലരും ചെക്ക് ഒരു ഗ്യാരന്റി എന്ന നിലയിലാണ് കൈമാറ്റം നടത്തി വരുന്നത്. എന്നാല്‍ പണത്തിന് പകരം ഉപയോഗിക്കാന്‍ കഴിയുന്ന ഒരു വസ്തുവായി മാത്രമാണ് ചെക്കിനെ ഖത്വര്‍ നിയമ വ്യവസ്ഥ കണക്കാക്കി വരുന്നത്. ചെക്കിന് നിയമത്തില്‍ പരാമര്‍ശിച്ച ഉപയോഗം മാത്രമേ നടക്കുന്നുള്ളൂവെന്ന് ഉറപ്പ് വരുത്തുകയും ഗ്യാരന്റിയായി ചെക്ക് നല്‍കുന്നത് അവസാനിപ്പിക്കുകയും ചെയ്താല്‍ മാത്രമേ നിലവിലെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയുകയുള്ളൂവെന്ന് ശമ്മാരി പറഞ്ഞു.
ഖത്വറിലെ കോടതികളില്‍ എത്തുന്ന കേസുകളില്‍ കൂടുതലും സിവില്‍, ബിസിനസ് തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടവയാണ്. ലോകത്ത് കുറ്റകൃത്യ നിരക്ക് കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഖത്വര്‍. അതിനാല്‍ തന്നെ ക്രിമിനല്‍ കേസുകള്‍ ഇവിടെ കുറവായിരുന്നു. എന്നാല്‍ ജനസംഖ്യയിലുണ്ടാവുന്ന വര്‍ധനയനുസരിച്ച് ക്രിമിനല്‍ കേസുകളിലും നേരിയ വര്‍ധന റിപ്പോര്‍ട്ട് ചയ്യുന്നുണ്ടെന്നും ശമ്മാരി പറഞ്ഞു.
വ്യാപാരവുമായി ബന്ധപ്പെട്ട കേസുകളില്‍ കൂടുതലും ചെക്കു കേസുകളാണ്. സാമ്പത്തികം, തട്ടിപ്പ്, വഞ്ചന, ഫണ്ടിംഗ്, വാടക തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.