വാഹനം നിത്യവും പരിശോധിച്ചാല്‍ വര്‍ഷം 25 ഗാലന്‍ പെട്രോള്‍ ലാഭിക്കാം

Posted on: February 20, 2017 10:10 pm | Last updated: February 20, 2017 at 9:55 pm

ദോഹ: വാഹനങ്ങള്‍ നിത്യമായി ശ്രദ്ധിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് ഉപഭോക്താക്കള്‍ക്ക് പണ, സമയ ലാഭം നല്‍കുകയും പരിസ്ഥിതിക്ക് ഗുണമാവുകയും ചെയ്യുമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. വാഹന പരിപാലനവുമായി മന്ത്രാലയം ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. എഞ്ചിന്‍ ഓയില്‍, ഒയില്‍ ഫില്‍ട്ടേര്‍സ്, ടയറിലെ കാറ്റ് എന്നിവ ആവശ്യമായ അളവില്‍ ഉണ്ടോ എന്ന് നിത്യമായി പരിശോധിക്കുന്നതിലൂടെ പ്രതിവര്‍ഷം 23 ഗാലന്‍ പെട്രോള്‍ വാഹന ഉടമക്ക് ലാഭിക്കാന്‍ കഴിയും.

തകരാറിലായ ഫില്‍ട്ടറുകള്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതിലൂടെയും ഉടമയക്കും പരിസ്ഥിതിക്കും വലിയ നേട്ടങ്ങള്‍ ലഭ്യമാക്കാം. ഫില്‍ട്ടര്‍ കൃത്യമായി വൃത്തിയാക്കുന്നതിലൂടെ വാഹനം പുറത്ത് വിടുന്ന നൈട്രജന്റെ അളവ് പത്ത് ശതമാനവും ജൈവ ഉപോത്പന്ന വാതകങ്ങളുടെ പുറന്തള്ളല്‍ 20 ശതമാനം വരെയും കുറക്കാന്‍ സാധിക്കുമെന്ന് അന്താരാഷ്ട്ര പഠനങ്ങളില്‍ വ്യക്തമായതാണ്. ടയറുകളിലെ കാറ്റ് നിര്‍ദേശിക്കപ്പെട്ട അളവിലാണെന്ന് ഉറപ്പ് വരുത്തുന്നതിലൂടെ പെട്രോളിന്റെ ഉപഭോഗം മൂന്ന് ശതമാനം കുറക്കാന്‍ കഴിയും. നിത്യമായി ഇത് തുടരുകയാണെങ്കില്‍ പ്രതിവര്‍ഷം 18 ഗാലന്‍ പെട്രോള്‍ ലാഭിക്കാന്‍ കഴിയുമെന്നും വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മന്ത്രാലയം നിര്‍ദേശിക്കുന്നു.
ബ്രേക്ക് അമര്‍ത്തുമ്പോള്‍ നാല് അടയാളങ്ങള്‍ കാണിക്കുകയാണെങ്കില്‍ ഇത് റിപ്പയര്‍ ചെയ്യാന്‍ സമയമായതിന്റെ സൂചനയാണ്. ബ്രേക്ക് ഉപയോഗിക്കുമ്പോള്‍ വാഹനത്തിന് വിറയല്‍, ഉപയോഗിക്കുമ്പോള്‍ സാധാരണ കാണുന്നതിലും താഴ്ന്ന നിലയിലേക്ക് ബ്രേക്ക് പെഡല്‍ താഴ്ന്ന് പോകല്‍, പെഡലില്‍ അമര്‍ത്തുമ്പോള്‍ വാഹനം ഏതെങ്കിലും ദിശയിലേക്ക് മാറല്‍, ഉപയോഗിക്കുമ്പോള്‍ അപരിചിതമായ ശബ്ദം പുറത്തുവരല്‍ എന്നിവയാണ് നിര്‍ദേശങ്ങള്‍.
വാഹനത്തിന്റെ വിവിധ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് ഡാഷ് ബോര്‍ഡില്‍ നല്‍കിയ മുന്നറിയിപ്പ് അടയാളങ്ങളില്‍ എപ്പോഴും ഡ്രൈവറുടെ ശ്രദ്ധ ആവശ്യമാണ്. വാഹനം റോഡില്‍ നിന്നു പോകുകയാണെങ്കില്‍ സാധ്യമെങ്കില്‍ ഗതാഗതത്തിന് തടസ്സമാകാത്ത വിധം റോഡ് സൈഡിലേക്ക് മാറ്റി നിര്‍ത്തുക. അപകട സിഗ്‌നല്‍ കത്തിക്കുകയും വാഹനത്തിന് 45 മീറ്റര്‍ അകലത്തില്‍ മുന്നറിയിപ്പ് പോസ്റ്റ് സ്ഥാപിക്കുകയും വേണം.
ഉപഭോക്താക്കളുടെ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടും സുരക്ഷ മുന്‍നിര്‍ത്തിയുമാണ് ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിക്കുന്നതെന്ന് മന്ത്രാലയം പറഞ്ഞു.