Connect with us

Gulf

കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കാന്‍ പതിനേഴുകാരി

Published

|

Last Updated

ദോഹ: ഖത്വറിലെ അതിശയകരവും അതിമനോഹരവുമായ സ്ഥലങ്ങളിലൊന്നായ പര്‍പ്പിള്‍ ഐലന്‍ഡിലെ കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കാന്‍ പതിനേഴുകാരിയുടെ പരിശ്രമം. ആദ്യ സന്ദര്‍ശനത്തില്‍ തന്നെ പ്രകൃതിയുടെ വരദാനമായ കണ്ടല്‍ക്കാടുകളുമായി പ്രണയത്തിലായ ലിന അല്‍തറവ്്‌നെയാണ് കണ്ടലുകളെ സംരക്ഷിക്കാന്‍ തന്റെതായ പദ്ധതിയുമായി മുന്നോട്ട് നീങ്ങുന്നത്.

ഖത്വറില്‍ ജനിച്ചു വളര്‍ന്ന ജോര്‍ദാന്‍കാരിയായ തറവ്‌നെ കുടുംബത്തോടുള്ള യാത്രയിലാണ് ഈ സൗന്ദര്യ തീരം കണ്ടത്. അതിന്റെ ഭംഗി മനംമയക്കുന്നതായിരുന്നു. എന്നാല്‍, ഖത്വറില്‍ അധികം പേര്‍ക്കും ഈ സ്ഥലത്തെക്കുറിച്ചറിയില്ലെന്ന കാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതിനു ഒരു മാറ്റം വരുത്തുകയും ഒപ്പം കണ്ടലുകളുടെ സ്ഥിതി മെച്ചപ്പെടുത്തുകയുമാണ് അല്‍തറവ്്‌നെയുടെ ലക്ഷ്യം. ഈയിടെ നടത്തിയ സന്ദര്‍ശനത്തില്‍ ഈ പ്രദേശം മുഴുവന്‍ മാലിന്യം നിറഞ്ഞതായി അവര്‍ കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ഗ്രീന്‍ മാന്‍ഗ്രൂവ്‌സ് എന്ന പേരില്‍ ലാഭേഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘത്തിന് അല്‍തറവ്്‌നെ രൂപം നല്‍കിയത്. പ്രദേശത്തേക്ക് പരിസ്ഥിതി സൗഹൃദ സന്ദര്‍ശനങ്ങള്‍ നടത്തുകയാണ് ഗ്രീന്‍ മാന്‍ഗ്രൂവ്‌സിന്റെ പ്രധാന പദ്ധതി.

കണ്ടല്‍ക്കാടുകളിലേക്ക് വളന്റിയര്‍മാരുടെ സഹായത്തോടെ ചെറുതോണികളില്‍ സന്ദര്‍ശനം ഒരുക്കാനാണ് അല്‍തറവ്്‌നെയുടെ പരിപാടി. കണ്ടലിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ടു വളരുന്ന ജീവികളെക്കുറിച്ചും ബോധവത്കരിക്കുന്നതോടൊപ്പം പ്രദേശം ശുചീകരിച്ച് തിരിച്ചുപോരുന്ന രീതിയിലായിരിക്കും ട്രിപ്പ്.

2015ലാണ് അല്‍തറവ്്‌നെയ്ക്ക് ഈ ആശയം മനസ്സിലുദിച്ചത്. അന്ന് മുതല്‍ ഇതിന് വേണ്ടി ഒരു ഗ്രൂപ്പിനെ ഉണ്ടാക്കിയെടുക്കാനുള്ള പരിശ്രമത്തിലായിരുന്നു പതിനേഴുകാരി. ഒരു വെബ്‌സൈറ്റ് സ്ഥാപിച്ചതിനോടൊപ്പം ഉപദേശം തേടി യു എസില്‍ വരെ സന്ദര്‍ശനം നടത്തി. ഇതിനായി ഒക്‌ടോബറില്‍ ഹാവഡ് സോഷ്യല്‍ ഇന്നൊവേഷന്‍ കൊളാബറേറ്റീവ് ഗ്ലോബല്‍ ട്രയല്‍ബ്ലേസര്‍ എന്ന മത്സരത്തില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. ലോകതലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് നവസംരഭകര്‍ക്ക് ഹാവഡില്‍ നടക്കുന്ന സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ് ഇന്നൊവേഷന്‍ സമ്മിറ്റില്‍ തങ്ങളുടെ ആശയം സമര്‍പ്പിക്കാന്‍ അവസരം ലഭിക്കും. തങ്ങളുടെ പദ്ധതി വിജയകരമാക്കാനുള്ള ഉപദേശങ്ങളും അവിടെ നിന്ന് ലഭിക്കും. ഹാവഡില്‍ നിന്ന് ലഭിച്ച വിദഗ്‌ധോപദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അല്‍തറവ്്‌നെ ഗ്രീന്‍ മാന്‍ഗ്രൂവ്‌സ് എന്ന ഗ്രൂപ്പിന് രൂപം നല്‍കിയത്.
അടുത്ത മാസം പദ്ധതിക്കു തുടക്കമിടാനാണ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ എന്‍ജിനീയറിംഗ് ബിരുദധാരിയും ഒരു ബയോളജിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയുമാണ് അല്‍തറവ്്‌നെയോടൊപ്പമുള്ളത്. പദ്ധതി ആരംഭിക്കും മുമ്പ് കൂടുതല്‍ വൊളന്റിയര്‍മാരെ തേടുകയാണ് അല്‍തറവ്്‌നെ. യുവജനങ്ങളോടൊത്ത് പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്ന പരിസ്ഥിതിയെയും പ്രകൃതിയെയും സ്‌നേഹിക്കുന്ന ആര്‍ക്കും അപേക്ഷിക്കാം. http://greenmangroves.wixsite.com/greenmangroves/joinus എന്ന വെബ്‌സൈറ്റിലുള്ള ഫോം ഡൗണ്‍ലോഡ് ചെയ്താണ് അപേക്ഷിക്കേണ്ടത്. തങ്ങളുടെ പദ്ധതി പകര്‍ത്താന്‍ താത്പര്യമുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്കും സഹകരിക്കാമെന്ന് അല്‍തറവ്്‌നെ പറഞ്ഞു.