ഇന്ത്യയിലേക്ക് കൂടുതല്‍ വിമാനങ്ങളുമായി ഫ്‌ളൈ നാസ്, ഇത്തിഹാദ് സഹകരണം

സഊദിയിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവീസ് രംഗത്ത് മത്സരം മുറുകുന്നതിനും നിരക്കു കുറയുന്നതിനും കരാർ വഴിയൊരുക്കും
Posted on: February 20, 2017 9:03 pm | Last updated: June 30, 2017 at 2:47 pm

ദമ്മാം: സഊദി നഗരങ്ങളില്‍ നിന്നും കേരളമുള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ലഭ്യമാക്കി സഊദി വിമാന കമ്പനിയായ ഫ്ളൈ നാസും യു എ ഇ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദും ധാരണയിലെത്തി. ഇരു വിമാന കമ്പനികളും ഒപ്പുവെച്ച് കോഡ്‌ഷെയറിംഗ് ധാരണ അനുസരിച്ച് ഇന്ത്യയിലെ ഏഴു നഗരങ്ങളിലേക്കുകൂടി ഫ്‌ളൈനാസ് സര്‍വീസ് വര്‍ദ്ധിപ്പിക്കും. അബുദാബി വഴിയായിരിക്കും യാത്ര. 30 കിലോ ലഗേജ് സഹിതമാണ് സര്‍വീസ്.

നിലവില്‍ റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളില്‍ നിന്ന് അബൂദാബിയിലേക്ക് ആഴ്ചയില്‍ 18 വിമാനങ്ങളാണ് ഫ്‌ളൈ നാസിനുള്ളത്. കോഡ്‌ഷെയര്‍ കരാര്‍ അനുസരിച്ച് സഊദിയില്‍ നിന്ന് ഒരേ ടിക്കറ്റില്‍ കുറഞ്ഞ നിരക്കില്‍ വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് യാത്ര ചെയ്യാം. ഇതുകൂടാതെ സഊദി യാത്രക്കാര്‍ക്ക് ഇത്തിഹാദിന്റെ ഗ്ലോബല്‍ നെറ്റ്‌വര്‍ക്കിലെ 20 നഗരങ്ങളിലേക്കും അബുദാബി വഴി യാത്ര ചെയ്യാനാകും. അബൂദാബിയില്‍ നിന്ന് ഇത്തിഹാദ് പറക്കുന്ന ഇന്ത്യന്‍ നഗരങ്ങളായ മുംബൈ, ന്യൂഡല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരബാദ്, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഇനി ഫ്‌ളൈ നാസില്‍ ടിക്കറ്റ് ലഭിക്കും. ഇരു എയര്‍വെയ്‌സ് കമ്പനികളും 2012 ല്‍ ഒപ്പിട്ട കോഡ്‌ഷെയര്‍ കരാറിന്റെ വിപുലീകരണമാണിപ്പോള്‍ നടന്നത്. ഫ്‌ളൈ നാസ് ഈ വര്‍ഷം ആഭ്യന്തര സര്‍വീസുകള്‍ വികസിപ്പിച്ചതിനാല്‍ സഊദിയിലെ ഒട്ടുമിക്ക എയര്‍പോര്‍്ട്ടുകളില്‍നിന്നും മലയാളികളുള്‍പ്പെടെയുള്ളവര്‍ക്ക് കൊച്ചി, കോഴിക്കോട് അടക്കമുള്ള ഏഴു ഇന്ത്യന്‍ നഗരങ്ങളിലേക് ഫ്‌ളൈ നാസില്‍ ടിക്കറ്റ് ലഭിക്കും.

ഇത്തിഹാദുമായുള്ള പങ്കാളിത്തത്തോടെ അന്താരാഷ്ട്ര സര്‍വീസുകളും നെറ്റ്‌വര്‍ക്കും ആണ് ഇപ്പോള്‍ വര്‍ദ്ധിപ്പിക്കുന്നതെന്ന് നാസ് സിഇഒ ബന്ദര്‍ അല്‍ മുഹന്ന പറഞ്ഞു. യു എ ഇ തലസ്ഥാന നഗരി വഴി ഇത്തിഹാദുമായുള്ള കരാര്‍ യാത്രക്കാര്‍ക്ക് തൃപ്തികരമാകുന്ന രീതിയില്‍ അവരെ സ്വീകരിക്കാനും മറ്റു അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്ക് ഇത് ഉപയോഗപ്പെടുത്താനുമാകും. പ്രത്യേകിച്ച് കൂടുതല്‍ യാത്രക്കാരുള്ള സഊദിയില്‍ നിന്ന് ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിലേക്ക് ആരംഭിക്കുന്ന പുതിയ സര്‍വീസുകള്‍ പ്രവാസികള്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകും. ഒരേ വിമാനത്തിന്റെ കണക്ഷന്‍ ടിക്കറ്റില്‍ സഞ്ചരിക്കുന്നത് പോലെ യാത്ര ചെയ്യാനാവും എന്നതാണ് കോഡ്‌ഷെയര്‍ സര്‍വീസുകളുടെ പ്രത്യേകത. നിലവില്‍ ജെറ്റ് എയര്‍വെയ്‌സുമായുള്ള ഇത്തരം കരാര്‍ അടിസ്ഥാനത്തിലാണ് ഇത്തിഹാദിന്റെ കൂടുതല്‍ ഇന്ത്യന്‍ സര്‍വീസുകളും.

ഫ്‌ളൈ നാസ്-ഇത്തിഹാദ് സഹകരണം പ്രാബല്യത്തിലാകുന്നതോടെ സഊദിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് രംഗത്ത് മത്സരം മുറുകും. ഇത് യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കാന്‍ സഹായിക്കും. തലസ്ഥാന നഗരിയായ റിയാദില്‍ നിന്ന് ഈയടുത്താണ് ഇന്ത്യന്‍ എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചത്. കൂടുതല്‍ സമയം പാഴാക്കാതെ നേരിട്ടുള്ള വിമാനങ്ങള്‍ വഴി നാടണയാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് നാസ് എയറിന്റെ കുറഞ്ഞ നിരക്കിലെ സര്‍വീസുകള്‍ സഹായകമാകും.