പ്രത്യേക തൊഴില്‍ വിസയുള്ളവര്‍ക്കും പുതിയ തൊഴില്‍ നേടാം

Posted on: February 20, 2017 8:45 pm | Last updated: February 20, 2017 at 8:43 pm

ദോഹ: റിക്രൂട്ട് ചെയ്ത പ്രത്യേക പദ്ധതികള്‍ പൂര്‍ത്തിയായാല്‍ പുതിയ തൊഴില്‍ ഏറ്റെടുക്കാന്‍ അനുവാദമുണ്ടാകുമെന്ന് ഭരണവികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രത്യേക വിസ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ പ്രത്യേക പദ്ധതികള്‍ക്കായി റിക്രൂട്ട് ചെയ്ത തൊഴിലാളികള്‍ക്ക് പദ്ധതി കഴിഞ്ഞാല്‍ പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുമായിരുന്നില്ല. പദ്ധതി പൂര്‍ത്തിയായാല്‍ രാജ്യം വിടണമായിരുന്നു. ഇപ്പോള്‍ ആ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. പ്രത്യേക വിസയില്‍ വന്നവര്‍ക്കും പുതിയ ജോലി തേടാം. തൊഴില്‍ കരാര്‍ സമാന മേഖലയില്‍ തൊഴിലെടുക്കുന്നതില്‍ നിന്ന് ജീവനക്കാരെ തടയാന്‍ കമ്പനികള്‍ക്ക് അവകാശമുണ്ടാകും. കാലാവധി കഴിഞ്ഞ ശേഷമാണെങ്കിലും ഈ അവകാശം കമ്പനികള്‍ക്കുണ്ടാകും. സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് മുന്‍ ജീവനക്കാരെ തടയുന്നതിന് കരാറില്‍ ഇക്കാര്യം വ്യക്തമാക്കാന്‍ പുതിയ തൊഴില്‍ നിയമപ്രകാരം തൊഴിലുടമക്ക് അവകാശമുണ്ടാകും. തൊഴില്‍ കരാറില്‍ ഇത് പ്രത്യേകം പരാമര്‍ശിക്കണം.

ഇതുള്‍പ്പെടുത്തിയ കരാര്‍ അംഗീകരിച്ച് ജീവനക്കാരന്‍ ഒപ്പുവെച്ചാല്‍ കമ്പനിയുടെ പ്രവര്‍ത്തന മേഖലയില്‍ നേരിട്ടു മത്സരരംഗത്ത് വരാന്‍ അവകാശമുണ്ടാകില്ല. അതേസമയം നേരിട്ട് മത്സരരംഗത്തില്ലാത്ത കമ്പനികളില്‍ അത്തരം ജീവനക്കാര്‍ക്ക് ജോലിയേറ്റെടുക്കാം. കരാറില്‍ ഇക്കാര്യം പരാമര്‍ശിച്ചില്ലെങ്കില്‍ സമാന ജോലിയില്‍ മറ്റൊരു കമ്പനിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ജീവനക്കാരനെ തടയാന്‍ തൊഴിലുടമക്ക് അവകാശമുണ്ടാകില്ല.
കരാര്‍ കാലാവധി കഴിഞ്ഞ ശേഷം തൊഴില്‍ മാറുന്നതിന് പ്രവാസി തൊഴിലാളിക്ക് മൂന്ന് മാസത്തെ ഇളവ് അനുവദിക്കും. ഈ കാലപരിധിക്കുള്ളില്‍ തൊഴില്‍ മാറുന്നതിനുള്ള നടപടിക്രമങ്ങള്‍ തൊഴിലാളി പൂര്‍ത്തിയാക്കണം. തൊഴില്‍ കരാറില്ലാതെ ഖത്വറിലേക്ക് ജോലിക്ക് പ്രവേശിക്കാന്‍ പ്രവാസിക്ക് സാധിക്കില്ല. പ്രവാസിയുടെ രാജ്യത്ത് നിന്നുതന്നെ തൊഴില്‍ കരാര്‍ ഒപ്പുവെക്കണം. തൊഴില്‍ കരാര്‍ ഓണ്‍ലൈനായി ഒപ്പുവെക്കുന്നതിന് തൊഴില്‍ മന്ത്രാലയം ഏല്‍പ്പിച്ച സ്വിസ് കമ്പനി സൗകര്യമൊരുക്കും. കരാര്‍ ലഭിച്ചാല്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് അനുമതിയുണ്ടാകും. തൊഴിലാളിയുടെ പൗരത്വം അടിസ്ഥാനമാക്കി പത്ത് ഭാഷകളില്‍ തൊഴില്‍ കരാറുകള്‍ ഒപ്പുവെക്കാം. കരാറിലെ ഉള്ളടക്കം മനസ്സിലാക്കാന്‍ ഇത് തൊഴിലാളിയെ സഹായിക്കുമെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.