ഖത്വറില്‍നിന്നു പോയ ഫുട്‌ബോള്‍ താരത്തിന് അമേരിക്കയില്‍ പ്രവേശന വിലക്ക്

Posted on: February 20, 2017 8:35 pm | Last updated: February 20, 2017 at 8:36 pm
യോര്‍കെ

ദോഹ: ഖത്വറില്‍ നിന്നും പോയ മുന്‍ മാഞ്ചസ്റ്റര്‍ യൂനൈറ്റഡ് താരവും ബി ഇന്‍ സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റര്‍ ഡൈറ്റ് യോര്‍കെയെ അമേരിക്കന്‍ അധികൃതര്‍ രാജ്യത്തു പ്രവേശിക്കുന്നതു വിലക്കി. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ചാരിറ്റി മാച്ചില്‍ പങ്കെടുത്തു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് 45കാരനായ യോര്‍കെയെ തടഞ്ഞത്.

സ്വദേശമായ കരീബിയനിലേക്കു മടങ്ങുന്ന വഴിയിലാണ് യോര്‍കെ അമേരിക്കയില്‍ ഇറങ്ങാന്‍ ശ്രമിച്ചത്. ഇത്തരമൊരു സംഭവം ഉണ്ടായത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് യോര്‍കെ ബ്രിട്ടീഷ് പത്രത്തോടെ പ്രതികരിച്ചു. ഞാന്‍ അമേരിക്കയെ ഒരുപാട് സ്‌നേഹിക്കുന്നു. നിരവധി തവണ അവിടെ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ കുറ്റവാളികളെ പരിഗണിക്കുന്നതു പോലെയാണ് അവര്‍ തന്നെ കൈകാര്യം ചെയ്തത്. ടിക്കറ്റെടുത്ത് ചെക്ക് ഇന്‍ പൂര്‍ത്തിയാക്കി വിമാനത്തിലേക്കു നടക്കാന്‍ തുനിയവെയാണ് രണ്ടു ഉദ്യോഗസ്ഥര്‍ തടഞ്ഞത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നുണ്ടായിരുന്നില്ല.

വിസ പ്രശ്‌നമുണ്ടെന്നാണ് അവര്‍ അറിയിച്ചത്. പാസ്‌പോര്‍ട്ടില്‍ ഇറാന്‍ സ്റ്റാംപ് പതിച്ചിട്ടുള്ളതിനാല്‍ തന്റെ പേര് റെഡ് മാര്‍ക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് അമേരിക്കന്‍ അധികൃതര്‍ അറിയിച്ചത്. ഒരു രാത്രി അവിടെ തങ്ങുക പോലും ചെയ്യാതെ ഒരു കളിയില്‍ പങ്കെടുക്കാനാണ് ഇറാനില്‍ പോയത്. തിരിച്ചു ഖത്വറിലേക്കു തന്നെ അയക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. സ്വന്തം നാട്ടിലേക്കു പോകുകയാണെന്നും ഖത്വറില്‍ താന്‍ താമസക്കാരനല്ലെന്നും ഉദ്യോഗസ്ഥരെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുവെന്നും അദ്ദേഹം അറിയിച്ചു.