നടിയെ ആക്രമിച്ച കേസ്: ഡിജിപി  നേരിട്ടു ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മിഷന്‍

Posted on: February 20, 2017 7:40 pm | Last updated: February 21, 2017 at 10:04 am

ന്യൂഡല്‍ഹി: മലയാള നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന കേസില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരിട്ടു ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മിഷന്‍. കേസ് അന്വേഷണം ഏതുഘട്ടത്തിലാണെന്നു വ്യക്തമാക്കണം. ഇതുവരെ എടുത്ത നടപടികള്‍ വിശദീകരിക്കണം, തുടര്‍നടപടികള്‍ വേഗത്തിലാക്കണമെന്നും കമ്മിഷന്‍ ചെയര്‍പേഴ്‌സന്‍ ലളിത കുമാരമംഗലം നിര്‍ദേശിച്ചു. നടിയില്‍നിന്നും സംവിധായകനില്‍നിന്നും കൂടുതല്‍ വിശദാംശങ്ങളും കമ്മീഷന്‍ തേടിയിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി 9.30 നാണ് അങ്കമാലി അത്താണിക്കു സമീപം നടിയുടെ കാര്‍ തടഞ്ഞു നിര്‍ത്തി സംഘം വാഹനത്തില്‍ അതിക്രമിച്ചു കയറിയത്. അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ശ്രമം നടി എതിര്‍ത്തു. ഇതോടെ തമ്മനത്തെ ഫഌറ്റിലെത്തിച്ചു ലഹരിമരുന്നു കുത്തിവയ്ക്കുമെന്നു ഭീഷണിപ്പെടുത്തി. ഇവരെ തമ്മനം, ചക്കരപ്പറമ്പ്, വെണ്ണല പ്രദേശങ്ങളിലെ ഇടറോഡുകളിലൂടെ കാറില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തി എന്നാണു നടി നല്‍കിയ സ്ഥല വിവരണത്തില്‍ നിന്നു പൊലീസിന്റെ അനുമാനം. പത്തര മണിയോടെ കാക്കനാട് വാഴക്കാല ഭാഗത്ത് ഇവരെ വിട്ട് പ്രതികള്‍ മറ്റൊരു വാഹനത്തില്‍ കടന്നു കളയുകയായിരുന്നു.

പ്രതികള്‍ക്കെതിരെ പീഡന ശ്രമം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ബലപ്രയോഗത്തിലൂടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.