കുവൈത്തില്‍ പെട്രോള്‍ വൈദ്യുതി വിലവര്‍ദ്ധന പാര്‍ലമെന്റ് സമിതി തടഞ്ഞു

Posted on: February 20, 2017 12:50 pm | Last updated: February 20, 2017 at 12:50 pm

കുവൈത്ത് സിറ്റി: ഈയിടെ വര്‍ധിപ്പിച്ച പെട്രോള്‍ വില വര്‍ധനയും മെയ് മാസം മുതല്‍ നടപ്പാക്കാനിരുന്ന വൈദ്യുതി വെള്ളക്കരം വര്‍ധനയും തടഞ്ഞു കൊണ്ട് കുവൈത്ത് പാര്‍ലമെന്റ് സാമ്പത്തികകാര്യസമിതി ബില്‍ പാസ്സാക്കി. അവശ്യസര്‍വീസുകളുടെ വില ഏകപക്ഷീയമായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും, പാര്‍ലമെന്റില്‍ നിയമം പാസാക്കിയാല്‍ മാത്രമേ നടപ്പാക്കാന്‍ പറ്റൂ എന്നും സമിതി അംഗം സഫാ അല്‍ഹാശിമി വ്യക്തമാക്കി.

എന്നാല്‍, ഉപസമിതിയുടെ തീരുമാനം പാര്‍ലമെന്റ് ഫുള്‍ കോറം പാസാക്കിയാല്‍ മാത്രമേ നിയമമാവുകയുള്ളൂ. പാര്‍ലിമെന്റ് ഭൂരിപക്ഷത്തോടെ പാസാക്കിയാലും സര്‍ക്കാരിന് അതിനെ എതിര്‍ക്കാനും ഭരണഘടനാപരമായി സാധ്യമായതിനാല്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോവുന്ന കാര്യം ഉറപ്പില്ല.

പെട്രോള്‍ വില 40 ശതമാനം വരെ കഴിഞ്ഞ സെപ്റ്റംബറില്‍ വര്‍ധിപ്പിച്ചിരുന്നു. അപ്രകാരം സബ്‌സിഡികള്‍ കുറക്കുകയും വിലകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി വ്യവസായ വാണിജ്യ മേഖലകളിലും വിദേശി പാര്‍പ്പിടങ്ങളിലും വൈദ്യുതി, വെള്ളക്കരം ഈ മെയ് മാസം മുതല്‍ വര്‍ധിപ്പിക്കാനും നടപടി ആരംഭിച്ചിരുന്നു. ഇത് രാജ്യത്തെ ജനങ്ങളുടെ ജീവിതച്ചെലവ് വര്‍ധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് എംപിമാര്‍ രംഗത്ത് വന്നിട്ടുള്ളത്.