കശ്മീര്‍: സൈനിക മേധാവി പറഞ്ഞതിന്റെ നാനാര്‍ഥങ്ങള്‍

പ്രത്യേകമായി തിരഞ്ഞെടുത്ത കരസേനാ മേധാവി മുന്നറിയിപ്പിന്റെ ശബ്ദമുയര്‍ത്തുമ്പോള്‍ അത് സൈന്യത്തിന്റെ മാത്രം ശബ്ദമല്ല, മറിച്ച് ഭരണകൂടത്തിന്റേത് കൂടിയാണെന്ന് തിരിച്ചറിയണം. ഭൂരിപക്ഷത്തിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങുക എന്നത് മാത്രമാണ് ജാനാധിപത്യമെന്ന് വിശ്വസിക്കുന്ന, ഭൂരിപക്ഷ ഇംഗിതമെന്നാല്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ ഇംഗിതമാണെന്ന് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കശ്മീരില്‍ നിന്നുയരുന്ന പ്രതികരണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും രാജ്യദ്രോഹമെന്ന ഒറ്റ വ്യാഖ്യാനം മാത്രമേ നല്‍കാനാകൂ. കശ്മീരില്‍ തീവ്രവാദികള്‍ക്ക് ഇരയാകുന്ന സൈനികരുടെ ജീവന് മറുപടി പറയേണ്ടത് അവിടുത്തെ ജനങ്ങള്‍ കൂടിയാണെന്ന് മാത്രമേ അവര്‍ ധരിക്കൂ. ആ ധാരണ കൂടിയാണ് കരസേനാ മേധാവിയുടെ നാവിലൂടെ പുറത്തുവരുന്നത്.
Posted on: February 20, 2017 11:08 am | Last updated: February 20, 2017 at 11:08 am

ജമ്മു കശ്മീരില്‍ അടുത്തിടെ തീവ്രവാദികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അതിര്‍ത്തിയിലെ നിരീക്ഷണം ശക്തമാക്കുകയും തീവ്രവാദികള്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ ഊര്‍ജിതമാക്കുകയും ചെയ്തതിന് ശേഷവും സംസ്ഥാനത്ത് ഇത്തരം ഏറ്റുമുട്ടലുകളോ തീവ്രവാദികളുടെ ആക്രമണങ്ങളോ തുടരുന്ന കാഴ്ചയാണ് കാണുന്നത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെയും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന അയല്‍ രാജ്യത്തിന് ശക്തമായ സന്ദേശം നല്‍കുന്നതിന്റെയും ഭാഗമായുള്ള ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’, ഭീരകവാദികളുടെ സാമ്പത്തിക സ്രോതസ്സുകളെ ഇല്ലായ്മ ചെയ്യുമെന്ന അവകാശവാദത്തോടെ പ്രഖ്യാപിക്കപ്പെട്ട നോട്ട് നിരോധമെന്ന ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ ഇവക്കൊക്കെ ശേഷവും ജമ്മു കശ്മീരില്‍ ചോരയൊഴുകിക്കൊണ്ടേയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ ഇതിനകം തര്‍ക്കവിധേയമായ പ്രസ്താവന വരുന്നത്.
”സൈന്യത്തിന്റെ പരിശോധനയെ കല്ലേറു കൊണ്ട് തടുക്കാന്‍ ശ്രമിക്കുന്ന കശ്മീരിലെ ചെറുപ്പക്കാരെ ജിഹാദികളെ സഹായിക്കുന്നവരായി കാണും”, ”ഭീകരവാദികളെ കണ്ടെത്താനുള്ള പരിശോധനകള്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവരെ ഭീകരവാദികളെ ഈ മണ്ണില്‍ സഹായിക്കുന്നവരായി കണക്കാക്കും” – എന്നായിരുന്നു ബിപിന്‍ റാവത്തിന്റെ പ്രസ്താവന. രാജ്യസുരക്ഷ, രാജ്യ സ്‌നേഹം എന്നിവ സംബന്ധിച്ച വ്യവസ്ഥാപിതമായ ആശയങ്ങളോട് തുലനം ചെയ്യുമ്പോള്‍ ബിപിന്‍ റാവത്തിന്റെ വാക്കുകള്‍ സ്വാഗതാര്‍ഹമാണ്. തന്റെ സേനയുടെ ഭാഗമായ മേജറുള്‍പ്പെടെ നാല് പേരുടെ മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തുന്ന മേധാവി, വൈകാരികമായി പ്രതികരിച്ച് പോകുന്നതും സ്വാഭാവികം തന്നെ. പക്ഷേ, വാക്കുകളുടെ ഉടമസ്ഥന്‍ കരസേനയുടെ മേധാവിയാണ്. സൈനിക സേവനത്തില്‍ വര്‍ഷങ്ങളുടെ പരിചയമുള്ള വ്യക്തിയാണ്. വികാരത്തിനപ്പുറത്ത് വിവേകമുണ്ടാകാന്‍ പാകത്തില്‍ അനുഭവ പരിചയവും പ്രായവുമുള്ള വ്യക്തിയാണ്. താന്‍ സംസാരിക്കുന്നത് കരസേനയുടെ മേധാവി എന്ന സ്ഥാനത്തിരുന്നുകൊണ്ടാണെന്ന് എല്ലായിപ്പോഴും ഓര്‍ക്കാന്‍ ബാധ്യതപ്പെട്ടയാളുമാണ്. ആ നിലക്ക് തന്റെ അഭിപ്രായത്തെ ജനം, പ്രത്യേകിച്ച് ദശാബ്ദങ്ങളുടെ സംഘര്‍ഷത്തിന്റെ ചരിത്രമുള്ളതും തങ്ങളുടെ സാമൂഹിക രാഷ്ട്രീയ ആവശ്യങ്ങളെ ഭരണകൂടം വേണ്ടുംവിധം പരിഗണിക്കുന്നില്ലെന്ന തോന്നലുള്ളതുമായ ഒരു പ്രദേശത്തെ ജനം, ഏത് വിധത്തില്‍ പരിഗണിക്കുമെന്നതിനെക്കുറിച്ച് ഓര്‍ക്കേണ്ടയാളുമാണ്. ആ ഓര്‍മയുണ്ടായോ എന്നത് ജനറല്‍ ബിപിന്‍ റാവത്തും സീനിയോറിറ്റി മറികടന്ന് അദ്ദേഹത്തെ കരസേനാ മേധാവി സ്ഥാനത്തേക്ക് നിയോഗിച്ച ഭരണകൂടവും ആലോചിക്കേണ്ടതുണ്ട്.
ഇന്ത്യയിലെ ഭരണകൂടത്തോട് നിരന്തരം കലഹിക്കുന്ന, ഇന്ത്യന്‍ യൂനിയന്റെ ഭാഗമായി തുടരാന്‍ ആഗ്രഹിക്കാത്ത ജനങ്ങള്‍ – കശ്മീര്‍ താഴ്‌വരയെക്കുറിച്ച് പൊതുവില്‍ പ്രചരിപ്പിക്കപ്പെടുന്ന ചിത്രം ഇതാണ്. തങ്ങളുടെ ലക്ഷ്യം നേടിയെടുക്കുന്നതിന് തീവ്രവാദത്തിലേക്ക് തിരിയാന്‍ മടിക്കാത്തവരും ആ ലക്ഷ്യം നേടാന്‍ സഹായകമെന്ന് കരുതുന്ന അതിര്‍ത്തിക്കപ്പുറത്തെ ഭീകര സംഘങ്ങളുമായി സഖ്യത്തില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവരുമായി അവര്‍ ചിത്രീകരിക്കപ്പെടുന്നു. അതിനെ തടഞ്ഞ് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്താന്‍ യത്‌നിക്കുന്ന സൈന്യവും അര്‍ധ സൈനിക വിഭാഗങ്ങളും നിരന്തരം ലക്ഷ്യമിടപ്പെടുന്നതിന്റേതാണ് ഔദ്യോഗിക കഥകള്‍. ഈ കഥനത്തിന്റെ തുടര്‍ച്ചയായി വേണം ജനറല്‍ ബിപിന്‍ റാവത്തിന്റെ മുന്നറിയിപ്പ് അകമ്പടിയായുള്ള വാക്കുകളെ കാണാന്‍.
ഹിസ്ബുല്‍ മുജാഹിദീന്റെ സ്വയം പ്രഖ്യാപിത കമാന്‍ഡറായിരുന്ന ബുര്‍ഹാന്‍ വാനി സൈനിക നടപടിയില്‍ കൊല്ലപ്പെട്ടതിന് ശേഷം കഴിഞ്ഞ വര്‍ഷം കശ്മീരിലുണ്ടായ സംഘര്‍ഷാവസ്ഥ ഓര്‍മയില്‍ നിന്ന് മായാന്‍ സമയമായിട്ടില്ല. കൗമാരം വിടാത്ത കുട്ടികളടക്കം യുവാക്കള്‍, ഭയം കൂടാതെ സൈന്യത്തിനെതിരെ രംഗത്തുവന്നിരുന്നു. സൈന്യത്തിനും അതിനെ നിയന്ത്രിക്കുന്ന ഭരണകൂടത്തിനും എതിരെ മുദ്രാവാക്യവുമായി സ്ത്രീകളുടെ സംഘങ്ങളും രംഗത്തുവന്നു. രണ്ട് ദശാബ്ദത്തിലേറെയായി സൈന്യത്തിന്റെ സാന്നിധ്യത്തില്‍ ജീവിക്കേണ്ടി വരുന്ന, സൈന്യത്തിന്റെ ചെറുതല്ലാത്ത അതിക്രമങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്നുവെന്ന അനുഭവസാക്ഷ്യമുള്ള, രണ്ട് ദശാബ്ദത്തിനിടെ കാണാതായ പതിനായിരക്കണക്കിന് ചെറുപ്പക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും ആരായേണ്ടി വരുന്ന, കൂട്ടക്കുഴിമാടങ്ങളില്‍ കണ്ടെത്തപ്പെട്ട അവശിഷ്ടങ്ങളില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുണ്ടോ എന്ന് അന്വേഷിക്കേണ്ടി വരുന്ന ഒരു ജനത, സൈനിക നടപടിക്കിടെ വീണ്ടും ചെറുപ്പക്കാര്‍ (ഭരണകൂടത്തിന്റെ കാഴ്ചപ്പാടില്‍ അവര്‍ തീവ്രവാദ സംഘടനകളുടെ സ്വയം പ്രഖ്യാപിത നേതാക്കളാണെങ്കില്‍പ്പോലും) കൊല്ലപ്പെടുമ്പോള്‍ മറ്റേത് വിധത്തില്‍ പ്രതികരിക്കണമെന്നാണ് ജനറല്‍ ബിപിന്‍ റാവത്ത് ആഗ്രഹിക്കുന്നത്. അങ്ങനെ പ്രതികരിക്കാന്‍ തയ്യാറാകുന്ന ചെറുപ്പക്കാര്‍ക്കു നേര്‍ക്ക്, സ്ത്രീകള്‍ക്കു നേര്‍ക്ക് തോക്കിന്‍ കുഴല്‍ ഉയരുമെന്നാണോ കരസേനാ മേധാവി പറഞ്ഞതിന്റെ പൊരുള്‍. അവ്വിധം പ്രവര്‍ത്തിക്കാനാണോ തിവ്രവാദത്തെ നേരിടുന്നതിലെ പരിചയസമ്പത്ത് എടുത്തുപറഞ്ഞ്, സീനിയോറിറ്റി മറികടന്ന് ജനറല്‍ ബിപിന്‍ റാവത്തിനെ കരസേനാ മേധാവിയാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറായത്?
രാഷ്ട്രീയമായും സാമൂഹികമായും അവഗണിക്കപ്പെടുന്നുവെന്ന തോന്നല്‍ ശക്തമായി വേരൂന്നിയ ഒരു ജനതയോട് സൈന്യമാണോ രാഷ്ട്ര നേതൃത്വമാണോ സംസാരിക്കേണ്ടത് എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്. സൈന്യത്തിന്റെ നേതൃത്വത്തിന് മുന്നറിയിപ്പിന്റെ ഭാഷയില്‍ സംസാരിക്കാന്‍ അനുവാദം ലഭിക്കുമ്പോള്‍, അതില്‍ ആ ജനതയോട് ഭരണകൂടം പുലര്‍ത്തുന്ന മനോഭാവം കൂടി പ്രകടമാകും. കശ്മീര്‍ താഴ്‌വര സൈന്യം കാവല്‍ നില്‍ക്കുന്ന, അവര്‍ക്ക് ഏത് സമയത്തും പരിശോധന നടത്താവുന്ന, സംശയം തോന്നുന്ന ആരെയും ഏത് സമയത്തും പിടികൂടാവുന്ന തടവറയാക്കിയതില്‍ കേന്ദ്രം ഭരിച്ച സര്‍ക്കാറുകള്‍ക്കൊക്കെ പങ്കുണ്ട്. വലിയ ഉത്തരവാദിത്തം ദീര്‍ഘകാലം കേന്ദ്ര ഭരണത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസിന് തന്നെയാണ് താനും. പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യം പരിമിതമായിരുന്നുവെങ്കിലും സംഘര്‍ഷമുണ്ടാകുന്ന ഘട്ടങ്ങളില്‍ അത് ലഘൂകരിക്കാന്‍ പാകത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ മുന്‍കാല സര്‍ക്കാറുകള്‍ ശ്രമിച്ചിരുന്നു.
2004 മുതല്‍ 2014 വരെ കേന്ദ്രത്തില്‍ യു പി എ അധികാരത്തിലിരുന്ന കാലത്തും കശ്മീരില്‍ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. സൈന്യത്തെയും പൊലീസിനെയും കല്ലുകൊണ്ട് ചെറുക്കാന്‍ യുവാക്കള്‍ തെരുവിലിറങ്ങിയിരുന്നു. അശാന്തിയുടെ അന്തരീക്ഷം മാറ്റുന്നതിന് ആരുമായും ചര്‍ച്ച നടത്താന്‍ സന്നദ്ധമാണെന്ന് പ്രഖ്യാപിക്കാനും സര്‍വകക്ഷി സംഘത്തെ നിയോഗിച്ച് എല്ലാവരുമായും ചര്‍ച്ച നടത്താനും അന്ന് സര്‍ക്കാര്‍ തയ്യാറായി. സമാധാന അന്തരീക്ഷം പുനസ്ഥാപിക്കപ്പെടുകയും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയുമൊക്കെ ചെയ്തത് അക്കാലത്താണ്. ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് ശേഷം സംഘര്‍ഷത്തിന്റെ അന്തരീക്ഷമുണ്ടായപ്പോള്‍, സമാധാനം പുനസ്ഥാപിക്കാന്‍ പാകത്തില്‍ തുറന്ന ഒരു ചര്‍ച്ചക്ക് ഭരണകൂടം തയ്യാറായില്ലെന്നത് ഈ ഘട്ടത്തില്‍ പ്രത്യേകം ഓര്‍ക്കണം. ഒരു മാസത്തിലേറെ സംഘര്‍ഷം തുടര്‍ന്നതിന് ശേഷം പാര്‍ലിമെന്റില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കശ്മീരിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കാന്‍ തീരുമാനിച്ചത്. തുറന്ന സമീപനം കേന്ദ്ര ഭരണകൂടത്തിനില്ലെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടതോടെ സര്‍വകക്ഷി സംഘവുമായി സഹകരിക്കാന്‍ ഹുര്‍റിയത് കോണ്‍ഫറന്‍സിനെപ്പോലുള്ള സംഘടനകള്‍ തയ്യാറായില്ല.
അതേ ഭരണകൂടം, പ്രത്യേകമായി തിരഞ്ഞെടുത്ത കരസേനാ മേധാവി മുന്നറിയിപ്പിന്റെ ശബ്ദമുയര്‍ത്തുമ്പോള്‍ അത് സൈന്യത്തിന്റെ മാത്രം ശബ്ദമല്ല, മറിച്ച് ഭരണകൂടത്തിന്റേത് കൂടിയാണെന്ന് തിരിച്ചറിയണം. ഭൂരിപക്ഷത്തിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങുക എന്നത് മാത്രമാണ് ജാനാധിപത്യമെന്ന് വിശ്വസിക്കുന്ന, ഭൂരിപക്ഷ ഇംഗിതമെന്നാല്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ ഇംഗിതമാണെന്ന് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കശ്മീരില്‍ നിന്നുയരുന്ന പ്രതികരണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും രാജ്യദ്രോഹമെന്ന ഒറ്റ വ്യാഖ്യാനം മാത്രമേ നല്‍കാനാകൂ. കശ്മീരില്‍ തീവ്രവാദികള്‍ക്ക് ഇരയാകുന്ന സൈനികരുടെ ജീവന് മറുപടി പറയേണ്ടത് അവിടുത്തെ ജനങ്ങള്‍ കൂടിയാണെന്ന് മാത്രമേ അവര്‍ ധരിക്കൂ. ആ ധാരണ കൂടിയാണ് കരസേനാ മേധാവിയുടെ നാവിലൂടെ പുറത്തുവരുന്നത്. രാജ്യത്ത് പൊതുവില്‍ അരങ്ങേറുന്ന അസഹിഷ്ണുതയുടെ തീവ്രമുഖം സേനാ മേധാവി പ്രകടിക്കുകയാണോ എന്നും സംശയിക്കണം.
നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ കാരണമായത്, ഉറിയിലെ സൈനിക ക്യാമ്പിനു നേര്‍ക്കുണ്ടായ ഭീകരാക്രമണമായിരുന്നു. ഉറിയില്‍ കൊല്ലപ്പെട്ട പതിനേഴ് സൈനികരില്‍ പതിനാല് പേരും കൊല്ലപ്പെട്ടത്, അവര്‍ താമസിച്ചിരുന്ന ടെന്റിന് തീപിടിച്ച് പൊള്ളലേറ്റാണ്. ഉറി പോലെ തന്ത്രപ്രധാനമായ ഒരു സ്ഥലത്ത്, എളുപ്പത്തില്‍ തീപിടിക്കാവുന്ന താത്കാലിക ടെന്റില്‍ രാജ്യാതിര്‍ത്തി കാക്കേണ്ടവര്‍ കഴിയേണ്ടിവരുന്ന അവസ്ഥയെക്കുറിച്ച് അന്നോ അതിന് ശേഷമോ ഒരു ജനറലും ഒരു ഭരണാധികാരിയും വികാരാധീനരായതായി അറിവില്ല. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചതായും റിപ്പോര്‍ട്ടില്ല.
അതിര്‍ത്തിയില്‍ കൊടുംമഞ്ഞില്‍ കാവല്‍ നില്‍ക്കേണ്ടിവരുന്നവര്‍ കഴിക്കേണ്ടിവരുന്നത് മോശം ഭക്ഷണമാണെന്ന് ഒരു പട്ടാളക്കാരന്‍ സാമൂഹിക മാധ്യമത്തിലൂടെ പുറം ലോകത്തെ അറിയിച്ചത് അടുത്തിടെയാണ്. പട്ടാളക്കാരനെ സ്ഥലം മാറ്റാന്‍ തിടുക്കം കാട്ടിയ സേനാ നേതൃത്വം അവര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ എന്തെങ്കിലും ചെയ്തതായും അറിവില്ല. എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ കൂടി അത് പുറംലോകത്തെ അറിയിച്ചിട്ടില്ല. പട്ടാളക്കാരുടെ ജീവന്‍ രക്ഷിക്കുന്നതിന് സൈന്യം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ടോ എന്നതില്‍ ഉത്കണ്ഠപ്പെടാതെ, അവരുടെ ഭക്ഷണമുള്‍പ്പെടെ സൗകര്യങ്ങളുടെ കാര്യത്തില്‍ വേവലാതിപ്പെടാതെ, കരസേനാ മേധാവി ഇപ്പോള്‍ വികാരപ്രകടനം നടത്തുമ്പോള്‍ അത് കേവലം വികാര പ്രകടനം മാത്രമായി കാണാനാകില്ല. വരുംകാലത്ത് കശ്മീരില്‍ സൈന്യം സ്വീകരിക്കാന്‍ പോകുന്ന നടപടികളെക്കുറിച്ചുള്ള പ്രഖ്യാപനമായി കാണേണ്ടിവരും.
മധ്യേന്ത്യയിലെ ആദിവാസി മേഖലകളില്‍ മാവോയിസ്റ്റ് വേട്ടക്ക് നിയോഗിക്കപ്പെട്ട അര്‍ധ സൈനികര്‍, കുടിലുകള്‍ കയറി പരിശോധന നടത്തുന്നുണ്ട്. അവര്‍ ആദിവാസികള്‍ക്കു നേര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്കു നേര്‍ക്ക്, നടത്തുന്ന ക്രൂരതകളെക്കുറിച്ച് പല പരാതികളും ഉയരുകയും ചെയ്യുന്നു. പരിശോധനക്ക് കുടിലുകളില്‍ കയറാന്‍ തുടങ്ങുന്ന സൈനികരോട് കുഞ്ഞിന് പാലു കൊടുക്കുന്ന അമ്മയുണ്ട് അകത്ത് എന്ന് പറഞ്ഞാല്‍, ആ സ്ത്രീയെ പുറത്തേക്ക് വരുത്തി നെഞ്ചില്‍ ഞെക്കി പാലുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട് സൈനികര്‍ എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരം ശ്രമങ്ങളെ സംഘടിതമായി ചെറുക്കാന്‍ അവിടുത്ത ജനം തീരുമാനിച്ചാല്‍ അവരെ മാവോയിസ്റ്റുകളെ സഹായിക്കുന്നവരായി കണ്ട് നേരിടുമോ ജനറല്‍ ബിപിന്‍ റാവത്ത്? പാലു കൊടുത്ത് വളര്‍ത്തുന്നത് ഭാവിയിലെ മാവോയിസ്റ്റിനെയാണെന്ന ന്യായം പോലും സേനാ മേധാവിക്കും ഭരണകൂടത്തിനും പറയാവുന്നതേയുള്ളൂ!