Connect with us

Editorial

ചികിത്സാ മേഖലയിലെ ചൂഷണം തടയണം

Published

|

Last Updated

ആരോഗ്യരംഗത്ത് സംസ്ഥാന സര്‍ക്കാറിന്റെ പുതിയ സംരംഭമായ ആര്‍ദ്രം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കവെ ചികിത്സാ ചെലവ് കുറക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുകയുണ്ടായി. സര്‍ക്കാര്‍ ആശുപത്രികളില്‍ ന്യായവിലക്ക് മരുന്നുകള്‍ ലഭ്യമാക്കുക, തുടര്‍ ചികിത്സക്ക് വില കൂടിയ മരുന്നുകള്‍ ആവശ്യമായവര്‍ക്ക് പരമാവധി കുറഞ്ഞ വിലയില്‍ ലഭ്യമാക്കുക, വിപണിയിലുള്ള മരുന്നുകളേക്കാള്‍ വിലക്കുറവില്‍ ജനറിക്മരുന്നുകള്‍ വ്യാപകമാക്കുക തുടങ്ങി ഈ ലക്ഷ്യത്തില്‍ വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ ചൂഷണം അവസാനിപ്പിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആരോഗ്യ പരിപാലന രംഗത്ത് മികച്ച നേട്ടം കൈവരിച്ച സംസ്ഥാനമാണ് കേരളം. ശിശുമരണ നിരക്ക്, മാതൃമരണ നിരക്ക് തുടങ്ങിയ ആരോഗ്യ സൂചികകളില്‍ കേരളം വികസിത രാജ്യങ്ങള്‍ക്ക് തുല്യമായ നേട്ടം കൈവരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളുടെ ഗുണമേന്മയുള്ള സേവനങ്ങളും മിതമായ നിരക്കില്‍ സ്വകാര്യ ആശുപത്രികള്‍ നടത്തിവന്നിരുന്ന ചികിത്സയുമായിരുന്നു ഈ നേട്ടത്തിന് പ്രധാന കാരണം. ആതുര ശുശ്രൂഷ മഹത്തായൊരു സേവനവും കാരുണ്യ പ്രവര്‍ത്തനവുമായി കണ്ടിരുന്ന മികച്ചൊരു വിഭാഗം ഡോക്ടര്‍മാരും നമുക്കുണ്ടായിരുന്നു. ഇന്ന് പക്ഷേ, ആരോഗ്യരഗം തീര്‍ത്തും കച്ചവടവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. സ്വകാര്യമേഖലയിലെന്ന പോലെ സര്‍ക്കാര്‍ മേഖലയിലും പണച്ചെലവേറിയതാണ് ഇപ്പോള്‍ ചികിത്സ. യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഡോക്ടര്‍മാര്‍ വിവിധ ടെസ്റ്റുകള്‍ക്ക് രോഗികളെ വിധേയമാക്കുന്നത്. നിസ്സഹായരായ രോഗികളുടെ അജ്ഞതയും ആശങ്കയും മുതലെടുത്ത് ചെലവേറിയ ചികില്‍സ രീതികള്‍ നിര്‍ദേശിക്കുന്നതും അനിവാര്യമല്ലാത്ത ശസ്ത്രക്രിയ വിധിക്കുന്നതും സാധാരണമാണ്. ചികില്‍സാ ചെലവ് ഇന്ത്യയിലെ ആറുകോടി മുപ്പത് ലക്ഷം ആളുകളെ ദരിദ്രരാക്കിയെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് ഈ രംഗത്തെ ചൂഷണത്തിന്റെയും തട്ടിപ്പിന്റെയും ആഴത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. സര്‍ക്കാറിന്റെതുള്‍പ്പടെ എല്ലാ ആശുപത്രികളിലും രോഗികളുടെ കീശ ചോര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് ധാര്‍മികതയുടെ സ്പര്‍ശം പോലുമില്ലാതെ നടത്തുന്ന അനാവശ്യമായ ശസ്ത്രക്രിയകളാണന്ന് മുംബൈയിലെ മെഡി. ഏഞ്ചല്‍സ് സെന്ററിന്റെ സര്‍വേ റിപ്പോര്‍ട്ടും ഇതോട് ചെര്‍ത്തുവായിക്കേണ്ടതുണ്ട്. ഔഷധ വ്യാപാര രംഗത്താകട്ടെ ആഗോള കുത്തകകളുടെ കഴുത്തറപ്പന്‍ ചൂഷണവും നടക്കുന്നു. പത്ത് രൂപ പോലും ഉല്‍പാദനച്ചെലവില്ലാത്ത മരുന്നുകള്‍ക്ക് ആയിരങ്ങളാണ് അവര്‍ വിലയിടുന്നത്.
സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഏറെയും വിവിധ മരുന്ന് കമ്പനികളുമായും സ്‌കാനിംഗ് സെന്ററുകളുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാണ്. തങ്ങളുടെ ഉത്പന്നം ചെലവാക്കുന്നതിന് മരുന്ന് കമ്പനികള്‍ ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും വിലപിടിപ്പുളള സമ്മാനങ്ങള്‍ നല്‍കുമ്പോള്‍, സ്‌കാനിംഗ് സെന്ററുകള്‍ മികച്ച കമ്മീഷന്‍ നല്‍കി വരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റോക്കുള്ള മരുന്നുകള്‍ക്കും ലഭ്യമായ ടെസ്റ്റുകള്‍ക്കുമെല്ലാം പുറത്തേക്കെഴുതുന്നതിന്റെ രഹസ്യമിതാണ്. മരുന്നുകളും ഉപകരണങ്ങളും വില്‍ക്കുന്നവരില്‍ നിന്നു വിലയേറിയ സമ്മാനങ്ങളും മറ്റ് ആനുകൂല്യങ്ങളും സ്വീകരിക്കുകയോ, അനാവശ്യമായി ആശുപത്രിയില്‍ കിടത്തി ചികല്‍സിക്കുകയോ ചെയ്യരുതെന്ന് ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ കൗണ്‍സിലിന്റെ പെരുമാറ്റച്ചട്ടം നിലവിലുണ്ട്. ഔഷധ കമ്പനികള്‍ക്കായി സര്‍ക്കാറിന്റെ മാര്‍ഗരേഖകളുമുണ്ട്. പക്ഷേ, ഒന്നും പാലിക്കപ്പെടുന്നില്ല. സ്വകാര്യ ആശുപത്രികളെയും ലാബുകളെയും നിയന്ത്രിക്കാനും ആരോഗ്യരംഗത്തെ തട്ടിപ്പുകള്‍ അവസാനിപ്പിക്കാനും ലക്ഷ്യമാക്കി കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്‌കരിച്ച ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് മൂലം ഫയലില്‍ ഉറങ്ങുകയാണ്. സ്വകാര്യലോബിയുട സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ബില്‍ മരവിപ്പിച്ചതെന്നാണ് പറയുന്നത്.
സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും മരുന്ന് കമ്പനികളോടും സ്‌കാനിംഗ് സെന്ററുകളോടുമുള്ള ഡോക്ടര്‍മാരുടെ വിധേയത്വം അവസാനിപ്പിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ, സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ചെലവ് കുറഞ്ഞ ചികിത്സ പോലെയുള്ള പദ്ധതികള്‍ പ്രായോഗികമാക്കാന്‍ സാധിക്കുകയുള്ളൂ. സര്‍ക്കാര്‍ ആശുപത്രികളില്‍ വിദഗ്ധ ചികിത്സക്കാവശ്യമായ സൗകര്യങ്ങള്‍ പരമാവധി ലഭ്യമാക്കുകയും വേണം. സംസ്ഥാനത്തെ എല്ലാ ജനറല്‍, ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സെന്ററുകളും കാത്ത് ലാബും സ്ഥാപിക്കുന്ന പദ്ധതിക്ക് കഴിഞ്ഞ നവംബറില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വസ്റ്റ്‌മെന്റ് ബോര്‍ഡ് (കിഫ്ബി)അനുമതി നല്‍കിയിരുന്നു. അതിന്റെ പ്രവര്‍ത്തനത്തിന് ഇതുവരെ തുടക്കമായിട്ടില്ല. ഇത്തരം പ്രഖ്യാപിത പദ്ധതികള്‍ എത്രയും വേഗം നടപ്പിലാക്കാനും ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ നിയമമാക്കാനും സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകള്‍ ഉണ്ടാകാറില്ലെന്ന പരാതിക്ക് പരിഹാരം കാണാനും സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.

Latest