രാഷ്ട്രീയ നീക്കം ശക്തമാക്കി ഡി എം കെ; നിരാഹാരമിരിക്കും

Posted on: February 20, 2017 10:39 am | Last updated: February 20, 2017 at 10:39 am

ചെന്നൈ: ശശികലയുടെ വിശ്വസ്തനായ എടപ്പാടി പളനിസ്വാമി വിജയിച്ച വിശ്വാസ വോട്ടെടുപ്പ് അസാധുവാക്കണമെന്ന് തമിഴ്‌നാട്ടിലെ മുഖ്യ പ്രതിപക്ഷമായ ഡി എം കെ. വോട്ടെടുപ്പിന് മുമ്പ് ഡി എം കെ അംഗങ്ങളെ സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. ‘ജനാധിപത്യത്തെ കൊലപ്പെടുത്തിയ’തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപകമായി നിരാഹാര സമരം നടത്തുമെന്ന് ഡി എം കെ വര്‍ക്കിംഗ് പ്രസിഡന്റ് എം കെസ്റ്റാലിന്‍ പറഞ്ഞു.
വിശ്വാസ വോട്ടെടുപ്പിന്റെ ഭാഗമായി സഭയിലെ എല്ലാ നടപടിക്രമങ്ങളും അസാധുവാക്കണമെന്ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനോട് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഡി എം കെ രാജ്യസഭാംഗങ്ങളായ ആര്‍ എസ് ഭാരതി, ടി കെ എസ് ഇളങ്കോവന്‍, തിരുച്ചി എന്‍ ശിവ എന്നിവരാണ് സ്റ്റാലിന്റെ അപേക്ഷയുമായി ഗവര്‍ണറെ കണ്ടത്.
പ്രതിഷേധം അറിയിക്കാന്‍ വേറെ മാര്‍ഗങ്ങളില്ലായിരുന്നു. സഭക്കകത്ത് സമാധാനപരമായാണ് ധര്‍ണ നടത്തിയത്. സഭയിലെ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഡി എം കെ അംഗങ്ങളെ പുറത്താക്കിയത്. സഭയിലെ സുരക്ഷാ അംഗങ്ങള്‍ ബലമായി പുറത്താക്കിയതോടെ പല അംഗങ്ങള്‍ക്കും പരുക്കേറ്റിട്ടുണ്ട്. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്‍ നിന്നിറങ്ങി പോകുകയായിരുന്നുവെന്നു ഗവര്‍ണറെ ബോധിപ്പിച്ചു.
1988ല്‍ വിശ്വാസ വോട്ടെടുപ്പ് നടന്നപ്പോള്‍ ഭരണകക്ഷിയിലെ രണ്ട് വിഭാഗങ്ങള്‍ മാത്രമാണ് സഭയിലുണ്ടായിരുന്നതെന്നും വോട്ടെടുപ്പ് പിന്നീട് അസാധുവാക്കുകയായിരുന്നുവെന്ന് ഡി എം കെ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെയാണ് ഡി എം കെ നേതാക്കള്‍ നിരാഹാര സമരം നടത്തുക. പളനിസ്വാമി മന്ത്രിസഭ സഭയില്‍ വിശ്വാസം നേടിയതിനു പിന്നാലെ മറീന ബീച്ചിലെ ഗാന്ധി സ്മാരകത്തിനു മുന്നില്‍ എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തിയെങ്കിലും പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം പിന്നീട് വിട്ടയക്കുകയായിരുന്നു.