മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ പോലീസ് ഇറങ്ങും

Posted on: February 20, 2017 10:35 am | Last updated: February 20, 2017 at 1:25 pm

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ ബിവറേജസ് കോര്‍പറേഷന് ഇനി പോലീസിന്റെ സംരക്ഷണവും. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. സപ്ലൈകോ ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ സ്ത്രീകളും കുട്ടികളുമടക്കം സമരരംഗത്തുള്ള പലയിടങ്ങളിലും പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കാനുള്ള സാധ്യതയേറി.
സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ദേശീയപാതക്ക് സമീപമുള്ള മദ്യവില്‍പ്പനശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും ജനകീയ പ്രതിരോധത്തെ തുടര്‍ന്ന് പലയിടത്തും ഈ നീക്കം പരാജയപ്പെട്ടിരുന്നു. 2017 മാര്‍ച്ച് 31നകം ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പ്പനശാലകള്‍ അടച്ചുപൂട്ടണമെന്ന് കഴിഞ്ഞ ഡിസംബറിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്. വിധി നടപ്പിലാക്കിയാല്‍ ബെവ്‌കോയുടെ 270 മദ്യവില്‍പ്പന കേന്ദ്രങ്ങളില്‍ 110 എണ്ണം മാറ്റിസ്ഥാപിക്കേണ്ടി വരും.
പ്രതിഷേധം ശക്തമായതോടെ മദ്യവില്‍പ്പനശാലകള്‍ മാറ്റാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ബിവറേജസ് കോര്‍പറേഷന്‍ എം ഡി. എച്ച് വെങ്കിടേഷ് പോലീസ് സഹായം തേടി ഡി ജി പിക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതുതായി കണ്ടെത്തിയ സ്ഥലങ്ങളിലേക്ക് മദ്യവില്‍പ്പനശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ ബിവറേജസ് കോര്‍പറേഷന് പോലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ഡി ജി പി നിര്‍ദേശിച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബെവ്‌കോ വഴിയുള്ള മദ്യ വില്‍പ്പനയില്‍ 10,500 കോടി രൂപയാണ് സര്‍ക്കാറിന് ലഭിച്ചത്. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിച്ചില്ലെങ്കില്‍ ഭീമമായ നഷ്ടമുണ്ടാകുമെന്നാണ് വാദം. പ്രാദേശികമായ എതിര്‍പ്പ് കാരണം മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ സാധിക്കാത്ത കാര്യം ബിവറേജസ് കോര്‍പറേഷന്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
മദ്യവില്‍പ്പനശാലകള്‍ മാറ്റിസ്ഥാപിക്കുന്നതിന് പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണ തേടി റീജ്യനല്‍ മാനേജര്‍മാര്‍ക്ക് ബെവ്‌കോ എം ഡി നേരത്തെ കത്തയച്ചിരുന്നു. വാര്‍ഡ് മെമ്പര്‍മാരെയും എം എല്‍ എമാരെയും കോടതി വിധിയടക്കമുള്ള കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്നും നിര്‍ദേശിച്ചിരുന്നു. പലയിടത്തും വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഈ സാഹചര്യത്തിലാണ് അവരുമായും രാഷ്ട്രീയ നേതൃത്വവുമായും എം എല്‍ എമാരുമായും ചര്‍ച്ച നടത്തി പ്രതിരോധം മറികടക്കണമെന്ന് എം ഡി നിര്‍ദേശം നല്‍കിയത്. വെയര്‍ഹൗസ് മാനേജര്‍മാര്‍ക്കും എം ഡി ഈ നിര്‍ദേശം നല്‍കിയിരുന്നു. നേരത്തെ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ വിളിച്ച യോഗത്തിലും ഇക്കാര്യത്തിലെ പ്രായോഗികബുദ്ധിമുട്ടുകള്‍ എം ഡി അറിയിച്ചിരുന്നു.