Connect with us

National

യു പി മൂന്നാം ഘട്ടത്തില്‍ 61% പോളിംഗ്

Published

|

Last Updated

ലക്‌നോ: ഉത്തര്‍പ്രദേശിലെ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ 61.16 ശതമാനം പോളിംഗ്. പന്ത്രണ്ട് ജില്ലകളിലായി 69 മണ്ഡലങ്ങളിലാണ് മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. കാണ്‍പൂര്‍, ലക്‌നോ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുള്ള കനൗജ്, ഇറ്റാവ, മെയ്ന്‍പുരി, ഫാറുഖാബാദ് തുടങ്ങിയ ജില്ലകള്‍ ഇന്നലെ ബൂത്തിലെത്തി. 1.1 കോടി സ്ത്രീകളുള്‍പ്പെടെ 2.41 കോടി വോട്ടര്‍മാരാണ് ഈ ജില്ലകളിലുള്ളത്. 826 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.
തിരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടി വെങ്കടേഷ് പറഞ്ഞു. കനത്ത സുരക്ഷയാണ് എല്ലാ പോളിംഗ് ബൂത്തുകളിലും ഒരുക്കിയിരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 59.96ഉം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 58.43ഉം ശതമാനമായിരുന്നു ഈ മണ്ഡലങ്ങളിലെ പോളിംഗ്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന യു പി തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ 64.2 ശതമാനവും രണ്ടാം ഘട്ടത്തില്‍ 65 ശതമാനവും പോളിംഗ് രേഖപ്പടുത്തിയിട്ടുണ്ട്.
ബി എസ് പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മായാവതി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ ലക്‌നോയില്‍ വോട്ട് രേഖപ്പെടുത്തി. ഇറ്റാവ മണ്ഡലത്തിലെത്തി മുഖ്യമന്ത്രി അഖിലേഷ് യാദവും മുലായം സിംഗ് യാദവും വോട്ട് ചെയ്തു. അഖിലേഷിന്റെ നേതൃത്വത്തിലുള്ള എസ് പിക്ക് ഏറെ നിര്‍ണായകമാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങള്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 69ല്‍ 55 മണ്ഡലങ്ങളിലും എസ് പി വിജയിച്ചിരുന്നു. കോണ്‍ഗ്രസുമായി സഖ്യമായി മത്സരിക്കുന്ന സാഹചര്യത്തില്‍ ഇത്തവണ ഈ മണ്ഡലങ്ങളില്‍ ശക്തി തെളിയിക്കാന്‍ സാധിക്കുമെന്നാണ് എസ് പി നേതാക്കള്‍ കരുതുന്നത്.
അഖിലേഷിന്റെ അമ്മാവന്‍ ശിവ്പാല്‍ യാദവ്, മുലായം സിംഗ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവ്, ബി ജെ പി നേതാവ് റീത്ത ബഹുഗുണ ജോഷി എന്നിവരാണ് മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. യാദവ വോട്ടില്‍ വിള്ളല്‍ വീഴ്ത്തി കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാനാണ് ബി ജെ പി ശ്രമം. ബി എസ് പി ഇവിടെ നേടുന്ന സീറ്റുകളും നിര്‍ണായകമാകും.

Latest