നടിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍ സംഘമെന്ന് സൂചന

Posted on: February 20, 2017 10:25 am | Last updated: February 20, 2017 at 12:12 pm

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവം ക്വട്ടേഷനാണെന്ന് സംഘത്തിലുണ്ടായിരുന്ന പള്‍സര്‍ സുനി പറഞ്ഞതായി നടിയുടെ മൊഴി. വാഹനത്തില്‍ വെച്ച് ഇക്കാര്യം സുനി തന്നോട് പറഞ്ഞതായും സഹകരിച്ചില്ലെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് സുനി ഭീഷണിപ്പെടുത്തിയതായും അവര്‍ പോലീസിന് മൊഴിനല്‍കി.

സുനി മുഖം മറച്ചാണ് കാറില്‍ കയറിയത്. ഇടക്ക് മുഖം മറച്ച തുണി മാറിയപ്പോള്‍ സുനിയെ തിരിച്ചറിഞ്ഞു. നീ സുനിയല്ലേ എന്ന് ചോദിച്ചപ്പോഴാണ് ഇത് ക്വട്ടേഷനാണെന്നും സഹകരിച്ചില്ലെങ്കില്‍ തമ്മനത്തെ ഫഌറ്റില്‍ കൊണ്ടുപോയി ഉപദ്രവിക്കുമെന്ന് സുനി പറഞ്ഞതായും നടി മൊഴി നല്‍കിയത്.

നടിയുടെ മൊഴിയുടെ നിജസ്ഥിതി അറിയാനുള്ള അന്വേഷണത്തിലാണ് പോലീസ്. കഴിഞ്ഞ ദിവസം പിടിയിലായ കൂട്ടു പ്രതികള്‍ക്ക് ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് പോലീസ് പറയുന്നത്. പള്‍സര്‍ സുനിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രത്യേക സംഘങ്ങള്‍ ആയി തിരിഞ്ഞാണ് അന്വേഷണം.