കഴിഞ്ഞ വര്‍ഷം ദുബൈ പോലീസ് നടത്തിയത് വ്യത്യസ്ത ദൗത്യങ്ങള്‍

Posted on: February 18, 2017 4:10 pm | Last updated: February 18, 2017 at 3:51 pm

ദുബൈ: ദുബൈ പോലീസ് വിവിധ രക്ഷാ ദൗത്യങ്ങളുടെ കണക്കുകള്‍ പുറത്തു വിട്ടു. 26,237 കര ദൗത്യങ്ങളും 290 സമുദ്ര ദൗത്യങ്ങളുമാണ് കഴിഞ്ഞ വര്‍ഷം നടത്തിയതെന്ന് ദുബൈ പോലീസ് അധികൃതര്‍ അറിയിച്ചു. സഹായങ്ങള്‍ ആവശ്യപ്പെട്ട് ആദ്യത്തെ 12 മിനുറ്റുകള്‍ക്കുള്ളില്‍ ആവശ്യക്കാരോട് കാര്യക്ഷമമായ രീതിയില്‍ പ്രതികരിക്കാന്‍ കഴിഞ്ഞുവെന്ന് അധികൃതര്‍ വിവിധ കണക്കുകള്‍ പറഞ്ഞു. ഞങ്ങളുടെ രക്ഷാ സംഘം ഏതു ഘട്ടത്തെയും നേരിടുന്നതിന് സുസജ്ജമാണ്.

24 മണിക്കൂറും കര, സമുദ്ര സേവനത്തിന് തയ്യാാറാണ്. ദൗത്യ സംഘങ്ങള്‍ക്ക് അത്യാഹിതങ്ങള്‍ സംഭവിച്ച ഇടങ്ങളിലേക്ക് എത്തിപെടുന്നതിന് 12 മിനുറ്റുകളാണ് ആവശ്യമായി വരുന്നത്. ദുബൈ പോലീസ് റെസ്‌ക്യൂ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ മുഹമ്മദ് നാസര്‍ അല്‍ റസൂഖി പറഞ്ഞു. മറ്റിതര എമിറേറ്റുകളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘം സഹായിച്ചിട്ടുണ്ട്. ചില അടിയന്തിര ഘട്ടങ്ങളില്‍ മറ്റിതര രാജ്യങ്ങളിലെ പോലീസ് സംഘത്തെയും ദുബൈ പോലീസ് സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കരയിലുണ്ടായ 188 അപകടങ്ങളില്‍ 66 പേരാണ് കൊല്ലപ്പെട്ടത്.326 പേര്‍ക്ക് പരിക്ക് പറ്റി. സമുദ്ര മേഖലയില്‍ ഉണ്ടായ 64 അപകടങ്ങളില്‍ 72 പേര്‍ക്ക് പരിക്ക് പറ്റിയെങ്കിലും ഒരാള്‍ കൊല്ലപ്പെട്ടു.മെട്രോ, ട്രാം എന്നിവയില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ രക്ഷാ ദൗത്യത്തിലേര്‍പ്പെടുന്നതിന് പ്രത്യേക സംഘം ദുബൈ പൊലീസിന് കീഴിലുണ്ട്.
അത്യാഹിത ഘട്ടങ്ങളില്‍ പൊതു ജനങ്ങള്‍ സഹായത്തിന് 999 എന്ന നമ്പറിലേക്ക് വിളിക്കണം. സഹായങ്ങള്‍ ആവശ്യപ്പെടുന്ന ഘട്ടങ്ങളില്‍ സ്ഥലത്തെ കുറിച്ചും മറ്റും വ്യക്തമായി പോലീസ് സംഘത്തിന് വിവരങ്ങള്‍ കൈമാറണം. തന്‍നിമിത്തം പോലീസ് സംഘത്തിന് മിനിറ്റുകള്‍ കൊണ്ട് സംഭവ സ്ഥലത്തേക്ക് എത്തിപ്പെടാന്‍ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.