അല്‍ സഫ, അല്‍ ബര്‍ഷ ടോള്‍ ഗേറ്റുകള്‍ പുനഃക്രമീകരിക്കുന്നു

Posted on: February 18, 2017 3:59 pm | Last updated: February 18, 2017 at 3:49 pm

ദുബൈ: അല്‍ സഫാ, അല്‍ ബര്‍ഷാ ടോള്‍ ഗേറ്റുകള്‍ വ്യത്യസ്ത ടോള്‍ ഗേറ്റുകളാക്കി ആര്‍ ടി എ (റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി) പുനഃക്രമീകരിക്കും. ഇതോടെ ഇരു ഗേറ്റുകളിലൂടെയും കടന്ന് പോകുന്ന വാഹനങ്ങള്‍ രണ്ട് പ്രാവശ്യം ടോള്‍ നല്‍കേണ്ടി വരും. നാളെ മുതലാണ് വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കി തുടങ്ങുകയെന്ന് അധികൃതര്‍ അറിയിച്ചു. ശൈഖ് സായിദ് റോഡിനെ അതിവേഗ ഇടനാഴിയാക്കുവാന്‍ ലക്ഷ്യമുണ്ട്. ശൈഖ് സായിദ് റോഡില്‍ ഗതാഗതം ക്രമീകരിച്ചു ബിസിനസ്, അന്താരാഷ്ട്ര യാത്രികര്‍ക്ക് തങ്ങളുടെ ഉദ്ദിഷ്ട കേന്ദ്രങ്ങളില്‍ പെട്ടെന്ന് എത്തിച്ചേരുന്നതിന് കൂടുതല്‍ സൗകര്യമൊരുക്കുന്നതിനാണ് പുതിയ നടപടികളെന്ന് അധികൃതര്‍ അറിയിച്ചു. 28 സ്റ്റേഷനുകളോടെ മെട്രോ ചുവപ്പ് പാത 52 കിലോമീറ്ററുണ്ട്. നഗരത്തില്‍ 156 ബസുകള്‍ 1,400 യാത്രകള്‍ ദിനംപ്രതി നടത്തുന്നുണ്ട്. ഈ അവസ്ഥയിലും നഗരത്തിലെ പ്രധാന പാതയായ ശൈഖ് സായിദ് റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ശൈഖ് സായിദ് റോഡിലെ ഗതാഗത സ്വഭാവം പഠന വിധേയമാക്കിയാണ് നടപടി. അബുദാബി ഗവണ്‍മെന്റ് സൈഹ് ശുഹൈബ് ഭാഗത്ത് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനോട് ബന്ധിപ്പിക്കുന്ന വിധത്തില്‍ അല്‍ ഹൂദ് ഇന്റര്‍ചെയ്ഞ്ച് തുറന്നത് ഗതാഗത സ്തംഭനം കുറക്കുന്നതിന് കാരണമായിട്ടുണ്ട്. ഇതോടെ അബുദാബിയില്‍ നിന്ന് ദുബൈയിലേക്കുള്ള യാത്രികര്‍ക്ക് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് റോഡിലേക്ക് പ്രവേശിച്ചാല്‍ ഗതാഗത സ്തംഭനം ഒഴിവാക്കാന്‍ എളുപ്പമാണ്. അധികൃതര്‍ ചൂണ്ടിക്കാട്ടി.

നിര്‍മാണം പുരോഗമിക്കുന്ന പുതിയ 62 കിലോമീറ്റര്‍ പാത അബുദാബിയില്‍ നിന്ന് ഷാര്‍ജ ഭാഗത്തേക്കും മറ്റു എമിറേറ്റുകളിലേക്കുമുള്ള ഗതാഗതത്തില്‍ കുറവ് വരുത്തും. ഇതോടെ ശൈഖ് സായിദ് റോഡിലൂടെ കടന്ന് പോകുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്ക് പകരം അല്‍ ഖൈല്‍ റോഡ്, എമിറേറ്റ്‌സ് റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് എന്നിവയിലൂടെ കടന്ന് പോകാന്‍ എളുപ്പമായി തീരും. അധികൃതര്‍ ചൂണ്ടിക്കാട്ടി.