അനിശ്ചിതത്വത്തില്‍ കോട്ടക്കല്‍ ടൗണ്‍ നാല് വരിപ്പാത

Posted on: February 18, 2017 2:45 pm | Last updated: February 18, 2017 at 2:43 pm

കോട്ടക്കല്‍: ടൗണിലെ ഗതാഗത കുരുക്കഴിക്കാനായി കൊണ്ട് വന്ന നാല് വരിപ്പാത പദ്ധതി അനിശ്ചിതത്വത്തില്‍. ചങ്കുവെട്ടിക്കും പുത്തൂരിനും ഇടയില്‍ നടപ്പാക്കാനിരുന്ന പദ്ധതിയാണ് പാതി വഴിയിലായിരിക്കുന്നത്.
നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നഗരസഭയാണ് പദ്ധതി കൊണ്ട് വന്നിരുന്നത്.
രണ്ടിടത്താണ് പദ്ധതി ഉണ്ടായിരുന്നത്. ഇതില്‍ ദേശീയ പാത ചെനക്കല്‍ മുതല്‍ ചങ്കുവെട്ടിവരെയുള്ള പദ്ധതി പൂര്‍ത്തിയായി.

മൂന്ന് കോടിയാണ് ഇതിന് ചെലവായത്. ടൗണില്‍ ഗതാഗത കുരുക്ക് കുറക്കുകയായിരുന്നു പദ്ധതി ലക്ഷ്യം. ഇതിനായി സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.
ആധുനിക രീതിയിലുള്ള പാതയായിരുന്ന പ്ലാന്‍ ചെയ്തിരുന്നത്. അഴുക്ക് ചാല്‍, നടപ്പാത, വൈദ്യുതീകരണം എല്ലാം പദ്ധതിയിലുണ്ടായിരുന്നു.
പത്ത് കൊടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി മരാമത്ത് വകുപ്പിന് നഗരസഭ സമര്‍പ്പിച്ചെങ്കിലും തുക വകയിരുത്തിയിരുന്നില്ല. പാത വരുന്നതോടെ കോട്ടക്കല്‍ ടൗണിന്റെ മുഖഛായ തന്നെ മാറുമായിരുന്നു.
പാതക്ക് പകരമായി പുതിയ പദ്ധതിയാണ് ഇപ്പോള്‍ ആലോചനയിലുള്ളത്. കോട്ടപ്പടി- തോക്കാം പാറ വഴി മാനവേദന്‍ രാജ റോഡാണ് പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കോട്ടപ്പടിയില്‍ നിന്നും ദേശീയപാത ഖുര്‍ബാനിയില്‍ എത്തിച്ചേരുന്നതാണിത്.
പുതിയ പുത്തൂര്‍ ബൈപ്പാസുമായി ബന്ധിപ്പിക്കാനും ഇതിനാവും. ടൗണുമായി ഒരു നിലക്കും ബന്ധമില്ലാത്തതാണ് ഇപ്പോള്‍ കണ്ടിരിക്കുന്ന പാത. ഇത് ടൗണിന്റെ നിറം കെടുത്തുമെങ്കിലും വാഹന യാത്രക്ക് ആക്കം കൂട്ടുമെന്നാണ് കണ്ടെത്തല്‍. ഇത് സംബന്ധിച്ച നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
അടുത്ത ബജറ്റില്‍ ഇതിനായി തുക വകയിരുത്തുന്നതിനുള്ള ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.