എസ്എഫ്‌ഐ കാസര്‍കോട് ജില്ലാ ജോ.സെക്രട്ടറി അഫ്‌സല്‍ നുള്ളിപ്പാടി വാഹനാപകടത്തില്‍ മരിച്ചു

Posted on: February 18, 2017 1:40 pm | Last updated: February 18, 2017 at 1:40 pm

കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ കലോത്സവത്തിന്റെ മുഖ്യസംഘാടകനും എസ്എഫ്‌ഐ കാസര്‍കോട് ജില്ലാ ജോ.സെക്രട്ടറിയുമായ അഫ്‌സല്‍ നുള്ളിപ്പാടി വാഹനാപകടത്തില്‍ മരിച്ചു. 24 വയസായിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെ നായന്മാര്‍മൂലയ്ക്കടുത്ത പാണലത്തായിരുന്നു സംഭവം. കലോത്സവത്തിനിടെ കൂട്ടുകാരെ കൊണ്ടുവിട്ടു തിരികെവരുമ്പോള്‍ അഫ്‌സല്‍ സഞ്ചരിച്ച കാറില്‍ ലോറിയിടിച്ചാണ് അപകടം. ദേശാഭിമാനി കാസര്‍കോട് ബ്യൂറോ ലേഖകന്‍ മുഹമ്മദ് ഹാഷിമിന്റെ സഹോദരനാണ് അഫ്‌സല്‍.

അഫ്‌സലിനൊപ്പം സുഹൃത്തുക്കളായ വിനോദ്, നസിറുദ്ദീന്‍ തുടങ്ങിയവരും കാറിലുണ്ടായിരുന്നു. വിനോദിനെ ഗുരുതര പരുക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം അഫ്‌സലിന്റെ വിയോഗത്തെത്തുടര്‍ന്നു കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവത്തിലെ ഇന്നത്തെ മുഴുവന്‍ മത്സരങ്ങളും തിങ്കളാഴ്ചയിലേക്കു മാറ്റിവച്ചതായി സംഘാടകര്‍ അറിയിച്ചു.