മതേതര വിശ്വാസികള്‍ ഒന്നിക്കണം: ഖലീല്‍ തങ്ങള്‍

Posted on: February 18, 2017 1:45 pm | Last updated: February 18, 2017 at 1:29 pm

തിരൂരങ്ങാടി: മുസ്‌ലിംകളെ കൊന്നത് കൊണ്ട് ഇസ്‌ലാം തകരുകയില്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി. ‘കൊടിഞ്ഞി ഫൈസല്‍ വധം; ഫാസിസം വെറുപ്പാണ് വിതക്കുന്നത്, ഒരുമയുടെ പ്രതിരോധം തീര്‍ക്കാം’ പ്രമേയത്തില്‍ കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ കൊടിഞ്ഞിയില്‍ നടന്ന ജാഗരണ സദസില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍.

ഒരു ഫൈസലല്ല, നൂറ് ഫൈസല്‍മാരെ കൊന്നാലും ഇസ്‌ലാം തകരില്ല. മറിച്ച് ഫൈസലിന്റെ വധം ഇന്ത്യയുടെ മതേതരത്വത്തിനാണ് മുറിവേല്‍പിച്ചത്. മതേതരത്തത്തിന് മറ്റെല്ലാ രാജ്യങ്ങള്‍ക്കും മാതൃകയാണ് ഇന്ത്യ.
പ്രത്യേകിച്ച് കേരളം. എല്ലാ മതസ്ഥരും അവരവരുടെ വിശ്വാസ പ്രകാരം ഇവിടെ ജീവിക്കുന്നു എന്നതാണ് ഭാരതത്തിന്റെ പ്രത്യേകത. ലോക ചരിത്രത്തില്‍ ഇസ്‌ലാമിലെ ജനസംഖ്യ അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. 1990നേക്കാള്‍ 2010 ആയപ്പോള്‍ 50 കോടി മുസ്‌ലിംകളാണ് ലോകത്ത് വര്‍ധിച്ചിട്ടുള്ളത്. ഇത്രയും ആളുകള്‍ പുതുതായി ജനിച്ചവരല്ല. മറിച്ച് ഇസ്‌ലാമിന്റെ സുന്ദര ആദര്‍ശം മനസിലാക്കി കടന്നുവന്നവരാണ്.
ഇന്ത്യയില്‍ ഏതൊരു വിശ്വാസിക്കും അവന്‍ വിശ്വസിക്കുന്ന മതമനുസരിച്ച് ജീവിക്കാന്‍ അവകാശമുണ്ട്. അത് പാടില്ലെന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധമാണ്. അതാണ് ഫൈസല്‍ വധത്തിലൂടെ നാം കണ്ടത്. ഇവിടെ മതേതര വിശ്വാസികള്‍ ഒന്നിക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. മൗലികാവകാശം സംരക്ഷിക്കപ്പെടണം.

എന്നാല്‍ ഫൈസല്‍ വധിക്കപ്പെട്ടതിന് പ്രതികാരം വീട്ടുക എന്നത് അക്രമമാണ്. ഒരാളെ വധിച്ചത് കൊണ്ട് കൊല്ലപ്പെട്ടയാള്‍ തിരിച്ചുവരികയില്ല. ഫൈസല്‍ വധത്തെ ഭരണകൂടം ചെറുതായി കാണരുത്. ചെറുതായി കണ്ടാല്‍ ജനങ്ങള്‍ക്ക് രാജ്യത്തോടുള്ള വിശ്വാസം നഷ്ടപ്പെടും. അക്രമികള്‍ ഏത് മതത്തിന്റെ പേരിലുള്ളവരായാലും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ നടപ്പിലാക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടു.
എന്‍ വി അബ്ദുര്‍റസാഖ് സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശാഹുല്‍ ഹമീദ് ജിഫ്‌രി തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ പടിക്കല്‍, എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. വി ടി അബ്ദുല്‍ഹമീദ് ഹാജി, സൂപ്പിക്കുട്ടി സഖാഫി, സുലൈമാന്‍ സഖാഫി, എന്‍ കോമുക്കുട്ടി ഹാജി, ടിടി മുഹമ്മദ്കുട്ടി ഹാജി, സുഹൈല്‍ സഖാഫി പ്രസംഗിച്ചു.