Connect with us

Kozhikode

കെ എം സി ടി മാനേജ്‌മെന്റിന്റെ വിദ്യാര്‍ഥി ദ്രോഹത്തിനെതിരെ രക്ഷിതാക്കളുടെ പ്രമേയം

Published

|

Last Updated

മുക്കം: കെ എം സി ടി മെഡിക്കല്‍ കോളജ് മാനേജ്‌മെന്റിന്റെ വിദ്യാര്‍ഥിദ്രോഹ നടപടിയില്‍ രക്ഷിതാക്കള്‍ യോഗം ചേര്‍ന്ന് പ്രമേയം അവതരിപ്പിച്ചു. ഇന്നലെ വിളിച്ചുചേര്‍ത്ത പി ടി എ യോഗം പ്രഹസനമായതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ യോഗം ചേര്‍ന്ന് കോളജ് മാനേജ്‌മെന്റിനെതിരെ പ്രമേയം പാസാക്കിയത്. സര്‍ക്കാറിന്റെ കണ്ണില്‍ പൊടിയിടാനായി വെള്ളിയാഴ്ച തിരക്കിട്ട് വിളിച്ചുചേര്‍ത്ത ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പി ടി എ യോഗം ക്വാറം തികയാത്തതിനാല്‍ നടത്താനായില്ല. വെള്ളിയാഴ്ചത്തെ മീറ്റിംഗിന് വ്യാഴാഴ്ചയാണ് രക്ഷിതാക്കളെ വിളിക്കാന്‍ ക്ലാസ് ലീഡറെ സ്വകാര്യമായി വിളിച്ച് ചുമതലപ്പെടുത്തിയത്.

പിറ്റേ ദിവസം രാവിലെ 10ന് രക്ഷിതാക്കളുടെ യോഗം വിളിക്കാനുള്ള ഉത്തരവാദിത്വം മുഴുവന്‍ ക്ലാസ് ലീഡര്‍ക്ക് നല്‍കുകയായിരുന്നു. 150 കുട്ടികളുടെ രക്ഷിതാക്കളില്‍ പലരും പ്രവാസികളും ദൂരെ പലയിടങ്ങളിലും ജോലിചെയ്യുന്നവരുമാണ്. ഇവരെയാണ് വെള്ളിയാഴ്ച രാവിലെ യോഗമുണ്ടെന്ന് വ്യാഴാഴ്ച ഫോണില്‍ വിളിക്കുന്നത്. 30ഓളം രക്ഷിതാക്കളാണ് യോഗത്തിനെത്തിയത്. ക്വാറം തികയാത്തതിനാല്‍ ഈ മാസം 28ലേക്ക് യോഗം മാറ്റുകയായിരുന്നു.
കോളജില്‍ നീറ്റ് മെറിറ്റില്‍ പ്രവേശനം നേടിയ കുട്ടികളില്‍ 90% പേരും തോറ്റ സാഹചര്യത്തില്‍ ശനിയാഴ്ച ഉച്ചക്ക് ഒന്നിന് മുമ്പ് പ്രിന്‍സിപ്പലിനെയോ വകുപ്പ് തലവന്‍മാരെയോ കാണണം എന്നാവശ്യപ്പെട്ട് തപാല്‍മാര്‍ഗം രക്ഷിതാക്കള്‍ക്കയച്ച കത്തിലും വെള്ളിയാഴ്ചത്തെ പി ടി എ യോഗത്തെ കുറിച്ച് അറിയിപ്പില്ല. മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തമില്ലാത്ത ഇത്തരം നടപടിയില്‍ പ്രതിഷേധിച്ചാണ് രക്ഷിതാക്കള്‍ പ്രമേയം പാസാക്കിയത്.

Latest