ബേപ്പൂര്‍ മണ്ഡലത്തില്‍ വരള്‍ച്ച നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും

Posted on: February 18, 2017 1:15 pm | Last updated: February 18, 2017 at 12:57 pm

ഫറോക്ക്: ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ വരള്‍ച്ച നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് മണ്ഡലത്തി ല്‍ വിപുലമായ പദ്ധതിയായി. കഴിഞ്ഞ ദിവസം വി കെ സി മമ്മദ്‌കോയ എം എല്‍ എ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടത്. വരള്‍ച്ച നേരിടുന്നതിന് സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തഹസില്‍ദാര്‍ വിശദീകരിച്ചു. വാര്‍ഡുകളില്‍ കിയോസ്‌കറുകള്‍ സ്ഥാപിച്ച് ജി പി എസ് സംവിധാനത്തോടെയുള്ള ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ നിന്നും ബള്‍ക്ക് മീറ്റര്‍ സ്ഥാപിച്ച് നിലവിലുള്ള കുടിവെള്ള പദ്ധതികള്‍ മുഖേനെ കുടിവെള്ളം നല്‍കാനുള്ള സംവിധാനം ഉണ്ടാകണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. ഇതോടനുബന്ധിച്ച് ഓരോ വാര്‍ഡുകളിലും ഒന്നിലധികം കിയോസ്‌കറുകള്‍ സ്ഥാപിക്കണമെന്ന് ജനപ്രതിനിധികള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

മണ്ഡലത്തിലെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി ലൈന്‍ ചാര്‍ജ് ചെയ്ത് കുടിവെള്ളം നല്‍കാനുള്ള പ്രവര്‍ത്തനം ത്വരിതപ്പെടുത്തുമെന്നും വെള്ളമെത്തിയ ബേപ്പൂര്‍, കടലുണ്ടി, മോഡേണ്‍ ടാങ്കുകളില്‍ നിന്നും ടാങ്കറുകള്‍ വഴി ജലവിതരണം നടത്താനുള്ള നടപടി സ്വീകരിക്കുമെന്നും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

യോഗത്തില്‍ തഹസില്‍ദാര്‍ കെ ബാലന്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ പ്രേംലാല്‍, വാട്ടര്‍ അതോറിറ്റി അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ജിതേഷ്, എത്ത. സാജന്‍, വില്ലേജ് ഓഫീസര്‍മാര്‍, ഫറോക്ക് മുനിസിപ്പല്‍ ചെയര്‍പെഴ്‌സണ്‍ ടി സുന റാബി, രാമനാട്ടുകര മുന്‍സിപ്പല്‍ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ ഭക്കവത്സലന്‍, വിവിധ പഞ്ചായത്ത്, കോര്‍പറേഷന്‍, നഗരസഭ ജനപ്രതിനിധികള്‍ സംസാരിച്ചു.