Connect with us

Wayanad

രണ്ടാവശ്യങ്ങള്‍ ഒഴികെ അംഗീകരിക്കുമെന്ന് ; അനിശ്ചിതകാല നാട്ടുകൂട്ടം അവസാനിപ്പിച്ചു

Published

|

Last Updated

സമരവിജയത്തിന് ശേഷം സി കെ ശശീന്ദ്രന്‍ എം എല്‍ എ പ്രസംഗിക്കുന്നു

കല്‍പ്പറ്റ: ആദിവാസി ഭൂമിക്കും അതിജീവനത്തിനും സ്വയംപര്യാപ്തതക്കുമായി എ കെ എസ് കലക്ടറേറ്റിന് മുന്നില്‍ സംഘടിപ്പിച്ച നാട്ടുകൂട്ടത്തിന് വിജയ പരിസമാപ്തി. വെള്ളിയാഴ്ച രാവിലെ പത്തോടെ എകെഎസ് നേതാക്കളുമായി കലക്ടര്‍ ഡോ. ബി എസ് തിരുമേനി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിച്ചത്. എകെഎസ് ഉന്നയിച്ച രണ്ട് ആവശ്യങ്ങള്‍ ഒഴികെയുള്ള മുഴുവന്‍ ആവശ്യങ്ങളും സര്‍ക്കാര്‍അംഗീകരിക്കുമെന്ന് കലക്ടറേറ്റില്‍നടന്ന ചര്‍ച്ചയ്ക്കിടെ പട്ടികവര്‍ഗ മന്ത്രി എ കെ ബാലന്‍ നേതാക്കളെ അറിയിച്ചു. മന്ത്രിയുടെ നിര്‍ദേശം കലക്ടര്‍ അറിയിക്കുകയും ചെയ്തു. വനാവകാശ നിയമപ്രകാരം ഭൂമി നല്‍കുന്നതിന് 2005 ഡിസംബര്‍ 13 എന്ന് നിജപ്പെടുത്തിയ തിയതിയില്‍ മാറ്റം വരുത്തുക, വനാവകാശ നിയമപ്രകാരം ഭൂമിക്ക് പട്ടയം നല്‍കുക എന്നീ രണ്ട് ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കേണ്ട വിഷയം ആയതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി ഉറപ്പു നല്‍കി. എകെഎസ് നേതാക്കളുമായി വിശദമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

ഇതേ തുടര്‍ന്നാണ് അനിശ്ചിതകാല നാട്ടുക്കൂട്ടം അവസാനിപ്പിച്ചത്. കലക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറി എം വേലായുധന്‍, എ കെ എസ് നേതാക്കളായ വി കേശവന്‍, പി വാസുദേവന്‍, സീതാ ബാലന്‍, ആര്‍
രതീഷ്, കെ ബാലന്‍, കെ കെ അപ്പച്ചന്‍, എ സി ശശീന്ദ്രന്‍, വി എന്‍ ഇന്ദിര, ശാരദ സജീവന്‍ എന്നിവര്‍ പങ്കെടുത്തു. സമരവിജയത്തിന് ശേഷം സി കെ ശശീന്ദ്രന്‍ എംഎല്‍എ സമരവളണ്ടിയര്‍മാരെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി നല്‍കുക, നല്‍കിയ ഭൂമിക്ക് പട്ടയം നല്‍കുക, ആദിവാസി സ്വയംപര്യാപ്തതക്ക് അതിജീവനം പദ്ധതി പ്രഖ്യാപിക്കുക, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റില്‍ ആദിവാസികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, ആദിവാസി സാക്ഷരതാ മിഷന്‍ ആരംഭിക്കുക, എല്ലാ പഞ്ചായത്തുകളിലും റസിഡന്‍ഷ്യല്‍ വിദ്യാലയങ്ങള്‍ ആരംഭിക്കുക, എല്ലാ താലൂക്കുകളിലും പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലുകള്‍ ആരംഭിക്കുക, മുഴുവന്‍ ആദിവാസികള്‍ക്കും വീട് നല്‍കുക തുടങ്ങിയ സമര ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ അംഗീകരിച്ചു. നാട്ടുക്കൂട്ടം വ്യാഴാഴ്ച വൈകിട്ട് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. വനാവകാശ നിയമപ്രകാരം ഭൂമി അനുവദിക്കുമ്പോള്‍ കൈവശ രേഖ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. കൈവശ രേഖ ലഭിക്കുന്നത് കൊണ്ട് മാത്രം ഭൂമിയുടെ ഉടമസ്ഥാവകാശം ലഭ്യമാകുന്നില്ല. വായ്പ എടുക്കുന്നതിനുംമറ്റും ഈ രേഖ കൊണ്ട് സാധ്യമല്ല. മറ്റുവിഭാഗങ്ങള്‍ക്ക് ഭൂമി പതിച്ച് നല്‍കുമ്പോള്‍ പട്ടയമാണ് അനുവദിക്കുന്നത്. എന്നാല്‍ കൈവശരേഖ മാത്രം നല്‍കി ആദിവാസികളെ രണ്ടാംതരം പൗരന്മാരായി തരംതാഴ്ത്തുകയാണ്. അതിനാല്‍ വനാവകാശ നിയമപ്രകാരം ഭൂമി നല്‍കുമ്പോള്‍ പട്ടയം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് എ കെ എസ് ആവശ്യപ്പെട്ടിരുന്നു.

ഈ ആവശ്യമാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുക. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ വയനാട്ടില്‍ അയ്യായിരത്തോളം പേര്‍ക്ക് വനാവകാശ നിയമപ്രകാരം ഭൂമി അനുവദിച്ചിരുന്നു. കഴിഞ്ഞ ആറിന് എകെഎസ് നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ ചേര്‍ന്ന ആദിവാസി സ്‌പെഷ്യല്‍ ഗ്രാമസഭ തീരുമാനപ്രകാരമാണ് അനിശ്ചിതകാല നാട്ടുക്കൂട്ടം സംഘടിപ്പിച്ചത്. വ്യാഴാഴ്ച വൈകിട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്.

 

Latest