Connect with us

Palakkad

കുടിവെള്ള വിതരണം ഊര്‍ജിതമാക്കാന്‍ നടപടി

Published

|

Last Updated

പട്ടാമ്പി: രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബന്ധപ്പെട്ടവരുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മാര്‍ച്ച് പകുതിയോടെ ബന്ധപ്പെട്ട മുഴുവന്‍ വകുപ്പുകളേയും ഏകോപിപ്പിച്ച് തൃത്താല ,പട്ടാമ്പി മണ്ഡലങ്ങളിലെ മുഴുവന്‍ പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കാന്‍ ഊര്‍ജ്ജിത ശ്രമം.

മുഹമ്മദ് മുഹ്‌സിന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് കുടിവെള്ളത്തിനായി ഐക്യകണ്ഠമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമായത്. എന്നാല്‍ മുന്‍കാലങ്ങളിലെ അനുഭവം വെച്ച് നോക്കുമ്പോള്‍ പഞ്ചായത്തുകളുടെ ഓണ്‍ ഫണ്ടില്‍ നിന്നും പണമെടുത്ത് ഇത്തവണ കുടിവെള്ളം എത്തിക്കുന്നത് വിഷമകരമാവുമെന്നാണ് പല പഞ്ചായത്ത് പ്രസിഡന്റമാരും പറയുന്നത്.
ചെലവാക്കിയ ഫണ്ട് തിരിച്ച് ലഭിക്കാത്തതാണ് പഞ്ചായത്തുകളെ വലക്കുന്നത്.വേനല്‍ രൂക്ഷമായതോടെ തിരുവേഗപ്പുറയിലേയും, പട്ടാമ്പിയിലേയും തടയണകള്‍ വറ്റി. ചെങ്ങണം കുന്നില്‍ കിണര്‍ കുത്തിയിട്ടും വെള്ളം ലഭിച്ചില്ല. ഇത്തവണ 90 ലക്ഷത്തോളം രൂപ കുടിവെള്ളത്തിനായി മാറ്റി വെച്ചിട്ടുണ്ടെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം എല്‍ എ പറഞ്ഞു. തൃത്താല പഞ്ചായത്തില്‍ പൈപ്പ് പൊട്ടിയാല്‍ നന്നാക്കുന്നില്ല. സുശീലപ്പടി ഭാഗത്ത് മാസങ്ങളോളമായി പൈപ്പ് പൊട്ടി പോവുന്നു. കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് കുടിശ്ശിക ലഭിക്കുന്നില്ലെന്നതും ഇതിന് തടസമാണ്.
നാഗലശ്ശേരിയില്‍ കുടിവെള്ള വിതരണം നടത്തുന്ന പാവര്‍ട്ടി പദ്ധതിയുടെഭാഗം ഷൊര്‍ണൂര്‍ വാട്ടര്‍ അതോറിറ്റി ഏറ്റെടുക്കണം. ആനക്കര ,കപ്പൂര്‍, പട്ടിത്തറ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതി പെട്ടെന്നു തന്നെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. മംഗലാംകുന്ന് പദ്ധതി വര്‍ഷങ്ങളായിട്ടും പണി പൂര്‍ത്തീകരിച്ചിട്ടില്ല. വിളയൂരിലെ കുന്നിന്‍ മുകളിലുള്ള പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
ഇവിടെ പുഴയിലെ കിണറും വറ്റി.ഹാന്റ് പമ്പുകള്‍ നേരെയാക്കണം. വിളയൂരില്‍ 11ഹാന്റ് പമ്പുകള്‍ക്ക് എഴുതിക്കൊടുത്തെങ്കിലും ഒരെണ്ണമാണ് പാസായത്. പട്ടാമ്പിയില്‍ ആറായിരത്തോളം കുടിവെള്ള കണക്ഷനാണുള്ളത്. പുഴയില്‍ വെള്ളമില്ല. വെള്ളം പമ്പ് ചെയ്യുന്ന കിണറിലേക്ക് പുഴയില്‍ നിന്നും പൈപ്പിട്ടിരിക്കുകയാണ്.

നാല് മണിക്കൂര്‍ നേരമെ ഇപ്പോള്‍ വെള്ളം അടിക്കാനാവുന്നുള്ളൂ. ഇത് ചിലപ്പോള്‍ അടുത്തു തന്നെ നില്‍ക്കാന്‍ സാധ്യതയുണ്ട്. പട്ടാമ്പിയില്‍ തടയണ നിര്‍മ്മിക്കണം.കുടിവെള്ളം വണ്ടിയില്‍ എത്തിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം.
പട്ടാമ്പി പമ്പ് ഹൗസില്‍ നിന്നും വരുന്ന പൈപ്പുകള്‍ പൊട്ടുന്നത് മാറ്റിയിടാന്‍ സൗകര്യമൊരുക്കണം. പരുതൂര്‍ ഓടുപാറ കുന്നില്‍ കുടിവെള്ളമില്ല. കാരമ്പത്തൂര്‍ പദ്ധതിയുടെ ഒരു മോട്ടോര്‍ കേടായിരിക്കുന്നു. ചമ്രവട്ടം എ ഇ യുടെ പരിധിയിലാണ് ഇപ്പോള്‍ വെള്ളിയാങ്കല്ല് ഷട്ടര്‍. അതു കൊണ്ടു തന്നെ പുഴയില്‍ വെള്ളം കെട്ടി നിര്‍ത്താന്‍ ബസപ്പെട്ടവര്‍ക്ക് പലപ്പോഴും ആവുന്നില്ല.
പാവറട്ടി കുടിവെള്ള പദ്ധതിക്ക് വെള്ളം കൊണ്ടു പോവുന്നതും, മുതു തലയില്‍ സ്വകാര്യ വ്യതിയുടെ കൃഷിയിടം നനയ്ക്കുന്നതുമൊക്കെ മുതു തലയിലെ പമ്പ് ഹൗസിന് ഭീഷണയിയാണ് എന്നുമൊക്കെ വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ പറഞ്ഞു. ഇതിന് മറുപടിയായി മാര്‍ച്ച് പകുതിയോടെ എല്ലാ രംഗവും കാര്യക്ഷമമാക്കി കുടിവെള്ളം വിതരണം ചെയ്യാന്‍ ശ്രമിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയത്. എന്നാല്‍ കുടിവെള്ളവുമായി ബന്ധപ്പെട്ട യോഗം നടക്കുമ്പോള്‍ തന്നെ യോഗത്തിന് ക്ഷണിച്ചില്ലെന്ന ആരോപണമാണ് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമ്മുക്കുട്ടി എടത്തോള്‍ ആരോപിച്ചു.

പഞ്ചായത്തുകള്‍ക്ക് ബ്ലോക്ക് ഫണ്ട് അനുവദിക്കാറുണ്ടെന്നും തന്നെ ക്ഷണിക്കാഞ്ഞത് വിവേചനപരമാണെന്നും അദ്ദേഹം പറഞ്ഞു. പട്ടാമ്പി നഗരസഭ ചെയര്‍മാന്‍ കെ പി വാപ്പുട്ടി, പഞ്ചായത്ത് പ്രസിഡന്റ് മാരായ കെ മുരളി, നന്ദവിലാസിനി, സുമിത, സുനില്‍ കുമാര്‍, ശാന്തകുമാരി, സി എം നീലകണ്ഠന്‍, പി കേശവന്‍, സുജാത എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.