Connect with us

National

എസ് പിയുടെ യഥാര്‍ഥ നേതാവ് ഞാന്‍ തന്നെ; ക്ഷീണിപ്പിക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിച്ച് കൊടുക്കില്ല: അഖിലേഷ്

Published

|

Last Updated

ലക്‌നോ: സമാജ്‌വാദി പാര്‍ട്ടിയിലെ ഉള്‍പ്പോര് അവസാനിച്ചിട്ടില്ലെന്ന വ്യക്തമായ സൂചന നല്‍കി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പരാമര്‍ശം.

താന്‍ യഥാര്‍ഥ എസ് പിയുടെ നേതാവാണെന്നും പാര്‍ട്ടിയെ ക്ഷീണിപ്പിക്കാന്‍ ആര് ശ്രമിച്ചാലും അത് അംഗീകരിച്ച് കൊടുക്കില്ലെന്നും അഖിലേഷ് പറഞ്ഞു. എസ് പി ശക്തി കേന്ദ്രമായി വിശേഷിപ്പിക്കപ്പെടുന്ന ഇറ്റാവയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ വിശ്വസിച്ച ചിലര്‍ തന്നെയും നേതാജിയെയും (മുലായം സിംഗ്) ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. അവര്‍ സൈക്കിള്‍ ചിഹ്നം തന്നില്‍ നിന്ന് കവര്‍ന്നെടുക്കാന്‍ ശ്രമിച്ചു. പക്ഷേ വിജയിച്ചില്ല- ശിവ്പാല്‍ സിംഗ് യാദവിനെ പേരെടുത്ത് പറയാതെ അഖിലേഷ് തുറന്നടിച്ചു.
തൊട്ടടുത്ത ജസ്വന്ത്‌നഗര്‍ മണ്ഡലത്തിലാണ് അഖിലേഷിന്റെ അമ്മാവനും പാര്‍ട്ടിയിലെ കുടുംബപോരില്‍ മുലായത്തിനൊപ്പം അടിയുറച്ച നിന്ന നേതാവുമായ ശിവ്പാല്‍ മത്സരിക്കുന്നത്. ഇവിടെ പ്രചാരണത്തിന് മുലായം എത്തിയിരുന്നു.
എന്നാല്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തെ പരാമര്‍ശിക്കാന്‍ മുലായം സന്നദ്ധമായിരുന്നില്ല. മാത്രമല്ല, തന്റെ മകന് പിടിവാശിയാണെന്ന് പറയാനും അദ്ദേഹം ആ അവസരം ഉപയോഗിച്ചിരുന്നു.
പാര്‍ട്ടി പിളര്‍ത്തി പുതിയ പാര്‍ട്ടിയുണ്ടാക്കാനാണ് ചിലര്‍ ശ്രമിച്ചത്. ഇതിന്റെ കേന്ദ്രമെന്ന നിലയില്‍ ഇറ്റാവയിലെ ജനങ്ങള്‍ സത്യം മനസ്സിലാക്കണം. തന്നോടൊപ്പം അടിയുറച്ച് നില്‍ക്കണമെന്നും പാര്‍ട്ടിയുടെ ശത്രുക്കളെ ഒറ്റപ്പെടുത്തണമെന്നും അഖിലേഷ് പറഞ്ഞു. ചിലര്‍ ഗൂഢാലോചന നടത്തി.

ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു. എനിക്ക് നേതാജിയുടെ അനുഗ്രഹമുണ്ട്.
അദ്ദേഹം എന്ത് പറഞ്ഞാലും ഞാന്‍ അനുസരിക്കും- അഖിലേഷ് പറഞ്ഞു.

 

Latest