Connect with us

Kerala

സമസ്ത ഉലമാ സമ്മേളനം : ആഘോഷപ്പൊലിമയില്‍ പന്തലിന് കാല്‍നാട്ടി

Published

|

Last Updated

സമസ്ത ഉലമാ സമ്മേളന പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മം സ്വാഗതസംഘം ചെയര്‍മാന്‍
സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി നിര്‍വഹിക്കുന്നു

തൃശൂര്‍: മുസ്‌ലിം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ സുവര്‍ണരേഖയായി മാറുന്ന സമസ്ത ഉലമാ സമ്മേളനത്തിന് താജുല്‍ ഉലമാ നഗറില്‍ ഒരുക്കം തുടങ്ങി. മാര്‍ച്ച് 3,4,5 തിയ്യതികളില്‍ നടക്കുന്ന സമ്മേളനത്തിലെ പ്രതിനിധികള്‍ക്കായി സജ്ജീകരിക്കുന്ന പടുകൂറ്റന്‍ പന്തലിന്റെ കാല്‍ നാട്ടല്‍ കര്‍മ്മം ആഘോഷപൂര്‍ണമായ അന്തരീക്ഷത്തില്‍ . സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി നിര്‍വഹിച്ചു.

വൈകീട്ട് മൂന്നിന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ പെരുമാള്‍ മസ്ജിദില്‍ നിന്നും സമസ്ത ജില്ലാ ട്രഷറര്‍ മാടവന ഇബ്‌റാഹീം കുട്ടി മുസ്‌ലിയാര്‍ ഫഌഗ് ഓഫ് ചെയ്ത പന്തല്‍ കാല്‍ പ്രയാണം നഗരിയിലെത്തിച്ചേര്‍ന്നതോടെയാണ് കാല്‍നാട്ടല്‍ ചടങ്ങിന് തുടക്കമായത്. ആതിഥേയ ജില്ലയിലെ എസ് എസ് എഫ് പ്രവര്‍ത്തകര്‍ 500 ഇരുചക്രവാഹനങ്ങളില്‍ പന്തല്‍ കാല്‍ പ്രയാണത്തെ അനുഗമിച്ചു. കേരള മുസ് ലിം ജമാഅത്ത്, എസ് വൈ എസ് തുടങ്ങിയ പ്രാസ്ഥാനിക പ്രവത്തകര്‍ മറ്റു നിരവധി വാഹനങ്ങളിലായും ജാഥയില്‍ അണിചേര്‍ന്നു.

വിവിധ യുനിറ്റുകളില്‍ ജാഥക്ക് ആവേശകരമായ വരവേല്‍പ്പ് നല്‍കി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന പതിനയ്യായിരം പണ്ഡിതന്മാര്‍ക്ക് മുന്നു ദിവസത്തെ പ്രതിനിധി സമ്മേളനത്തിന് ഒത്തുകൂടാനുള്ള പ്രധാന ഓഡിറ്റോറിയം, നിസ്‌കാരത്തിനും വിശ്രമത്തിനുമുള്ള അനുബന്ധ ഹാള്‍, പാചകപ്പുര, ഓഫീസ് സമുച്ചയം, ഹെല്‍ത്ത് സെന്റര്‍, കമേഴ്‌സ്യല്‍ കോംപ്ലക്‌സ്, പോലീസ്- ഫയര്‍ഫോഴ്‌സ് എയ്ഡ്‌പോസ്റ്റ്, മീഡിയാ സെന്റര്‍, വി ഐ പി ലോഞ്ച് തുടങ്ങിയവയാണ് നഗരിയില്‍ ഒരുങ്ങുന്നത്. അലൂമിനിയം സ്ട്രക്ചറിലുള്ള ജര്‍മന്‍ ടെന്റാണ് കോഴിക്കോട്- തൃശൂര്‍ ദേശിയ പാതയോട് ചേര്‍ന്ന പുഴക്കല്‍ പാടത്തെ വിശാലമായ താജുല്‍ ഉലമ നഗറില്‍ സജ്ജീകരിക്കുന്നത്. ജില്ലയിലെ എല്ലാ ഭാഗത്തുനിന്നുമെത്തിയ ആയിരക്കണക്കിന് പ്രവര്‍ത്തകരുടേയും നേതാക്കളുടേയും നഗരി പ്രവേശം കൂടിയായിരുന്നു പന്തല്‍ കാല്‍നാട്ടല്‍ ചടങ്ങ്. വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, പൊന്മള മുഹ്‌യുദ്ദീന്‍ കുട്ടി ബാഖവി, താഴപ്ര മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍, എന്‍ അലി അബ്ദുല്ല, സി പി സെയ്തലവി ചെങ്ങര, പ്രൊഫ. കെ എം എ റഹീം, മുഹമ്മദ് പറവൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പിഴക്കാപ്പള്ളി, സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി, പി എസ് കെ മൊയ്തു ബാഖവി, പി കെ ബാവദാരിമി, വി എച്ച് അലിദാരിമി എറണാകുളം, അഡ്വ. പി യു അലി, എം എം ഇബ്‌റാഹീം ഹാജി, ഇസ്ഹാഖ് ഫൈസി, അശ്‌റഫ് ഒളരി, മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ പാലപ്പിള്ളി, ബഷീര്‍ മുസ്‌ലിയാര്‍ കുര്‍ക്കഞ്ചേരി, സെയ്ഫുദ്ദീന്‍ വെള്ളറക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Latest