Connect with us

National

തടാകത്തില്‍ തീ; ബെംഗളൂരു പുകയില്‍ മുങ്ങി

Published

|

Last Updated

തീപ്പിടിത്തത്തെ തുടര്‍ന്ന് ബെലന്തൂരിനടുത്തുള്ള ഇബ്ലൂര്‍ തടാകത്തില്‍ നിന്ന് പുക ഉയരുന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ ബെലന്തൂരിനടുത്ത ഇബ്ലൂര്‍ തടാകത്തിലുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് നഗരം പുകയില്‍ മുങ്ങി. തടാകക്കരയിലെ ഉണക്കപ്പുല്ലില്‍ നിന്ന് തുടങ്ങിയ തീ പിന്നീട് രാസമാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയ തടാകത്തിലേക്ക് വ്യാപിച്ചതോടെയാണ് അസാധാരണ നിറത്തിലുള്ള പുക വമിക്കാന്‍ തുടങ്ങിയത്. വ്യാഴാഴ്ച രാത്രിയോടെ ആരംഭിച്ച തീപ്പിടിത്തവും പുകയും ശമിപ്പിക്കാന്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അഞ്ച് യൂനിറ്റ് ഫയര്‍ഫോഴ്‌സ് കിണഞ്ഞുശ്രമിച്ചെങ്കിലും പുക ഉയരുന്നത് തടയാനായില്ല.
സമീപത്തെ അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് വര്‍ഷങ്ങളായി ഒഴുക്കുന്ന സോപ്പ് ലായനിയും ശുദ്ധീകരിക്കാത്ത മലിനജലവും കെട്ടിടാവശിഷ്ടങ്ങളുമാണ് വിഷപ്പുകക്ക് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. വെളുത്ത നിറത്തിലുള്ള കട്ടിപ്പുക കാരണം ശ്വാസതടസ്സം അനുഭവപ്പെടുന്നതിനെ തുടര്‍ന്ന് സമീപവാസികള്‍ വീടൊഴിഞ്ഞു പോകുകയാണ്.

കുട്ടികളടക്കം നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പലതരത്തിലുള്ള മാലിന്യങ്ങള്‍ ഒഴുകിയെത്തി പ്രത്യേകതരം വാതകമായി രൂപാന്തരപ്പെട്ടതിനാല്‍ തടാകത്തില്‍ ഓക്‌സിജന്റെ അളവ് കുറവാണ്. നഗരത്തില്‍ ഇതിന് മുമ്പ് വര്‍ത്തൂര്‍, ബെല്ലന്തൂര്‍, കസവനഹള്ളി തടാകങ്ങളില്‍ വിഷപ്പത ഉയരുകയും ശേഷം തീപ്പിടിക്കുകയും ചെയ്തിരുന്നു. കൂടാതെ, രാസജലത്തില്‍ ജീവിക്കാനാകാതെ ബെംഗളൂരുവിലെ തടാകങ്ങളില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് പതിവാണ്.
വിഷപ്പുക ഉയര്‍ന്ന പശ്ചാതലത്തില്‍ സമീപത്തെ അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് ഒഴുക്കിവിടുന്ന മലിനജലം സംബന്ധിച്ച് അധികൃതര്‍ പരിശോധന നടത്തി. ഇവിടങ്ങളിലെ ജല ശുദ്ധീകരണ പ്ലാന്റുകള്‍ മിക്കതും കേടാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതേത്തുടര്‍ന്ന് പതിനാറോളം അപ്പാര്‍ട്ട്‌മെന്റ് ഉടമകള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

 

Latest