ട്വന്റി20: ദക്ഷിണാഫ്രിക്കക്ക് അനായാസ ജയം

Posted on: February 18, 2017 12:16 am | Last updated: February 17, 2017 at 11:18 pm
SHARE

ഓക്‌ലന്‍ഡ്: ഇമ്രാന്‍ താഹിറിന് മുന്നില്‍ കിവീസിന്റെ ചിറകൊടിഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ ഏക ട്വന്റി20 പരമ്പരയില്‍ ന്യൂസിലന്‍ഡ് 78 റണ്‍സിന് തോറ്റമ്പി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റിന് 185 റണ്‍സ് നേടി. കിവീസിന്റെ മറുപടി 14.5 ഓവറില്‍ 107 റണ്‍സില്‍ ഒതുങ്ങി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇമ്രാന്‍ താഹിറായിരുന്നു ദക്ഷിണാഫ്രിക്കയുടെ താരം. ട്വന്റി20യില്‍ വേഗത്തില്‍ 50 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ താരമാകാനും താഹിറിന് കഴിഞ്ഞു. 31 മത്സരങ്ങളില്‍ നിന്നാണ് താഹിറിന്റെ നേട്ടം.26 മത്സരങ്ങളില്‍ നിന്ന് 50 വിക്കറ്റ് നേടിയ അജന്ത മെന്‍ഡിസാണ് പട്ടികയില്‍ ഒന്നാമത്.

24 റണ്‍സ് മാത്രം വഴങ്ങിയായിരുന്ന താഹിറിന്റെ വിക്കറ്റ് കൊയ്ത്ത്. മുപ്പത്തിമൂന്ന് റണ്‍സ് നേടിയ ടോം ബ്രൂസാണ് കിവീസ് ഇന്നിംഗ്‌സിലെ ടോപ്പ് സ്‌കോറര്‍. ടിം സൗത്തി (20), കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (15), കെയ്ന്‍ വില്യംസണ്‍ (13) എന്നിവര്‍ക്ക് മാത്രമേ കുറച്ചെങ്കിലും ചെറുത്ത് നില്‍പ്പ് സാധ്യമായുള്ളൂ.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഹാഷിം ആംലയുടെ അര്‍ധ സെഞ്ചുറിയുടെ സഹായത്തോടെയാണ് മികച്ച ടോട്ടല്‍ സ്വന്തമാക്കിയത്.
ആംല 62 റണ്‍സ് നേടി. 43 പന്തില്‍ ഒന്‍പത് ഫോറുകളും ഒരു സിക്‌സും അടങ്ങിയതായിരുന്നു ആംലയുടെ ഇന്നിംഗ്‌സ്. ഫാഫ് ഡുപ്ലസിസ് (36), പോള്‍ ഡുമിനി (29), ഡിവില്ലിയേഴ്‌സ് (26) എന്നിവരും തിളങ്ങി. കിവീസിന് വേണ്ടി ട്രന്റ് ബോള്‍ട്ടും ഗ്രാന്‍ഡ്‌ഹോമും രണ്ടു വീതം വിക്കറ്റുകള്‍ നേടി.